
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പാണെങ്കിലും സർക്കാരിനും ഇടതുപക്ഷത്തിനും രാഷ്ട്രീയമായി പിടിച്ചുനിൽക്കാനാകുന്ന ആശ്വാസവിധിയാണ് ചേലക്കര നൽകിയത്. സിറ്റിങ് സീറ്റ് നിലനിർത്തിയെന്നതുമാത്രമല്ല, ഭരണവിരുദ്ധവികാരം ജനങ്ങളിലുണ്ടായിട്ടില്ലെന്ന വാദം എൽ.ഡി.എഫിന് ഉയർത്താനുമാകും.
ലോക്‌സഭാതിരഞ്ഞെടുപ്പിനുശേഷം നിലമെച്ചപ്പെടുത്തുന്ന വിജയമുണ്ടായത്, സി.പി.എം. നടത്തിയ തിരുത്തൽ നടപടിയുടെ ഫലമാണെന്ന വിലയിരുത്തലിലേക്കും എത്താം. ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ജനവിധി എതിരായെന്ന പ്രതിപക്ഷത്തിന്റെ കടന്നാക്രമണമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കടക്കാനുമാകും.
ഭരണത്തുടർച്ച നേടിയ എൽ.ഡി.എഫ്. സർക്കാരിന് ആദ്യ ഉപതിരഞ്ഞെടുപ്പ് പരീക്ഷണം തൃക്കാക്കരയായിരുന്നു. 99 സീറ്റുനേടിയ എൽ.ഡി.എഫ്., നൂറുതികയ്ക്കാനുള്ള ദൗത്യവുമായാണ് അവിടെ ഇറങ്ങിയത്. പിണറായി വിജയന്റെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാൻ ‘ക്യാപ്റ്റൻ ഇറങ്ങുന്നു’ എന്ന പരസ്യവാചകവും ഇറക്കി. ഇതൊന്നും അവിടെ ലക്ഷ്യം കണ്ടില്ല.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ജനവിധി യു.ഡി.എഫിനൊപ്പമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റെങ്കിലും ഉറപ്പിച്ച എൽ.ഡി.എഫിന് ഒന്നിലൊതുങ്ങേണ്ടിയുംവന്നു.
പരാജയങ്ങളുടെ ആഘാതത്തിൽനിന്നാണ് തിരുത്തൽ നടപടി സി.പി.എമ്മും സർക്കാരും തുടങ്ങിയത്. ക്ഷേമപെൻഷൻ മുടങ്ങാതെ നൽകി. പാർട്ടിയും മുന്നണിയും ജനവിശ്വാസം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങി. ഇതിന്റെയെല്ലാം ഫലമാണ് ചേലക്കരയിലുണ്ടായതെന്ന് വിലയിരുത്താൻ കഴിയില്ലെങ്കിലും, സിറ്റിങ് സീറ്റ് കൈവിട്ടില്ലെന്നത് നേട്ടമാണ്. ലോക്‌സഭയിൽ നേടിയതിനേക്കാൾ വോട്ട് ലഭിച്ചുവെന്നത് രാഷ്ട്രീയമുന്നേറ്റമായി എൽ.ഡി.എഫിന് അവകാശപ്പെടാനുമാകും.
ചേലക്കരയിലെ വിജയം മാത്രം ഉപയോഗിച്ച് മികവ് അളക്കാനാണ് സി.പി.എമ്മും എൽ.ഡി.എഫും ശ്രമിക്കുന്നതെങ്കിലും മറ്റുരണ്ട് മണ്ഡലങ്ങളിലെ പരാജയത്തിലും ഒട്ടേറെ കാര്യങ്ങളുണ്ട്. വയനാട് ലോക്‌സഭാമണ്ഡലത്തിൽ വിജയം പ്രതീക്ഷിച്ചിരുന്നില്ല. പരാജയത്തിനുമപ്പുറം വോട്ടുചോർന്ന് ബലംകുറയുന്ന മുന്നണിയായി വയനാട്ടിൽ എൽ.ഡി.എഫ്. മാറുകയാണ്.
പാലക്കാട് രാഷ്ട്രീയം ചർച്ചയാക്കാതെ വിവാദ വിഷയങ്ങുടെ പുറകെ പോകുന്ന രീതിയെ എൻ.എൻ. കൃഷ്ണദാസിനെപ്പോലുള്ള മുതിർന്ന നേതാക്കൾ വിമർശിച്ചതാണ്. കോൺഗ്രസിൽനിന്ന് മറുപക്ഷത്ത് എത്തിയ ഡോ. സരിനെ സ്ഥാനാർഥിയാക്കിയ രീതിയിലും രണ്ടുപക്ഷമുണ്ട്. തിരഞ്ഞെടുപ്പിൽ സ്വീകരിച്ച രീതിയുടെ രാഷ്ട്രീയപരിശോധനയാകും ഇനി എൽ.ഡി.എഫിൽ നടക്കുക.
Content Highlights: chelakkara byelection result 2024 cpm
Published: 24 Nov 2024, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented