കേരളത്തിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരു നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. തലസ്ഥാനനഗരിയിൽ ബിജെപി നേടിയ ചരിത്രപരമായ വിജയം ഉൾപ്പടെയുള്ള മികച്ച പ്രകടനം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 45 വർഷമായി എൽഡിഎഫ് തുടർച്ചയായി ഭരിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ എൻഡിഎ പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ആറു മാസങ്ങൾക്ക് മുമ്പ് നടന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നിരീക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.

To advertise here,

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം കേരളത്തിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിൽ ബെംഗളൂരു മെട്രോ കോർപ്പറേഷന് ശേഷം ബിജെപിക്ക് അധികാരം ലഭിക്കുന്ന നഗരമായി തിരുവനന്തപുരം മാറി.

തലസ്ഥാനത്തെ ചരിത്രവിജയം

 

ആകെ 101 വാർഡുകളിൽ, വിഴിഞ്ഞം ഡിവിഷനിലെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ചെങ്കിലും, 100 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ എൻഡിഎ 50 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 2020-ൽ 35 സീറ്റുകളുണ്ടായിരുന്ന എൻഡിഎയുടെ വിജയം, 2015 മുതൽ രണ്ട് ടേമുകളിലായി പ്രതിപക്ഷത്തിരുന്നതിന് ശേഷമുള്ള ശ്രദ്ധേയമായ മുന്നേറ്റമാണ്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് തിരുവനന്തപുരത്ത് തകർന്നടിഞ്ഞത്. കഴിഞ്ഞ തവണ 52 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 29 സീറ്റുകളിലേക്ക് കൂപ്പുകുത്തി. അവർക്ക് 23 സീറ്റുകളാണ് നഷ്ടമായത്. അതേസമയം, യുഡിഎഫ് തങ്ങളുടെ നില മെച്ചപ്പെടുത്തി. യുഡിഎഫ് 19 വാർഡുകൾ നേടിയപ്പോൾ, കഴിഞ്ഞ തവണത്തേക്കാൾ ഒൻപത് സീറ്റുകളുടെ വർധനവാണ് അവർക്കുണ്ടായത്. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.

 

ഈ തിരഞ്ഞെടുപ്പ് ഫലം എൻഡിഎയെ നഗര കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ഉറപ്പിക്കുന്നു. കോർപ്പറേഷനുകളിലെ പ്രകടനം ബിജെപിക്ക് വളർച്ചയുടെ നിർണായക സൂചന നൽകുന്നു. മറ്റ് പ്രധാന കോർപ്പറേഷനുകളിലും എൻഡിഎ നിർണായക ശക്തിയായി മാറിയിട്ടുണ്ട്: കോഴിക്കോട് (13 വാർഡുകൾ), കൊല്ലം (11 വാർഡുകൾ), തൃശ്ശൂർ (8 വാർഡുകൾ), കൊച്ചി (6 വാർഡുകൾ) എന്നിവിടങ്ങളിൽ എൻഡിഎ നേട്ടം കൈവരിച്ചു. രണ്ട് മുനിസിപ്പാലിറ്റികളിൽ (പാലക്കാട്, തൃപ്പൂണിത്തുറ) ഭരണം ഉറപ്പിക്കാനും എൻഡിഎക്ക് സാധിച്ചു.

നഗര-ഗ്രാമീണ താരതമ്യം

തദ്ദേശതിരഞ്ഞെടുപ്പ് ഫലങ്ങൾ എൻ.ഡി.എയുടെ വിജയത്തിന്റെ കേന്ദ്രീകരണം വ്യക്തമാക്കുന്നതാണ്. ആകെ നേടിയ വാർഡുകളുടെ കണക്കിൽ സഖ്യം പിന്നിലാണെങ്കിലും, കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള സീറ്റ് വിഹിതത്തിലെ വർധനവ്, അവരുടെ മുന്നേറ്റം പ്രധാനമായും നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിൻ്റെ സൂചനയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച് മൊത്തം തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ്. 11,002 വാർഡുകളിൽ വിജയിച്ചപ്പോൾ എൽ.ഡി.എഫ്. 8,865ലും എൻ.ഡി.എ 1,919 വാർഡിലും വിജയം നേടി. മുൻ തിരഞ്ഞെടുപ്പുകളിൽ അപ്രസക്തമായിരുന്ന ബിജെപി ഈ തിരഞ്ഞെടുപ്പിലൂടെ തങ്ങളും ഒരു നിർണായക ശക്തിയാണെന്ന് അടിവരയിടുന്നതായിരുന്ന കണക്കുകളാണിത്

മുനിസിപ്പാലിറ്റികളിലെ ശക്തമായ സാന്നിധ്യം

നഗരകേന്ദ്രങ്ങളിൽ ഒരു പ്രധാന ശക്തിയായി എൻ.ഡി.എ നിലയുറപ്പിച്ചു. സഖ്യം രണ്ട് മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വരികയും എൽ.ഡി.എഫിൽ നിന്ന് തൃപ്പൂണിത്തുറ പിടിച്ചെടുക്കുകയും ചെയ്തു. മുനിസിപ്പൽ വാർഡുകളിൽ ആകെ 324 വാർഡുകളാണ് എൻ.ഡി.എ. നേടിയത്. ഇത് മൊത്തം മുനിസിപ്പൽ വാർഡുകളുടെ ഏകദേശം 10% വരും.

നഗരങ്ങളിലെ മുന്നേറ്റം ഉണ്ടായിട്ടും, കേരളത്തിലെ ഗ്രാമീണതലത്തിൽ മറ്റ് രണ്ട് മുന്നണികളുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എയുടെ സ്വാധീനം കുറവാണെന്ന് കാണുമെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ ഇരട്ടിയിലധികം വാർഡുകൾ സ്വന്തമാക്കാൻ ബിജെപ്പിക്ക് സാധിച്ചിട്ടുണ്ട്.

 

ഗ്രാമപഞ്ചായത്തുകൾ ആകെയുള്ള 17,337 വാർഡുകളിൽ എൻ.ഡി.എക്ക് 1,447 വാർഡുകളാണ് നേടിയത്. 941 ഗ്രാമപഞ്ചായത്തുകളിൽ 26 പഞ്ചായത്തുകളിൽ ബിജെപി ഭരണമുറപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ്. ഏകദേശം 8,021 വാർഡുകളും എൽ.ഡി.എഫ്. ഏകദേശം 6,568 വാർഡുകളും നേടി.

ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് വരുമ്പോൾ 2,267 വാർഡുകളിൽ 54 എണ്ണമാണ് എൻഡിഎ നേടിയത്. ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം നേടാനായില്ല. ജില്ലാ പഞ്ചായത്തുകൾ ആകെ 346 വാർഡുകളിൽ ഒരു വാർഡ് മാത്രമാണ് എൻ.ഡി.എ.ക്ക് ലഭിച്ചത്.

ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് 8,021 വാർഡുകളും എൽഡിഎഫ് 6,568 വാർഡുകളും നേടി മുന്നിട്ട് നിന്നു. ഗ്രാമീണതലത്തിൽ എൻഡിഎയുടെ സ്വാധീനം മറ്റ് രണ്ട് മുന്നണികളേക്കാൾ കുറവാണെങ്കിലും, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വാർഡുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു.

വികസനത്തിന്റെ രാഷ്ട്രീയം

തിരുവനന്തപുരത്ത് 'മാറാത്തത് മാറും' എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കിയുള്ള ബിജെപി പ്രചാരണവും കടുത്ത  ഭരണവിരുദ്ധ വികാരവുമാണ് ഈ ചരിത്രവിജയത്തിന് കളമൊരുക്കിയതെന്ന് പറയാം. തിരുവനന്തപുരത്ത് ബിജെപി തങ്ങളുടെ പരമ്പരാഗത ശൈലി പൂർണമായും മാറ്റി. അവർ വിവാദങ്ങൾക്ക് പിന്നാലെ പോയില്ല. പകരം, അധികാരത്തിലിരുന്നാൽ ലഭിക്കാവുന്ന വികസനം മാത്രമാണ് അവർ ആയുധമാക്കിയത്. ഇന്റേണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിവാദത്തെത്തുടർന്ന് കൗൺസിലർ തിരുമല അനിൽ ആത്മഹത്യ ചെയ്തതും ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തതുമുൾപ്പെടെയുള്ള വെല്ലുവിളികളെ കൃത്യമായ പ്രചാരണത്തിലൂടെ ബിജെപി മറികടന്നുവെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.‌

തലസ്ഥാനം പിടിച്ചാൽ അത് കേരളം പിടിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി പ്രവർത്തകരോട് മുൻപ് പറഞ്ഞിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഒരു പ്രധാന വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും വോട്ടർമാർക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം പാർട്ടി ഔദ്യോഗികമായി തന്നെ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി ഫൈനൽ'

ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി-ഫൈനലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുന്നേറ്റം ബിജെപിക്കും അവരുടെ പ്രവർത്തകർക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലുള്ള വട്ടിയൂർക്കാവ്, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിജയം നേടാനാണ് ബിജെപി ഇനി ലക്ഷ്യമിടുക. കോർപ്പറേഷൻ ഭരണത്തിലൂടെ അത് സാധ്യമാക്കാൻ സാധിക്കുമെന്നും അവർ കരുതുന്നു. സംസ്ഥാനത്തുടനീളം മുന്നേറ്റം നേടിയ യുഡിഎഫിനും ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ഈ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതാൻ കഴിവുള്ള ഒരു രാഷ്ട്രീയ സൂചനയായി മാറുകയാണ്. തലസ്ഥാനം പിടിച്ചെടുത്ത എൻഡിഎയുടെ നഗരകേന്ദ്രീകൃത വളർച്ച, കേരള രാഷ്ട്രീയത്തിൽ മൂന്നാം ശക്തിയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് അടിവരയിടുന്നു.