ട്രാന്‍സ്‌വിമനായ അരുണിമയും അമയയും വനിതാ സംവരണ സീറ്റിലാണ് മത്സരിച്ചത്

അരുണിമ എം. കുറുപ്പ്, അമയ പ്രസാദ് | Photos: Facebook
ആലപ്പുഴ/തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ മത്സരിച്ച അരുണിമ എം. കുറുപ്പ്, തിരുവനന്തുപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ഥി അമയ പ്രസാദ് എന്നിവരാണ് പരാജയപ്പെട്ടത്. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു.
വയലാര്‍ ഡിവിഷനില്‍ 17,415 വോട്ടോടെ രണ്ടാം സ്ഥാനത്താണ് അരുണിമ ഫിനിഷ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യാ ബെന്നി 4,519 വോട്ടുകള്‍ക്കാണ് അരുണിമയെ പരാജയപ്പെടുത്തിയത്. സന്ധ്യാ ബെന്നിക്ക് 21,934 വോട്ടാണ് ലഭിച്ചത്.
Also Read: ‘ട്രാൻസ്ജെൻഡറല്ല, എല്ലാ രേഖകളിലും ഞാൻ സ്ത്രീ, വ്യാജപ്രചരണം അവസാനിപ്പിക്കൂ’-അരുണിമ
തിരുവനന്തപുരത്ത് അമയയെ പരാജയപ്പെടുത്തിയതും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. പോത്തന്‍കോട് ഡിവിഷനില്‍ 12,172 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനേ അമയയ്ക്ക് കഴിഞ്ഞുള്ളൂ. 12,432 വോട്ട് നേടി രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ തൊട്ടരികെ തന്നെയാണ് അമയയും. സിപിഎം സ്ഥാനാര്‍ഥി എസ്. കാര്‍ത്തികയാണ് 16,318 വോട്ട് നേടി പോത്തന്‍കോട് ഡിവിഷനില്‍ വിജയിച്ചത്.
വനിതാ സംവരണ സീറ്റിലാണ് അരുണിമയും അമേയയും മത്സരിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടേയും സ്ഥാനാര്‍ഥിത്വം ആശയക്കുഴപ്പത്തിലായിരുന്നു. വനിതാ സീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡറിന് മത്സരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം. എന്നാല്‍ ട്രാന്‍സ്‌വിമനായ അരുണിമയും അമയയും തങ്ങള്‍ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ യോഗ്യരാണെന്ന് വാദിച്ചു.
സ്ഥാനാര്‍ഥിത്വം അംഗീകരിക്കാതിരുന്നതോടെ അമയ പ്രസാദും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അമയയുടെ മുഴുവന്‍ രേഖകളിലും സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലായിരുന്നു. ഇതിനെതിരെയാണ് അമയ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരും നല്‍കിയ രേഖകള്‍ പരിശോധിച്ച ഹൈക്കോടതി ഒടുവില്‍ അമയയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സീരിയല്‍ താരവും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാണ് അമയ.
അരുണിമയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടില്ല എന്ന് പ്രചാരണമുണ്ടായെങ്കിലും പത്രിക അംഗീകരിക്കപ്പെട്ടു. തന്റെ ഒരു രേഖയിലും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും എല്ലാ രേഖകളിലും താന്‍ സ്ത്രീയാണെന്നും പത്രിക സമര്‍പ്പിച്ചശേഷം അരുണിമ പറഞ്ഞിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ രക്ഷാധികാരിയും കെപിസിസി എക്സിക്യുട്ടീവ് അംഗവും കെഎസ്‌യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.
പരാജയത്തിനുശേഷം രണ്ട് ട്രാൻസ്ജെൻഡർ സ്ഥാനാർഥികളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
അരുണിമയുടെ പ്രതികരണം
കൂടെ നിന്ന എല്ലാവർക്കും നന്ദി. ചരിത്രത്തിന്റെ വഴി ഒരുകുവാൻ പ്രസ്ഥാനം നൽകിയ സമ്മാനം ആണ് വയലാർ സീറ്റ്. 17590 വോട്ട്കൾ നേടി. കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തോട് ചേർത്ത നന്ദി. തോറ്റാലും ഞാൻ വയലാർ ജില്ലാ ഡിവിഷനിലെ മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും... പോരാടും…
അമയയുടെ പ്രതികരണം
'തോറ്റിടത്തു നിന്നും തുടങ്ങണം അടുത്ത വിജയത്തിനായി'
അഭിമാനം. ഇതൊരു ചെറിയ വിജയമല്ല. എനിക്ക് 12184 വോട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പോത്തൻകോട് ഡിവിഷനിൽ നിന്നും കിട്ടി. ഇത്രയും വോട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി. ചേർത്ത് പിടിച്ച പോത്തൻകോടിനും മുതാക്കലിനും നന്ദി.
ഞാൻ വിജയിച്ചതായി തന്നെ കണക്കാക്കുന്നു, ഇത്രയും പേർ എന്റെ കൂടെ ഉണ്ടായിരുന്നു എന്നതിൽ സന്തോഷം. കേരളത്തിൽ ചരിത്രം കുറിക്കാൻ കഴിഞ്ഞു എന്നതിൽ അതിലേറെ സന്തോഷം.
നന്ദി INC.
Content Highlights: Congress Transgender Candidates Arunima and Amaya Defeated in Local Body Elections
Published: 14 Dec 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented