തദ്ദേശ തിരഞ്ഞെടുപ്പിന്റെപ്രചാരണം അവസാനലാപ്പിലേക്ക് കടക്കുകയാണ്. എൻഡിഎയുടെ പ്രതീക്ഷകൾ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ പങ്കുവെയ്ക്കുന്നു..
ഈ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രതീക്ഷകൾ ?
എൻഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകും. കാരണം സ്ഥാനാർഥികൾക്ക് വീടുകളിൽ കിട്ടുന്ന സ്വീകരണം അങ്ങനെയാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ കിട്ടാൻ പ്രയാസപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് എല്ലാ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തുന്ന തരത്തിലേക്ക് വളർന്നു. പാർട്ടിയുടെ സ്വീകാര്യത വർധിച്ചു. 11 വർഷത്തെ മോദി ഭരണംകൊണ്ട് ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന ബോധ്യം ജനങ്ങൾക്ക് ലഭിച്ചു. മുമ്പൊക്കെ ഒരു മെമ്പറെന്നാൽ മരണവീട്ടിലും കല്യാണവീട്ടിലും ചെല്ലുക എന്നതായിരുന്നു സങ്കല്പം. ഇന്നത് മാറി. ഇന്ന് കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് വോട്ടർമാർ തിരക്കുകയാണ്. മുമ്പ് എൽഡിഎഫ്-യുഡിഎഫ് മത്സമായിരുന്നെങ്കിൽ ഇന്ന് എൻഡിഎ- എൽഡിഎഫ് അല്ലെങ്കിൽ എൻഡിഎ-യുഡിഎഫ് എന്ന തരത്തിലേക്ക് പല പഞ്ചായത്തുകളും മാറി. നിരവധി പഞ്ചായത്തുകളിൽ എൻഡിഎ ഭരണം പിടിക്കും.
എന്തൊക്കെ വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്?
അഴിമതി രഹിത വികസനമാണ് മുദ്രാവാക്യം. അധികാരത്തിലെത്തിയാൽ കോട്ടയമുൾപ്പെടെയുള്ള മുനിസിപ്പാലിറ്റികളിൽ അമൃത്‌നഗരം പദ്‌ധതിയിൽ വികസനമെത്തിക്കും. എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങളിൽനിന്ന് അഭിപ്രായം തേടും. അതനുസരിച്ച് വികസനമെത്തിക്കും. 30 വർഷത്തിലധികമായി തകർന്നുകിടക്കുന്ന ചില റോഡുകൾ ഇന്ന് ജില്ലയിലെ ചില പഞ്ചായത്തുകളിലുണ്ട്. ഉദാഹരണത്തിന് കല്ലറ പഞ്ചായത്തിലെ കല്ലുപുറ-വടക്കേത്തറ-മുണ്ടാർ റോഡ്. യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച പഞ്ചായത്തിലാണ് ഈ റോഡ്. എൻഡിഎ ഭരണത്തിലെത്തിയാൽ ഇതിനെല്ലാം മാറ്റം വരുത്തും. ജൽജീവൻ മിഷൻ, ആയുഷ്‌മാൻ ഭാരത്, ആവാസ് യോജന തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഗുണഫലം ഇവിടെ കിട്ടുന്നില്ല. ഇത് ചർച്ചയാക്കും.
വടക്കേ ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരേയുള്ള അക്രമം ഇവിടെ തിരിച്ചടിയാകുമോ?
ബിജെപിയുടെ സ്ഥാനാർഥിപട്ടിക ഒന്നു നോക്കണം. മുമ്പൊരിക്കലുമില്ലാത്തവിധം ന്യൂനപക്ഷസമൂഹത്തിൽനിന്ന് നിരവധി പേർ ബിജെപി സ്ഥാനാർഥികളായി വന്നിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പ്രശ്നങ്ങളിൽ ബിജെപിക്ക് പങ്കില്ല. ഇവിടത്തെ മാധ്യമ അജൻഡ മാത്രമാണത്. വോട്ടിനു വേണ്ടിയുള്ള തന്ത്രമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടല്ലേ ന്യൂനപക്ഷസമുദായാംഗങ്ങൾ സ്ഥാനാർഥികളായി വരുന്നത്. ഇന്ത്യയിൽ കേരളത്തേക്കാൾ ക്രൈസ്‌തവരുള്ള പല സംസ്‌ഥാനങ്ങളും എൻഡിഎയാണ് ഭരിക്കുന്നതെന്നോർക്കണം.
ഇപ്പോൾ വീണ്ടും ഇഡി നോട്ടീസ് വരുന്നു. യുഡിഎഫ് ഉന്നയിക്കുന്ന സിപിഎം-ബിജെപി ഡീൽ എന്ന ആക്ഷേപത്തെക്കുറിച്ച്?
ഇത് വെറും ആരോപണം മാത്രമാണ്. കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ട്. അതിൽ ആർക്കും ഇടപെടാൻ കഴിയില്ല. ശബരിമല പ്രശ്നത്തിൽ സർക്കാരിനെതിരേ ആദ്യം സമരവുമായി മുന്നോട്ടു വന്നത് ബിജെപിയാണ്. ഇപ്പോൾ ശബരിമല പ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി ഒപ്പു ശേഖരണം നടത്തുകയാണ്. എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത്? നിയമസഭയിൽ മുനമ്പം വിഷയത്തിൽ ഒന്നിച്ച് പ്രമേയം പാസാക്കിയത് ആരാണ്. ഒത്തുകളി രാഷ്‌ട്രീയത്തിന്റെ വക്താക്കൾ എൽഡിഎഫും യുഡിഎഫുമാണ്.
Content Highlights: BJP West District President G. Lijin Lal shares NDA`s strong prospects in the local elections, highlighting voter reception and development promises.
Published: 04 Dec 2025, 03:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented