
പാലാ നഗരസഭയില്‍ വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥികളായ ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവര്‍ ആഹ്ലാദപ്രകടനത്തില് | ഫോട്ടോ: ജി. ശിവപ്രസാദ്
പാലാ: എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പാലാ നഗരസഭയില്‍ ആര് ഭരണം പിടിക്കുമെന്നതില്‍ അനിശ്ചിതത്വം. സ്വതന്ത്ര കൂട്ടായ്മയായി മത്സരിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാടുകളാണ് ഇനി ഭരണം സംബന്ധിച്ച് നിര്‍ണായകമാവുക. ഇതുസംബന്ധിച്ച് എടുത്തുചാടി നിലപാടെടുക്കില്ലെന്നാണ് ബിനുവും സഹോദരന്‍ ബിജുവും പറയുന്നത്.
ബിനുവിന്റെ മകള്‍ ദിയയും ഇവരോടൊപ്പം ജയിച്ചിരുന്നു. ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുതന്നെയാണ് യുഡിഎഫിന്റെയും പ്രതീക്ഷ. മൂന്നുപേരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഭരണം പിടിക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. യുഡിഎഫ് നേതാക്കള്‍ ബിനുവുമായി ഇക്കാര്യം സംസാരിച്ചിരുന്നു.
കഴിഞ്ഞതവണ സിപിഎം പ്രതിനിധിയായി വിജയിച്ചപ്പോള്‍മുതല്‍ ബിനു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയെ പരസ്യമായി വിമര്‍ശിക്കുന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അവസാനം സിപിഎമ്മില്‍നിന്ന് പുറത്താകുന്നതിനും ഇടയാക്കിയിരുന്നു.
ബിനുവിന് ലഭിക്കേണ്ട ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടപെടല്‍ മൂലം ലഭിച്ചില്ലെന്നാണ് ബിനുവിന്റെ വിമര്‍ശനങ്ങളുടെ അടിസ്ഥാനം. അക്കാരണത്താല്‍ കേരള കോണ്‍ഗ്രസ് എമ്മിന് നേരിട്ട് ബിനുവുമായി ചര്‍ച്ചനടത്താന്‍ വൈമനസ്യമുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളാണ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബിനുവിനെയും കുടുംബത്തെയും ഒപ്പം നിര്‍ത്താനുള്ള സിപിഎം നീക്കം വിജയിച്ചാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇരുമുന്നണികളും ചില വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചതായി സൂചനയുണ്ട്. എന്നാല്‍, മാണി സി. കാപ്പന്‍ എംഎല്‍എയുമായുള്ള ബിനുവിന്റെ ഉറച്ച സൗഹൃദം ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നും സൂചനയുണ്ട്. സ്വതന്ത്രയായി വിജയിച്ച കോണ്‍ഗ്രസ് റിബല്‍ മായാ രാഹുലും മുന്നണികളെ പിന്തുണയ്ക്കുന്നതുസംബന്ധിച്ച് വരുംദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞു.
സംസ്ഥാനനേതാക്കള്‍ വിളിച്ചു -ബിനു പുളിക്കക്കണ്ടം
? എതെങ്കിലും മുന്നണിയുടെ നേതാക്കള്‍ സമീപിച്ചോ
• രണ്ടു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ വിളിച്ചിരുന്നു. എല്ലാവരും വിശദമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോടും ഒരു മറുപടിയും നല്‍കിയിട്ടില്ല. ആരുടെ മുന്നിലും ഉപാധികള്‍ വെച്ചിട്ടില്ല. അക്കാര്യങ്ങള്‍ക്കൊന്നും സമയമായിട്ടില്ല.
? മുന്നണികളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച്
• മൂന്നുപേരും വിജയിച്ച വാര്‍ഡുകളിലെ വോട്ടര്‍മാരെ നേരില്‍ കാണും. അവരെ വിളിച്ചുകൂട്ടും. അവരോട് ആലോചിച്ചശേഷം തീരുമാനം എടുക്കും. ഭൂരിഭാഗം വോട്ടര്‍മാരുടെയും തീരുമാനം കണക്കിലെടുത്ത് മുന്നണികളോടൊപ്പം നിലകൊള്ളും. അത് എങ്ങനെയാവണമെന്ന് ചര്‍ച്ചകള്‍ നടന്നതിനുശേഷമേ പറയാനാവൂ. സത്യപ്രതിജ്ഞ കഴിഞ്ഞിട്ടേ തുടര്‍നടപടികളുണ്ടാവുകയുള്ളൂ.
Content Highlights: Uncertainty looms over Pala Municipality`s governance as LDF loses majority. The Pulikkakkandam family`s independent bloc holds the key to power. Decisions are pending after voter consultations.
Published: 15 Dec 2025, 08:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented