കോഴിക്കോട്: മാതൃഭൂമി സംഘടിപ്പിച്ച 'ജനശബ്ദം- മേയറോട് സംസാരിക്കാം' എന്ന ഫോൺ ഇൻ പരിപാടിയിൽ വൻ ജനപങ്കാളിത്തം. ഒരു മണിക്കൂർ 15 മിനുട്ടിനുള്ളിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ 25 ഫോൺ കോളുകൾക്ക് തത്സമയം മറുപടി നൽകി. അമ്പതിലേറെ ഫോൺകോളുകളാണ് മാതൃഭൂമിയിലേക്ക് എത്തിയത്.

To advertise here,

നിശ്ചയിച്ചതിലും 15 മിനുട്ട് മുൻപ് തന്നെ പരിപാടി ആരംഭിച്ചിരുന്നു. നഗരത്തിലെ ലഹരി ഉപയോഗം, തെരുവുനായ പ്രശ്‌നം, റോഡിലെ അറ്റകുറ്റപ്പണി, രാത്രിയാത്രക്കാർക്ക് ഓട്ടോ കിട്ടാത്തത്, മെഡിക്കൽ കോളേജ് എസ്ടിപി പ്ലാന്റ്, പൊതുശൗചാലയം, നടപ്പാതകളിലെ കയ്യേറ്റം, ഭിക്ഷാടന നിരോധനം, റോഡിന് വീതിയില്ലാത്തത്, കൊതുക് ശല്ല്യം, അനധികൃത പാർക്കിങ്, സീബ്ര ലൈനുകളിലെ അശാസ്ത്രീയത, മാലിന്യ സംസ്‌ക്കരണം, വരക്കൽ ബലിതർപ്പണ ഭൂമി വികസനം, വെള്ളക്കെട്ട് തുടങ്ങി ഒട്ടേറെ പരാതികൾ ജനങ്ങൾ മേയറോട് നേരിട്ട് സംസാരിച്ചു.

കോഴിക്കോട് കോർപ്പറേഷന് പുറത്ത് നിന്നുള്ളവരും നഗരത്തിലെ പരാതികളറിയിക്കാൻ മേയറോട് സംസാരിച്ചു. എല്ലാ പരാതികളും കേട്ട മേയർ എല്ലാവർക്കും വ്യക്തമായ മറുപടിയും പ്രശ്‌നപരിഹാരങ്ങൾക്കുള്ള ഉറപ്പും നൽകി. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ മേയർക്കുള്ള ഉപഹാരം കൈമാറി.