കാക്കനാട്: തൃക്കാക്കര നഗരസഭയിൽ വിമതർ പിടിച്ചേക്കാവുന്ന വോട്ടുകളെണ്ണി മുന്നണികൾ. പ്രചാരണത്തിൽ മുന്നേറുന്ന സ്വതന്ത്രന്മാർ പലയിടത്തും മുന്നണികളുടെ താളംതെറ്റിക്കുമെന്നതിനാലാണ് ഈ കണക്കുകൂട്ടൽ. തൃക്കാക്കര നഗരസഭയിൽ കോൺഗ്രസിന് ആറ് വിമതരും സിപിഎമ്മിനും സിപിഐക്കും ഓരോ വിമതനുമാണ് മത്സരരംഗത്തുള്ളത്.

To advertise here,

ഡിസിസി സെക്രട്ടറി സേവ്യർ തായങ്കേരി മത്സരിക്കുന്ന 43-ാം ഡിവിഷനായ തോപ്പിൽ സൗത്തിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ സോളി ജോൺസനും മണ്ഡലം സെക്രട്ടറി ജെയിംസുമാണ് ഇവിടെ റിബൽ. 17-ാം ഡിവിഷനായ വാഴക്കാല വെസ്റ്റിൽ മുൻ ചെയർപേഴ്‌സണും മണ്ഡലം പ്രസിഡന്റുമായ അജിതാ തങ്കപ്പനെതിരേ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. സുനീറും 42-ാം ഡിവിഷനായ കുന്നേപ്പറമ്പ് വെസ്റ്റിൽ മുൻ ചെയർമാനായ ഷാജി വാഴക്കാലയ്ക്കെതിരേ തൃക്കാക്കര കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ തൃക്കാക്കരയും 13-ാം ഡിവിഷനായ തുതിയൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് തോമസ് തുതിയൂരിനെതിരേ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു ആന്റണിയും 32-ാം ഡിവിഷനായ ഹെൽത്ത് സെന്ററിൽ പി.എസ്. സുജിത്തിനെതിരേ മണ്ഡലം വൈസ് പ്രസിഡന്റ് സാബു പടിയഞ്ചേരിയുമാണ് റിബലായി രംഗത്തുള്ളത്.

സിപിഎമ്മിന് 29-ാം ഡിവിഷനായ കളത്തിക്കുഴിയിൽ സ്ഥാനാർഥി കെ.ജി. ജയചന്ദ്രനെതിരേ ബ്രാഞ്ച് അംഗം ഒ.എ. ഷാജിയും 42-ാം ഡിവിഷനായ കുന്നേപ്പറമ്പ് വെസ്റ്റിൽ സിപിഐ സ്ഥാനാർഥി അബ്ദുൾ നാസറിനെതിരേ സിപിഐ മുൻ കൗൺസിലറായ പി.വി. സന്തോഷുമാണ് സ്വതന്ത്രരായി മത്സരിക്കുന്നത്.

ആയിരം മുതൽ 1500 പേർ വരെ വോട്ട് ചെയ്യുന്ന ബൂത്തിൽ, 100 വോട്ടിൽ കൂടുതൽ പിടിക്കുന്ന സ്വതന്ത്രർ ഫലം മാറ്റിമറിച്ചേക്കാമെന്നാണ് നേതാക്കൾ കരുതുന്നത്. ത്രികോണമത്സരത്തിൽ നിസ്സാര വോട്ടുകൾ പിടിച്ചാലും മത്സരം നിർണായകമാകും. ഇത്തരം പല വാർഡുകളിലും ഒന്നിൽ കൂടുതൽ വിമതരുമുണ്ട്. എതിരാളിയുടെ വോട്ടുപിടിക്കുമെന്നുറപ്പുള്ള സ്വതന്ത്രനെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ ഉഷാർ.