തൃശൂരിലെ 'പൂരം കലക്കി'യെന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കിയത് കേരളാ പോലീസിന്റെ ഡയറക്ടര്‍ ജനറല്‍ ഷേക്ക് ദര്‍വേഷ് സാഹിബാണ്. വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് ക്രമസമാധാനത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിന് ആ കസേര നഷ്ടമാവുകയും ചെയ്തു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിയെ വിജയിപ്പിക്കാനായി സി.പി.എം ഉണ്ടാക്കിയ കരാറിന്റെ ഭാഗമായിട്ടായിരുന്നു പൂരം കലക്കിയത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ഇപ്പോള്‍ പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണപ്പെട്ടിക്കഥയും സര്‍ക്കാരിന് പുതിയൊരു തലവേദന സമ്മാനിക്കുകയാണ്.

To advertise here,

ഇന്ന് ഡി.ജി.പിക്ക് പോലീസിനു മേല്‍ മുമ്പത്തെക്കാള്‍ നിയന്ത്രണമുണ്ട് എന്നാണ് കരുതപ്പെടുന്നത്. (മുമ്പ് ഡി.ജി.പിയെക്കാള്‍ അധികാരം കൈയാളിയിരുന്നത് അജിത് കുമാര്‍ എന്ന 'സൂപ്പര്‍ ഡി.ജി.പി' ആയിരുന്നത്രെ.) എന്നിട്ടും പാലക്കാട്ടെപ്പോലെ വളരെ പരിഹാസ്യമായ ഒരു സംഭവം എങ്ങനെ അരങ്ങേറി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാവും. പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നത് രാഷ്ട്രീയ ഇടപെടലുകളാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണം എത്തിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് രാത്രി പന്ത്രണ്ടു മണിയോടെ പോലീസ് മുന്നറിയിപ്പില്ലാതെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ അടക്കം മുറികളില്‍ പരിശോധന നടത്തിയത് എന്നാണ് പറയുന്നത്. സംഭവസമയത്ത് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടല്‍ ഉണ്ടായിരുന്നു എന്ന് സിപിഎമ്മിന്റെയും ബിജെപിയുടെ നേതാക്കള്‍ ആരോപിക്കുന്നു. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരടക്കമുള്ള നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പാതിരാപരിശോധനയ്ക്കുശേഷം ഒന്നും കണ്ടെത്തിയില്ല എന്നു എഴുതിക്കൊടുത്തു മടങ്ങേണ്ടിവന്നു പോലീസിന്.

സ്ത്രീകള്‍ അടക്കമുള്ളവരുടെ മുറികളിലേക്ക് മുന്നറിയിപ്പില്ലാതെ പോലീസ് കയറിയത് വലിയ പ്രതിഷേധത്തിനു വഴിവെച്ചു. ആദ്യം കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് പരിശോധന എന്നു പറഞ്ഞ പോലീസ് പിന്നീട് പതിവ് പരിശോധനയാണ് എന്നു നിലപാട് മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി വ്യാജ ഐ.ഡി കാര്‍ഡ് നിർമിച്ച കേസിലെ പ്രതി ട്രോളി ബാഗില്‍ പണം കൊണ്ടുവന്നതായി സിപിഎമ്മും ബിജെപിയും ആരോപിച്ചു. ഹോട്ടലിലെ 12 മുറികളാണ് പരിശോധിച്ചത്. പിന്നീട് ആരോപണത്തില്‍ പറയുന്ന നീല ട്രോളി ബാഗുമായി പോവുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നെങ്കിലും അതിനുള്ളില്‍ കള്ളപ്പണമാണെന്നു തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

placeholder
ഷാഫി പറമ്പിൽ എം.പി.യും രാഹുൽ മാങ്കൂട്ടത്തിലും ഹോട്ടൽ മുറിക്ക് പുറത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ പുറകിൽ നീല ട്രോളി ബാഗുമായി നിൽക്കുന്ന ഫെനി നൈനാൻ.

തങ്ങള്‍ക്കു കിട്ടിയ രഹസ്യവിവരം ശരിയാണോ എന്ന് ഉറപ്പു വരുത്താന്‍ പോലീസ് മിനക്കെട്ടില്ലെന്നു വേണം കരുതാന്‍. ഒരുപക്ഷേ, അതിന് അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കള്‍ അനുവദിക്കാത്തതും ആകാം. ആ നിലയ്ക്ക് അവര്‍ക്ക് കുറച്ചുകൂടി ശ്രദ്ധിച്ച് റെയ്ഡ് നടത്താമായിരുന്നു, ഒരു റുട്ടീന്‍ പരിശോധന എന്ന നിലയ്ക്ക്. പക്ഷേ, വളരെ കോലാഹലത്തോടെ നടന്ന റെയ്ഡിനു സാക്ഷിയായി മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും പടയുണ്ടായിരുന്നു. റെയ്ഡ് പൊളിഞ്ഞപ്പോള്‍ ഒളിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടായി പോലീസിന്. ഇനി, ഇടതു സ്ഥാനാര്‍ത്ഥി ഡോ. സരിനും സി.പി.എം നേതാക്കളും ആരോപിക്കുന്ന പോലെ, ആ രഹസ്യവിവരം കോണ്‍ഗ്രസിന്റെ കെണിയായിരുന്നു എന്നിരിക്കട്ടെ. അപ്പോഴും ശ്രദ്ധിക്കേണ്ടത് പോലീസായിരുന്നു. ഒരു പ്രാഥമിക വെരിഫിക്കേഷന്‍ നടത്താന്‍ പോലും അവര്‍ തുനിഞ്ഞില്ലെന്നത് ദുഃഖകരമാണെന്ന് ഒരു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടക്കത്തില്‍ ഷാഫി പറമ്പിലിനെയും യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെയും ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ടുവന്നു എന്ന് മന്ത്രി എം.ബി.രാജേഷും ജില്ലാ സെക്രട്ടറി സുരേഷ്ബാബുവുമടക്കമുള്ള സി.പി.എം നേതാക്കള്‍ ആരോപണമുയര്‍ത്തി. പക്ഷേ, കോണ്‍ഗ്രസ് അതിശക്തമായി അതിനെ പ്രതിരോധിച്ചുവെന്നു മാത്രമല്ല, അതിവേഗത്തില്‍ പ്രശ്‌നത്തെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. മാസങ്ങളായി സി.പി.എം-ബി.ജെ.പി അന്തര്‍ധാര എന്ന ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് പാതിരാ റെയ്ഡ് സംഭവത്തെയും അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനായി. ഒറ്റനോട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് പ്രതിഷേധിക്കുന്ന തോന്നല്‍ ഉണ്ടായി, ഒരു സംയുക്ത ഓപ്പറേഷനിലെന്ന വണ്ണം. അത് യു.ഡി.എഫ് നന്നായി ഉപയോഗിച്ചു.

എന്തായാലും യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി കിട്ടിയ ബമ്പര്‍ ലോട്ടറിയാണ് പെട്ടി വിവാദം. ആഭ്യന്തരമായ ഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതിന് വിവാദം അവര്‍ക്ക് സഹായകമായി. പാതിരാ റെയ്ഡിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിലൊക്കെ ആ ഉണര്‍വ് കാണാമായിരുന്നു. വിവാദത്തിന്റെ രണ്ടാമത്തെ ഗുണഭോക്താവ് ബി.ജെ.പി തന്നെയാവണം. കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതും സന്ദീപ് വാര്യരും ശോഭാ സുരേന്ദ്രനും ഉയര്‍ത്തുന്ന തലവേദനകളുമൊക്കെ കാരണം പരുങ്ങലിലായിരുന്ന പാര്‍ട്ടിക്ക് രാഹുലിന്റെ നീല ട്രോളി വലിയ പരുക്കില്ലാതെ തടി കഴിച്ചിലാക്കാന്‍ മറവു നല്‍കിയേക്കും. എങ്കിലും സി.പി.എം-ബി.ജെ.പി ബാന്ധവമെന്ന ആരോപണത്തിന്റെ ഭാരം നിലനില്‍ക്കുമെന്നുറപ്പാണ്.

തിരഞ്ഞെടുപ്പും കള്ളപ്പണവും

തിരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുകുമെന്ന് എല്ലാവര്‍ക്കും അറിയാം. പണം ചെലവാക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള പരിധിയെക്കാള്‍ പല മടങ്ങ് പണം ചെലവാക്കിയാലേ പാര്‍ട്ടികള്‍ക്കും സ്ഥാനാർഥികള്‍ക്കും മാന്യമായി മത്സരിക്കാനാവൂ എന്നത് യാഥാർഥ്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു മണ്ഡലത്തില്‍ ചെലവാക്കാവുന്ന തുക 90 ലക്ഷം രൂപയാണ്, 2022-നു മുമ്പ് 75 ലക്ഷം ആയിരുന്നു ഉയര്‍ന്ന പരിധി. അസംബ്ലി നിയോജകമണ്ഡലത്തില്‍ 40 ലക്ഷം രൂപയും. ഇതിന്റെ പലമടങ്ങ് തുകയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാനാഥികള്‍, അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിടേണ്ടി വരുന്നത്, ചിലവിടുന്നത്. പിടിക്കപ്പെടുന്നവര്‍ മാത്രം കുറ്റവാളികള്‍ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതു തിരഞ്ഞെടുപ്പിനു വേണ്ടതിന്റെ പലമടങ്ങു പണം ഉപതിരഞ്ഞെടുപ്പിനു ചെലവാക്കേണ്ടിവരുമെന്നത് മറ്റൊരു പ്രശ്‌നം. തിരഞ്ഞെടുപ്പു കാലത്ത് പിടിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ ഭൂരിഭാഗവും അധികാരത്തിലില്ലാത്ത കക്ഷികളില്‍ നിന്നാവുമെന്നതും ചിന്തിപ്പിക്കേണ്ടതാണ്. പാലക്കാട്ട് റെയ്ഡ് നടന്നത് കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ്. യഥാക്രമം കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിലുള്ള സി.പി.എമ്മിനെയും ബി.ജെ.പിയെയുമല്ല!

ചെലവുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടതാണ്. അതില്‍ പ്രധാനം പണം ചെലവാക്കാനുള്ള വഴികള്‍ എത്രത്തോളം അടയ്ക്കാം എന്നതാണ്.  ഏതുവിധേനയും ജയം ഉറപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുമെന്നുറപ്പാണ്. അതിനാല്‍ പ്രചാരണത്തിന് പണം ചെലവാക്കാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും പരിധി വിട്ട ചെലവിനും വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുകയും വേണം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

placeholder
 എം.വി.ഗോവിന്ദൻ. ഫോട്ടോ: സി.ബിജു

പെട്ടിയില്‍ കുടുങ്ങി സി.പി.എം

വിവാദം പുറത്തു വന്നപ്പോള്‍ ഇടതു സ്ഥാനാർഥി ഡോ പി.സരിന്‍ നടത്തിയ പ്രതികരണം വെളിപ്പെടുത്തിയത് പാതിരാ റെയ്ഡ് തിരിച്ചടിക്കുമെന്ന ആശങ്കയായിരുന്നു. ഷാഫി പറമ്പിലാണ് റെയ്ഡിനു പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പക്ഷേ, സി.പി.എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു വാര്‍ത്താസമ്മേളനം വിളിച്ച് കള്ളപ്പണ ആരോപണം കടുപ്പിച്ചു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ഇടതു മുന്നണി പെട്ടിയും ചാക്കുമായി പ്രചാരണം നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ് നീലപ്പെട്ടിയില്‍ കള്ളപ്പണമെന്ന ആരോപണത്തെ തള്ളിപ്പറഞ്ഞു. ട്രോളി വിവാദം കെണിയാണെന്നും അതില്‍ വീഴരുതെന്നും പറഞ്ഞ അദ്ദേഹം പാലക്കാട് ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്നു വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നീലപ്പെട്ടി പാലക്കാട്ടെ പ്രധാന വിഷയമാണെന്നും താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും പറഞ്ഞു കൃഷ്ണദാസിനെ തിരുത്തി. താക്കീത് ഏറ്റു, കൃഷ്ണദാസ് ഒതുങ്ങി. നേരത്തേ, കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സിപിഎം ജില്ലാ നേതാക്കള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴും ഗോവിന്ദന് ഇടപെടേണ്ടി വന്നിരുന്നു. അന്നും താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 
കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിനു എന്താണ് സംഭവിക്കുന്നത് എന്നു അത്ഭുതപ്പെടുകയാണ് രാഷ്ട്രീയ നിരീക്ഷകരും ഇടത് അനുഭാവികളും സഹയാത്രികരുമൊക്കെ. നേതാക്കള്‍ തന്നെ പരസ്യമായി പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായി അഭിപ്രായം പറയുന്നത് അപൂര്‍വമാണ്. എന്നാല്‍, പെട്ടി വിഷയത്തിലെ പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് ഇരുത്തി ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ പരസ്യ 'ഏറ്റുമുട്ടലെ'ന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Key Points:

  • Midnight raid on Congress leaders in Palakkad, allegedly for fake money
  • CPM and BJP accuse Congress of using fake money to win the by-election
  • Congress alleges that the raid was politically motivated and a setup by the CPM
  • Controversy over the handling of the case by police and the contradicting statements from CPM leaders
  • Concerns about the implications of the incident on the by-election and the CPM`s image