കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന മഹാ പഞ്ചായത്ത് തിങ്കളാഴ്ച മറൈൻഡ്രൈവിൽ നടക്കും. ഉച്ചയ്ക്ക് 2-ന് നടക്കുന്ന 'വിജയോത്സവം-2026 മഹാപഞ്ചായത്ത്' ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഡൽഹിയിൽനിന്ന് തിരിച്ചു.

To advertise here,

തിരഞ്ഞെടുപ്പിൽ വിജയം നേടിയ 7,818 പ്രതിനിധികൾക്കൊപ്പം തോറ്റവരെയും ക്ഷണിച്ചിട്ടുണ്ട്. ആകെ 15,000-ത്തിലധികം പേർ പങ്കെടുക്കും.

പാർട്ടിയുടെ ഭാവിപ്രവർത്തനങ്ങളിൽ അവർക്കുകൂടി ഉത്തരവാദിത്വം നൽകുകയും ചേർത്തുനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വിജയികൾക്കൊപ്പം തോറ്റവർക്കും പരിഗണന നൽകുന്നത്.

ഉച്ചയ്ക്ക് 12.45-ന് ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സാഹിത്യ പുരസ്‌കാരം ഉച്ചയ്ക്ക് 1.15-ന് ഡോ. എം. ലീലാവതിക്ക് തൃക്കാക്കരയിലെ വീട്ടിലെത്തി രാഹുൽഗാന്ധി സമ്മാനിക്കും. തുടർന്ന് മറൈൻഡ്രൈവിലെ സമ്മേളന നഗരിയിലെത്തും.

യുപിയിലെ റായ്ബറേലിയിലെ ചടങ്ങിൽ പങ്കെടുക്കാൻ വൈകീട്ട് നാലുമണിയോടെ രാഹുൽ കൊച്ചിയിൽനിന്ന് മടങ്ങും. രാഹുൽഗാന്ധി വരുന്ന വഴികളിലും സമ്മേളന നഗരിയിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.