ന്യൂഡൽഹി: ബ്രിക്‌സ്  (BRICS) ഉച്ചകോടിക്കു പിന്നാലെ നയതന്ത്ര തലത്തിലെ നീക്കങ്ങൾ രാഷ്ടീയ പ്രചാരണത്തിന് ആയുധമാക്കാൻ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ രാജ്യവ്യാപകമായ പൊതുജന സമ്പർക്ക പരിപാടി ബി.ജെ.പി. നടത്തുന്നുണ്ട്. ബ്രിക്‌സ് കേന്ദ്രസർക്കാരിന്റെ നയതന്ത്രനേട്ടമായി ചിത്രീകരിച്ചും ലോകനേതാവ് എന്ന രീതിയിൽ മോദിയെ ഉയർത്തിക്കാട്ടിയുമുള്ള പ്രചാരണമാവും നടക്കുക.

To advertise here,

നരേന്ദ്രമോദി അമേരിക്കൻ സമ്മർദത്തിന് പൂർണമായി കീഴ്‌പ്പെട്ടെന്ന വിമർശനം കോൺഗ്രസ് നാളുകളായി ഉയർത്തുന്നുണ്ട്. ഉയർന്ന താരിഫിനും സമ്മർദതന്ത്രങ്ങൾക്കുമെതിരേ സംയുക്ത പ്രമേയത്തിലെ പരാമർശങ്ങൾ അമേരിക്കയ്ക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. പക്ഷേ, അമേരിക്കയുടെ പേര് പരാമർശിച്ചിട്ടില്ല. പശ്ചിമേഷ്യ വിഷയത്തിലും അമേരിക്കയുടെ പേര് പറഞ്ഞിട്ടില്ല.

എങ്കിലും അമേരിക്കയ്ക്കെതിരായ ഒരു ചേരിക്ക് ഇന്ത്യ മുൻകൈയെടുക്കുന്നെന്ന അകാശവാദത്തിന് ബലമേകാൻ ഭരണനേതൃത്വം ഇത് ആയുധമാക്കും. ഉച്ചകോടിയിലെ ഇറാൻ പ്രസിഡന്റിന്റെ സാന്നിധ്യവും തന്ത്രപൂർവമായ പ്രചാരണത്തിന് ബി.ജെ.പി. പ്രയോജനപ്പെടുത്തും. പഹൽഗാം ഭീകരാക്രമണത്തെ പ്രമേയത്തിൽ അപലപിച്ചതാണ് ഉയർത്താൻപോകുന്ന മറ്റൊരു വിഷയം.

ഷി ജിൻപിങ് ഇന്ത്യയിലെത്തിയത് ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് അവകാശപ്പെടുമ്പോഴും യാഥാർഥ്യം അത്ര മധുരതരമല്ലെന്ന വിലയിരുത്തലുണ്ട്. കിഴക്കൻ ലഡാക്കിന് പിന്നാലെ അരുണാചൽ പ്രദേശ് അതിർത്തിയിലും ചൈന സൈനികസാന്നിധ്യം ശക്തമാക്കുകയാണ്. അരുണാചലിലെ സ്ഥലങ്ങളുടെ പുനർനാമകരണമുൾപ്പെടെ ഇന്ത്യൻ താത്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത നടപടികൾ ചൈന തുടരുന്നെന്ന സംശയം കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.