പട്ന : ബിഹാർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ.യുടെ വിജയം ആശങ്കാജനകമെന്ന് ജൻ സൂരജ് പാർട്ടി സ്ഥാപകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും ബിഹാറിന്റെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന സഖ്യം പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

To advertise here,

അതേസമയം, ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് മൂന്നിടത്തും കെട്ടിവെച്ച കാശ് നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി എന്നീ മണ്ഡലങ്ങളിൽ ജിതേന്ദ്ര പസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരാണ് ജനവിധി തേടിയത്. നാലിൽ മൂന്നിടത്തും ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നിൽ താഴെ വോട്ടുകൾ മാത്രമേ ജൻ സൂരജ് സ്ഥാനാർഥികൾക്ക് ലഭിച്ചുള്ളൂ. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോട് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി. "ഇത്രയും കാലം സംസ്ഥാനം ഭരിച്ചിട്ടും ബിഹാറിന്റെ പിന്നാക്കാവസ്ഥ അവസാനിപ്പിക്കാൻ സാധിക്കാതെ പാർട്ടി വിജയിക്കുന്നെങ്കിൽ, അതിലാണ് ആശങ്കപ്പെടേണ്ടത്. ഞങ്ങളുടെ പോരാട്ടം എൻ.ഡി.എ.യ്ക്കെതിരെയാണ്. 

ബിഹാറിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ആർ.ജെ.ഡി.യോടല്ല ഞങ്ങളുടെ പോരാട്ടം. നിതീഷ് കുമാർ ഒരു ഘടകമേയല്ല. അദ്ദേഹത്തിന്റെ പാർട്ടിക്ക് ആകെ ലഭിച്ചത് 11 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. 2025 നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും", പ്രശാന്ത് കിഷോർ പറ‍ഞ്ഞു.