
കോട്ടയം: പാലാ നഗരസഭയിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, കേരളത്തിലെയും ഒരുപക്ഷേ, രാജ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന ഖ്യാതി ദിയ പുളിക്കക്കണ്ടം എന്ന 21-കാരിക്ക് സ്വന്തമാകും. രണ്ടുപതിറ്റാണ്ടായി പാലാ നഗരസഭാംഗമായ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് ദിയ പുളിക്കക്കണ്ടം.
കേരള കോൺഗ്രസ് എമ്മിന്റെ ഈറ്റില്ലമായ പാലാ നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായെങ്കിലും യുഡിഎഫിന് ഭരണം ഉറപ്പിക്കുന്നതിന് പുളിക്കക്കണ്ടം കുടുംബത്തിൽനിന്ന് വിജയിച്ച മൂന്നുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. ഏറെദിവസത്തെ ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ചയാണ് ബിനു പുളിക്കക്കണ്ടം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യടേമിൽ ദിയ പുളിക്കക്കണ്ടത്തെ നഗരസഭാധ്യക്ഷയാക്കുകയെന്ന ധാരണയോടെയായിരുന്നു പിന്തുണ. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുലാകും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കുക. പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ കേരള കോൺഗ്രസ് എം പ്രതിപക്ഷത്തിരിക്കും.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡിൽനിന്നാണ് മകൾ ദിയ ജയിച്ചുകയറിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
കന്നിമത്സരത്തിൽത്തന്നെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ദിയ, ഒടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയാൽ അതും ചരിത്രമാവും. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ അധ്യക്ഷയും ദിയ തന്നെ. കൊണ്ടോട്ടി നഗരസഭയിലെ അധ്യക്ഷയായിരുന്ന നിദ ഷഹീറായിരുന്നു ഇതുവരെ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ. കൊണ്ടോട്ടി നഗരസഭ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ 26 വയസ്സായിരുന്നു മുസ്‌ലിംലീഗ് കൗൺസിലറായിരുന്ന നിദ ഷഹീറിന്റെ പ്രായം. ഈ റെക്കോഡാണ് ദിയ പുളിക്കക്കണ്ടം തിരുത്തിക്കുറിക്കുന്നത്. 2020-ൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറായ ആര്യ രാജേന്ദ്രനും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയുമാണ് 21-ാം വയസ്സിൽ ഇതിനുമുൻപ് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയവർ.
ബിനു പുളിക്കക്കണ്ടവും പാലായും...
ബിനു പുളിക്കക്കണ്ടം കോൺഗ്രസ് നേതാവായാണ് ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015-ൽ ബിജെപി ടിക്കറ്റിൽ വിജയിച്ച് പാലായിൽ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സഹോദരൻ ബിജുവായിരുന്നു പ്രധാന എതിരാളി.
2020-ൽ സിപിഎം പ്രതിനിധിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചു. സിപിഎമ്മിന്റെ ചിഹ്നത്തിൽ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. 2020-ൽ കേരള കോൺഗ്രസ് എമ്മിന്റെ പിൻബലത്തിൽ എൽഡിഎഫ് ആദ്യമായി പാലാ നഗരസഭയിൽ അധികാരത്തിലെത്തുകയുംചെയ്തു.
ജോസ് കെ. മാണിയെ പരസ്യമായി വിമർശിച്ചിരുന്ന ബിനുവിന് കേരള കോൺഗ്രസിന്റെ സമ്മർദംമൂലം ചെയർമാൻ സ്ഥാനം നൽകാൻ സിപിഎം തയ്യാറായില്ല. ഇതോടെ കേരള കോൺഗ്രസിനെതിരേയും ജോസ് കെ. മാണിക്കെതിരേയും ബിനു പുളിക്കക്കണ്ടം ശക്തമായി രംഗത്തെത്തി. കേരള കോൺഗ്രസ് എം അംഗമായ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ചെന്ന കേസിലും ബിനു പ്രതിയായി. വിവാദങ്ങൾ തുടർക്കഥയായതോടെ സിപിഎം ബിനുവിനെ പുറത്താക്കി. ഇതോടെയാണ് 2025-ൽ സ്വതന്ത്രനായി ബിനു മത്സരരംഗത്തിറങ്ങിയത്. ഒപ്പം സഹോദരനെയും മകളെയും സ്വതന്ത്രരായി മറ്റുവാർഡുകളിൽ മത്സരിപ്പിക്കുകയുംചെയ്തു.
13-ാം വാർഡിൽ മത്സരിച്ച ബിജു പുളിക്കക്കണ്ടം ദീർഘനാൾ കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സിനിമാരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ വിജയത്തിനായി തൃശ്ശൂരിൽ ബിജു ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫ്...
ബിനു പുളിക്കക്കണ്ടവും ദിയയും ബിജുവും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അതിനാൽതന്നെ ജയിച്ചുകഴിഞ്ഞാൽ ഇവരുടെ പിന്തുണ യുഡിഎഫിനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. യുഡിഎഫിന് പാലാ നഗരസഭയിൽ ഇക്കുറി 10 സീറ്റുകളാണുള്ളത്. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ യുഡിഎഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
രണ്ടിലയ്ക്ക് തിരിച്ചടി...
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ രാഷ്ട്രീയശത്രുവായ മുൻ സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടം നേടിയ വൻവിജയം പാലായിൽ ജോസിന്റെ പാർട്ടിക്കേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തിയിരുന്നത്. ഇതിനുപിന്നാലെ ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ അധ്യക്ഷ പദവിയിൽ കൂടിയെത്തുന്നത് കേരള കോൺഗ്രസിന് ഇരട്ടി ആഘാതമാകും. അരനൂറ്റാണ്ട് കാലം കെ.എം. മാണിയിലൂടെ അടയാളപ്പെട്ട പാലാ നഗരം ഇത്തവണ കൈവിട്ടത് കേരള കോൺഗ്രസ് എമ്മിന് കടുത്ത രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 2020-ൽ കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയതോടെയാണ് എൽഡിഎഫ് ചരിത്രത്തിലാദ്യമായി പാലാ നഗരസഭയിൽ ഭരണത്തിലേറിയത്.
Content Highlights: Diya Pulikkakandam, 21, could become India`s youngest municipal chairperson if elected Mayor of Pala Municipality, making history.
Published: 25 Dec 2025, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented