കൊച്ചി: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരിടത്തും ഭരണംപിടിക്കാനാകാതെ എൽഡിഎഫ്. നേരിട്ടത് കനത്ത തിരിച്ചടി. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി (എൻഡിഎ-21, എൽഡിഎഫ്-20, യുഡിഎഫ്-12). 

To advertise here,

ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ആലുവ, അങ്കമാലി എന്നീ 12 നഗരസഭകളും യുഡിഎഫിനൊപ്പംനിന്നു. കഴിഞ്ഞതവണ തൃപ്പൂണിത്തുറയിൽ പ്രതിപക്ഷത്തായിരുന്ന എൻഡിഎയ്ക്ക് ഇത്തവണ മികച്ചനേട്ടം കെെവരിക്കാനായി. 

2020-ൽ 13 നഗരസഭകളിൽ എട്ടെണ്ണമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്. ആലുവ, അങ്കമാലി, കളമശ്ശേരി, മരട്, മൂവാറ്റുപുഴ, പറവൂർ, പെരുമ്പാവൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികളാണ് യു.ഡി.എഫ്. നേടിയത്. ഏലൂർ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ്. അധികാരത്തിലെത്തി.

ഇത്തവണ എൽഡിഎഫിന്റെ ഏലൂർ, കൂത്താട്ടുകുളം, പിറവം, കോതമംഗലം നഗരസഭകൾ യുഡിഎഫ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ നഗരസഭ ബിജെപിയും കൊണ്ടുപോയി. ഇതോടെ എറണാകുളം ജില്ലയിൽ നഗരസഭ ഭരണത്തിൽനിന്ന് എൽഡിഎഫ് പൂർണമായും തൂത്തെറിയപ്പെട്ടു.

നഗരസഭകളിലുണ്ടായ കനത്ത തിരിച്ചടിയുടെ കാരണം കണ്ടെത്തുക എന്ന ‘വലിയ ദൗത്യ’മാണ് സിപിഎമ്മിനും എൽഡിഎഫിനും മുന്നിലുള്ളത്.