കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് കൊടിതാഴുമ്പോൾ കൊച്ചി വികസനത്തിന്റെ പേരിൽ കൊമ്പുകോർത്ത് കോൺഗ്രസും സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽവന്ന് വികസനപ്രവർത്തനങ്ങളുടെയെല്ലാം നേരവകാശികയായി ഇടതുപക്ഷത്തെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ചേരി അതിനെതിരേ ശക്തമായി രംഗത്തുവരുകയായിരുന്നു. ഇതോടെ ജില്ലയിലെ പ്രധാന വികസനപദ്ധതികളെല്ലാം വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ പത്രസമ്മേളനം വിളിച്ച് കോൺഗ്രസ് നേതൃത്വം കുറ്റപത്രം അവതരിപ്പിച്ചപ്പോൾ ഉച്ചയ്ക്കുശേഷം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്തന്നെ മറുപടിയുമായി രംഗത്തുവന്നു. ഹൈബി ഈഡൻ എംപിയും എംഎൽഎമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമാതോമസ് എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഒന്നിച്ചുവന്നാണ് ഇടതുവാദങ്ങൾക്കെതിരേ ശക്തമായി പ്രതികരിച്ചത്.
എറണാകുളത്തെ അവഗണിക്കുന്നു..?
കൊച്ചി മെട്രോയും വാട്ടർമെട്രോയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഭാവനംചെയ്ത് നടപ്പിലാക്കാൻ തുടങ്ങിയതെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മുട്ടംയാർഡിൽ മെട്രോ ട്രെയിനിന് പച്ചക്കൊടിവീശിയതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. വാട്ടർ മെട്രോയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്തതാണെന്ന് അക്കാലത്തെ പത്രറിപ്പോർട്ടുകളും നിയമസഭാരേഖകളും എടുത്തുകാട്ടി നേതാക്കൾ വാദിച്ചു.
സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് വലിയ സംഭാവനചെയ്യുന്ന വാണിജ്യനഗരത്തിന് ഒരു പരിഗണനയും നൽകുന്നില്ല. ജില്ലയിലെ കിഴക്കൻ മേഖലയിൽ വന്യജീവി ആക്രമണം ശക്തമായിട്ട് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറല്ലായിരുന്നു. കോൺഗ്രസ് അതിശക്തമായ സമരം സംഘടിപ്പിച്ചതിനേത്തുടർന്നാണ് സർക്കാരിന് നഷ്ടപരിഹാരം പ്രഖ്യാപിക്കേണ്ടിവന്നതെന്ന് നേതാക്കൾ പറഞ്ഞു.
കലൂർ സ്റ്റേഡിയം അറ്റകുറ്റപ്പണിക്കായി കൊടുത്ത് കുളമാക്കിവെച്ചിരിക്കുകയാണ്. അതിനുപിന്നിൽ വലിയ അഴിമതിയുണ്ട്. ബ്രഹ്മപുരത്തെ തീപ്പിടിത്തം ജനങ്ങൾ മറന്നിട്ടില്ല. ബയോമൈനിങ്ങിനായി ഇടതുമുന്നണി കൺവീനറുടെ ബന്ധുവിന്റെ കമ്പനിക്ക് കരാർ നൽകിയതിൽ വലിയ അഴിമതിയാണ് നടന്നത്. ഒറ്റമഴയിൽതന്നെ നഗരം വെള്ളക്കെട്ടിലാണ്. അതിരൂക്ഷമായ കുടിവെള്ളപ്രശ്നത്തിലാണ് കൊച്ചി.
യുഡിഎഫ് കാലത്ത് വിഭാവനം ചെയ്ത 200 എംഎൽഡിയുടെ കുടിവെള്ളപദ്ധതി നടപ്പാക്കാൻ പത്തുവർഷംകൊണ്ട് സാധിച്ചില്ല. മുഖ്യമന്ത്രി റോ-റോ പദ്ധതിയെക്കുറിച്ചുപറഞ്ഞു. എന്നാൽ അതിന്റെ സ്റ്റീൽ കട്ടിങ് നടന്നത് ടോണി ചമ്മിണിയുടെ കാലത്താണ്. സൗമിനിജയിൻ മേയറായിരുന്നപ്പോഴാണ് പദ്ധതി യാഥാർഥ്യമായത്. അന്ന് മൂന്നാമത്തെ റോ-റോയ്ക്ക് പദ്ധതിയിട്ടെങ്കിലും ഇടതുഭരണകാലത്ത് അത് നടപ്പാക്കാൻ കഴിഞ്ഞില്ല-തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചു.
രാഷ്ട്രീയ അവഗണന കാട്ടാതെ വികസനം നടപ്പാക്കി
കോൺഗ്രസിന് സ്വാധീനമുള്ള സ്ഥലമായി അറിയപ്പെടുമ്പോഴും രാഷ്ട്രീയവ്യത്യാസം നോക്കാതെ ജില്ലയ്ക്ക് ഇടതുസർക്കാർ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും കോർപ്പറേഷനും കോൺഗ്രസ് ഭരിച്ചിരുന്നകാലത്തുപോലും ഒരു വികസനപദ്ധതിയും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ല. അവർ പത്തുവർഷം ഭരിച്ചിട്ടും ചെയ്യാനാവാത്ത കാര്യങ്ങൾ അഞ്ചുവർഷംകൊണ്ട് എൽഡിഎഫ് മാതൃകാപരമായി പൂർത്തിയാക്കി.
യുഡിഎഫ് ഭരണകാലത്ത് റോഡിൽ മാലിന്യം കുന്നുകൂടി. ബ്രഹ്മപുരത്ത് മാലിന്യമലതന്നെ തീർത്തു. എന്നാൽ ഇപ്പോൾ റോഡിൽ മാലിന്യമില്ല. ബ്രഹ്മപുരത്ത് മാലിന്യമലയില്ല. ശുചിത്വകാര്യത്തിൽ യുഡിഎഫ് കാലത്ത് 408-ാം സ്ഥാനത്തുനിന്ന കൊച്ചിയെ പത്താംസ്ഥാനത്തേക്ക് എത്തിക്കാനായി. വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാവുന്ന ആറ് കനാലുകളുടെ ശുചീകരണത്തിനായി മൂവായിരം കോടിയിൽപ്പരം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
തുരുത്തി ഫ്ളാറ്റ്, ഷീലോഡ്ജ്, സമൃദ്ധി@കൊച്ചി തുടങ്ങിയ പദ്ധതികൾ കൊച്ചിയുടെ മുഖഛായ മാറ്റുന്നതായിമാറി. ബ്രേക്ക് ത്രൂപദ്ധതിയിലൂടെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരമുണ്ടാക്കാൻ സാധിച്ചു. ചെല്ലാനത്ത് കടലേറ്റം തടയുന്നതിനായി 344 കോടിയുടെ ടെട്രാപോഡ് സ്ഥാപിച്ചു.ജനറൽ ആശുപത്രിയിൽ 74 കോടിയുടെ വികസനം നടപ്പാക്കി. മെഡിക്കൽ കോളേജിൽ 268 കോടിയുടെയും കാൻസർ സെന്ററിൽ 466 കോടിയുടെയും പദ്ധതിയാണ് നടപ്പാക്കിയത്.
കൊച്ചി മെട്രോയ്ക്ക് മുട്ടത്തെ യാർഡിൽ ഉമ്മൻചാണ്ടി പച്ചക്കൊടി വീശിപ്പോയെങ്കിലും ട്രെയിൻ റെയിലിലായതും ആദ്യം എറണാകുളംവരെയും പിന്നീട് തൃപ്പൂണിത്തുറവരെയും പൂർത്തിയാക്കിയതും ഇടതുഭരണകാലത്താണ്. പദ്ധതിയുടെ രണ്ടാംഘട്ടം ഇൻഫോപാർക്കിലേക്ക് വേഗത്തിൽ പണി നടക്കുകയാണ്. അതുകഴിഞ്ഞാൽ മൂന്നാംഘട്ടത്തിലേക്ക് കടക്കും.
Content Highlights: Tensions rise in Kochi as Congress and CPM clash over development projects. CM`s claims spark fierce debate, highlighting key infra projects.
Published: 08 Dec 2025, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented