പാലക്കാട്: ഉപതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ സി.പി.എം. രണ്ടുതട്ടില്‍. പെട്ടിയല്ല വികസനമാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടതെന്ന സി.പി.എം. സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസിന്റെ അഭിപ്രായം തള്ളി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണവുമായി വന്ന പെട്ടിയുടെ കാര്യം ചര്‍ച്ച ചെയ്യാമെന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും അത് സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ബാബു പറഞ്ഞു.

To advertise here,

'എല്ലാകാര്യവും തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യേണ്ടതാണ്. യു.ഡി.എഫിനെതിരായി വരുന്ന ഏതെങ്കിലും കാര്യം ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന അഭിപ്രായമില്ല. കള്ളപ്പണത്തിന്റെ വരവും ഇവിടെ ചര്‍ച്ചചെയ്യണം. അതാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്', സുരേഷ് ബാബു പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണങ്ങള്‍ എന്തോ മറച്ചുവെക്കാന്‍ ബോധപൂര്‍വം പറയുന്ന നുണകളാണ്. കാര്യങ്ങള്‍ ഒളിച്ചുവെക്കാനുണ്ട്. പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ല. മുന്‍കൂട്ടി കാര്യങ്ങള്‍ നിശ്ചയിച്ച് നുണപറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'പാലക്കാട്ടേക്ക് കള്ളപ്പണം വന്നിട്ടുണ്ട്. അത് എവിടെയെന്ന് അന്വേഷിക്കണം. ആ കള്ളപ്പണമായിരുന്നു പെട്ടിയില്‍ എന്നത് വാസ്തവമാണ്. രാഹുല്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ല. കൊടകര കുഴല്‍പണത്തിന്റെ പങ്ക് ഈ പെട്ടിയിലൂടെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്തി. സമഗ്രമായി അന്വേഷിക്കണം. കൊടകരയിലെ കുഴല്‍പ്പണത്തിൽനിന്നുള്ള നാലുകോടി രൂപ ഷാഫിക്ക് കിട്ടിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ എത്തിയിട്ടുണ്ട്. അത് സമഗ്രമായി പോലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി കൊടുത്ത പരാതിയും അന്വേഷണത്തിന്റെ ഭാഗമാവും എന്നാണ് മനസിലാക്കുന്നത്', സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.