പാലാ (കോട്ടയം): സർക്കാരിനെതിരേ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയരായ സ്വകാര്യബസ് ഉടമ റോബിൻ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബസ് വ്യവസായത്തെ സർക്കാർ തകർക്കുന്നുവെന്നാരോപിച്ച് പ്രതിഷേധമുയർത്തിയാണ് ഇരുവരും മത്സരരംഗത്തുള്ളത്.

To advertise here,

റോബിൻ ഗിരീഷ് എന്ന പാറയിൽ ബേബി ഗിരീഷ് മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് സ്വതന്ത്രനായി മത്സരിക്കുക. പെർമിറ്റിന്റെ പേരിൽ സർക്കാരിനോടും മോട്ടോർ വാഹന വകുപ്പിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമയാണ് ബേബി ഗിരീഷ്. ബേബി ഗിരീഷിന്റെ അഞ്ചു ദീർഘദൂര റൂട്ടുകൾ സർക്കാർ നിർത്തലാക്കിയപ്പോൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടി പത്തനംതിട്ട -കോയമ്പത്തൂർ റൂട്ടിൽ ഗിരീഷ് സർവീസ് തുടങ്ങി. ഈ ബസ് സ്റ്റാൻഡുകളിൽ കയറി ആളെ കയറ്റി പോകുന്നതിനെതിരേ മോട്ടോർ വാഹന വകുപ്പധികൃതർ നടത്തിയ നീക്കങ്ങൾ വിവാദമായി. 2023 ഓഗസ്റ്റ് 30-നായിരുന്നു സർവീസ് തുടങ്ങിയത്. ഇതിനെതിരേ നിയമ പോരാട്ടം നടത്തിയ റോബിൻ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഡിസംബർ മുതൽ സർവീസ് വീണ്ടും സുഗമമായി നടക്കുന്നുണ്ട്. തന്റെ അഞ്ചു ദീർഘദൂര റൂട്ടുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. അനുകൂലവിധിയും നേടി. പക്ഷേ വിധി സർക്കാർ നടപ്പാക്കിയില്ലെന്ന് ഗിരീഷ് പറഞ്ഞു.

കെഎസ്ആർടിസി ബസ് വിനോദയാത്രകൾക്കായി സർവീസ് നടത്തുന്നതിനെതിരേ നിയമ പോരാട്ടം നടത്തുകയാണ് ലിറ്റിൽ കിങ്ഡം ടൂറിസ്റ്റ് ബസുകളുടെ ഉടമ പൂഞ്ഞാർ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ ബോണി തോമസ്. പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ബോണി മത്സരിക്കുന്നത്. ബേബി ഗിരീഷിനെതിരേ ജെറ്റോ ജോസ് എൽഡിഎഫ് സ്ഥാനാർഥിയായും പയസ് ഈറ്റയ്ക്കക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു. ബോണി തോമസിനെതിരേ ജോൺസൺ ജോസഫ് ചെറുവള്ളി യുഡിഎഫ് സ്ഥാനാർഥിയായും ജോഷി മൂഴിയാങ്കൽ എൽഡിഎഫ് സ്ഥാനാർഥിയായും എ.എസ്. ബിജു എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നു.