കോട്ടയം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് രാത്രി ഒന്‍പതിനാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ജില്ലാപഞ്ചായത്ത് കുമരകം ഡിവിഷനില്‍ പി.കെ. വൈശാഖ് സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ യുഡിഎഫിന് അമിത പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍, സ്വപ്നംപോലും കാണാത്ത വിജയമാണ് യുഡിഎഫ് നേടിയത്. വൈകിയെത്തിയെങ്കിലും ഒന്നാമതെത്തി വൈശാഖ് എന്ന 31-കാരന്‍ ഇടതുകോട്ടയില്‍ 'ജയന്റ് കില്ലര്‍' ആയി.

To advertise here,

കളത്തിലിറങ്ങാന്‍ താമസിച്ചെങ്കിലും പ്രചാരണത്തില്‍ വൈശാഖ് വളരെവേഗം മുന്നിലെത്തി. കുറിച്ചി ഡിവിഷനില്‍ കഴിഞ്ഞതവണ ചെയ്ത കാര്യങ്ങള്‍ വിവരിച്ച് നോട്ടീസ് എല്ലാ വീടുകളിലുമെത്തിച്ചു. അതായിരുന്നു പ്രചാരണത്തിലെ പ്ലസ്. 10.5 കോടിയുടെ വികസന പ്രവൃത്തികളാണ് കുറിച്ചിയില്‍ നടപ്പാക്കിയത്. ഫോണ്‍കോള്‍ വഴിയും പ്രചാരണം സജീവമാക്കി.

ഡല്‍ഹി ആസ്ഥാനമായുള്ള ഗാന്ധിജി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മികച്ച ജില്ലാ പഞ്ചായത്തംഗത്തിനുള്ള 2023-24 ലെ പുരസ്‌കാരം വൈശാഖിനായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രചാരണ ഏകോപനത്തിലെ മികവും തുണയായി. പ്രചാരണം കഴിഞ്ഞപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നുവെന്ന് വൈശാഖ് പറയുന്നു. മുമ്പ് യുഡിഎഫിലെ ബീനാ ബിനു കുമരകത്തുനിന്ന് വിജയിച്ചിരുന്നു. അന്ന് സിപിഎമ്മും സിപിഐയും പരസ്പരം മത്സരിച്ച കാലമായിരുന്നു. ഇത്തവണ 1591 വോട്ടിനാണ് വൈശാഖിന്റെ വിജയം.

'ഉമ്മന്‍ചാണ്ടി ജനിച്ചത് കുമരകത്തെ മണ്ണിലാണ്. വിജയം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരുപോലെ കാണും. രാഷ്ട്രീയംവെച്ച് ഒരാളെയും മാറ്റി നിര്‍ത്തില്ല,'-ഇതാണ് വൈശാഖിന്റെ ഉറപ്പ്.

ഞായറാഴ്ച വൈശാഖിന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. തൃശ്ശൂരില്‍നിന്ന് എറണാകുളത്തുനിന്നുമൊക്കെ ഡിസിസി അംഗങ്ങള്‍ വിളിക്കുന്നു. എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹം. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വൈശാഖ് രണ്ടാമൂഴത്തിന് ഒരുങ്ങുകയാണ്.