തിരുവനന്തപുരം: പാലക്കാട്ടുകാരനായ ഒ. രാജഗോപാലിന്റെ പിന്തുടർച്ചക്കാരനായി പാലക്കാട്ടുനിന്ന് നിയമസഭയിലേക്കൊരു പ്രതിനിധി. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനുപിന്നാലെ വീണ്ടുമൊരു ജയം-ഇതൊക്കെയായിരുന്നു ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടൽ. രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാമതെത്തിയിട്ടും രണ്ടുതവണ നഗരസഭ ഭരിച്ചിട്ടും കണക്കെല്ലാം പിഴച്ചു. ഏറെ വിജയസാധ്യതയുള്ള പാലക്കാട് അക്കൗണ്ട് തുറന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയനേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലും പാളി.

To advertise here,

പാലക്കാട് പരാജയത്തിൽ മനംനൊന്തിരിക്കുകയാണ് ബി.ജെ.പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ കെ. സുരേന്ദ്രൻ പ്രസിഡന്റായി തുടരുമെന്നതാണ് ഇതുവരെയുള്ള ധാരണ. എന്നാൽ, തിരഞ്ഞെടുപ്പുഫലം വന്നയുടൻ നേതൃത്വത്തിനെതിരേ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

അടിത്തറയല്ല മേൽക്കൂരയാണ് പ്രശ്നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടയാളാണ് ശിവരാജൻ. വോട്ട്‌ കാൻവാസ് ചെയ്യാൻ കഴിവുള്ള മൂന്നുമുഖങ്ങളാണ് ശോഭാ സുരേന്ദ്രൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവർ -അദ്ദേഹം പറയുന്നു. തോൽവിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ചാനൽചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.

വർഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോൾ പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്ന് സന്ദീപ് വാചസ്പതി സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. പാർട്ടിയധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ടുചോർച്ചയുണ്ടായത് ഗൗരവമാണെന്നും പറഞ്ഞു. ഇതെല്ലാം വെളിവാക്കുന്നത് ബി.ജെ.പി.യിലെ അസ്വസ്ഥതയാണ്.

അമിത ആത്മവിശ്വാസത്തിന്റെ ഫലംകൂടിയാണ് പാലക്കാട്ടെ തിരിച്ചടി. സന്ദീപ് വാരിയർ പാർട്ടിവിട്ടത് ഏശില്ലെന്ന് നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നെങ്കിലും കൽപ്പാത്തി വിട്ട് വാരിയർ ഇഫക്ട് മണ്ഡലമാകെയെത്തി.

രാഹുൽ മാങ്കൂട്ടത്തിലിനുനേരേ ഉയർന്ന ട്രോളിബാഗ് ആരോപണത്തിൽ സി.പി.എമ്മിനൊപ്പം കൈകോർത്തത് എൽ.ഡി.എഫ്.-ബി.ജെ.പി. ഒത്തുകളിയാണെന്ന ധാരണ പരത്തി. സി.പി.എമ്മിനെന്നപോലെ ബി.ജെ.പി.ക്കും ട്രോളിബാഗ് ഗുണംചെയ്തില്ല. സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രന്റെ പേര് ചുവരുകളിൽ വരുകയും പിന്നീട് അവർ സ്ഥാനാർഥിയാകാതിരുന്നതും അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി.