ഡ്യൂട്ടി ഒഴിവാക്കാനായി ജില്ലയിൽ ലഭിച്ചത് 1028 അപേക്ഷകളാണ്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ആലപ്പുഴ: തിരഞ്ഞെടുപ്പും വിവാഹവും തമ്മിൽ ബന്ധമൊന്നുമില്ല. പക്ഷേ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും വിവാഹിതരും തമ്മിൽ നല്ല ബന്ധമാണ്. രണ്ടുപേർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയാൽ, ഒഴിവാക്കാൻ ഒന്നിച്ച് അപേക്ഷയുമായെത്തും. ഭാര്യയെയോ ഭർത്താവിനെയോ ഒഴിവാക്കണമെന്നാണ് ആവശ്യം. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വേവലാതി അവർക്ക് അറിയില്ല.
ജില്ലയിൽ തിരഞ്ഞെടുപ്പ് സുഗമമായി നടത്തണമെങ്കിൽ 10,008 ഉദ്യോഗസ്ഥർ വേണം. ഇതിൽ, 8,340 പേർ നേരിട്ട് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നവരാണ്. ബാക്കിയുള്ള 1,668 പേർ റിസർവ് ബെഞ്ചിലുമുണ്ടാകും. ഇതിനെല്ലാം ആളെ കണ്ടെത്താൻ പെടാപ്പാട് പെടുകയാണ് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ. ഇതിനിടയിലാണ് കണ്ണീരും കൈയുമായി ദമ്പതിമാരായ സർക്കാർ ജീവനക്കാരുടെ വരവ്. ഒഴിവാക്കാനായി ആകെ കിട്ടിയത് 1028 അപേക്ഷകളാണ്.
Don’t Miss: ‘ഓൻ പെണ്ണല്ല ആണാണ്.. ആരിഫയല്ല നമ്മുടെ ആരിഫ്...’ , നായനാർ തിരുത്തി
ഒഴിവാക്കാനുള്ള അപേക്ഷകൾ കുന്നുകൂടിയതോടെ ദമ്പതിമാരിൽ പലരുടെയും അപേക്ഷ പരിഗണിക്കാൻ കമ്മിഷൻ തയ്യാറായിട്ടില്ല. അതിനുകാരണമായി തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകളാണ് ഏറെ രസകരം. ‘ജോലിയുള്ളവർ ജോലിയുള്ളവരെ മാത്രമേ കല്യാണം കഴിക്കൂ. ഇരുവർക്കും ജോലിയില്ലാത്തത് കുറവാണ്. അപ്പോൾ പിന്നെ ഞങ്ങൾ ആരെയെങ്കിലും ഒഴിവാക്കിയാൽ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകും.’
ഭാര്യക്കും ഭർത്താവിനും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെങ്കിൽ ഒരാളുടേത് ഒഴിവാക്കി നൽകണമെന്ന് കമ്മിഷന്റെ ഉത്തരവുള്ളതാണ്. പക്ഷേ, ഒഴിവാക്കേണ്ടവരുടെ എണ്ണമേറിയാൽ വരണാധികാരിക്ക് അപേക്ഷ നിരസിക്കാതെ വഴിയില്ല.
കുട്ടികളും രോഗംബാധിച്ച മാതാപിതാക്കളും ഉള്ളവർക്ക് ദുരിതം
പിഞ്ചുകുട്ടികളും രോഗബാധിരായ മാതാപിതാക്കളുമുള്ള ദമ്പതിമാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ദുരിതമാണ്. ആളില്ലെന്നതിന്റെ പേരിൽ ഇത്തരക്കാർക്കും നിർബന്ധിത ഡ്യൂട്ടി നൽകുന്നതായാണ് പരാതി. കാര്യങ്ങളെല്ലാം വിശദമായി അധികൃതരെ അറിയിച്ചിട്ടും അപേക്ഷ പരിഗണിച്ചില്ലെന്നാണ് പരാതി ഉയരുന്നത്.
മത്സരിക്കാൻ സംവരണം വേണം; ഡ്യൂട്ടിക്ക് വേണ്ടാ
തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ 50 ശതമാനമാണ് സ്ത്രീസംവരണം. എങ്കിലും, പല പാർട്ടികളും പൊതുസീറ്റിൽപ്പോലും സ്ത്രീകൾക്ക് അവസരം നൽകി. ചിലയിടങ്ങളിൽ 54 ശതമാനം വരെയാണ് സ്ത്രീ സംവരണം. പക്ഷേ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കാര്യത്തിൽ സംവരണം വേണ്ടെന്ന നിലപാടാണ് അവർക്ക്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാൻ ലഭിച്ച അപേക്ഷയിലേറെയും നൽകിയത് സ്ത്രീകളാണ്.
Content Highlights: 'How Will We Conduct Elections?': Commission Denies Exemption to 1028 Married Couples Citing Severe Staff Shortage for Duty
Published: 29 Nov 2025, 06:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented