കാക്കനാട്: താളമേളം പാട്ടും കൂത്തുമെല്ലാംചേർന്ന് കൊട്ടിക്കലാശം നാടിനാഘോഷമായി എന്ന സിനിമാഗാനത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജില്ലയിലെ ഓരോ ജങ്ഷനുകളിലെയും കാഴ്ചകൾ. ചെറുപൂരം പോലെ വാർഡുകളിലെ മുക്കിലും മൂലയിലും അനൗൺസ്‌മെന്റ് വാഹനങ്ങൾ. കലാപ്രകടനവുമായി വിവിധ പാർട്ടികളും കളംപിടിച്ചതോടെ ആഴ്ചകൾ നീണ്ട ആവേശത്തിനൊടുവിൽ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി.

To advertise here,

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എൻഡിഎയുടെയും റോഡ്ഷോകൾക്കാണ് ഞായറാഴ്ച ഓരോ വാർഡുകളും സാക്ഷ്യംവഹിച്ചത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി.

കൊച്ചിയിൽ പുന്നയ്ക്കൽ ജങ്ഷനിലായിരുന്നു ആവേശത്തോടെയുള്ള കൊട്ടിക്കലാശം. പട്ടിമറ്റത്തായിരുന്നു ആവേശം അലതല്ലിയ മറ്റൊരിടം. പ്രവർത്തകരുടെ വലിയ പങ്കാളിത്തം അവിടെ ഉണ്ടായി. തിരുവാണിയൂർ പഞ്ചായത്തിനു മുന്നിൽ ട്വന്റി 20ക്കെതിരേ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചണിനിരക്കുന്നതും കാണാനായി.

തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച വോട്ടെടുപ്പ്. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവർത്തകർ. 