ണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ചോദിക്കേണ്ടതില്ലെന്ന് ആംഗലേയ കവി ജോണ്‍ ഡണ്‍ എഴുതിയിട്ടുണ്ട്. മനുഷ്യര്‍ മരിക്കുമ്പോള്‍ ഉയരുന്ന പള്ളി മണികളെക്കുറിച്ചായിരുന്നു ജോണിന്റെ നിരീക്ഷണം. മരണം അനിവാര്യമാണെന്നും മണികള്‍ മുഴങ്ങുന്നത് നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണെന്നും ജോണ്‍ ചൂണ്ടിക്കാട്ടി. പക്ഷേ, അപായ മണികള്‍ മുഴങ്ങുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്വസ്ഥമായിരിക്കാനാവില്ല. മഹാരാഷ്്രടയിലെ ഫലം കോണ്‍ഗ്രസിനെ ഞെട്ടിക്കുമ്പോള്‍ പാലക്കാട് ബിജെപിയുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. വയനാട് ഒരു കടുത്ത എതിര്‍പ്പുയര്‍ത്താന്‍ പോലും ഇടത് മുന്നണിക്കായില്ലെന്നതും  ചേലക്കരയില്‍ 2021 ലെ 39,400 വോട്ടുകളുടെ ഭൂരിപക്ഷം 12,201 ആയി കുറഞ്ഞുവെന്നതും  സിപിഎമ്മിന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

To advertise here,

മഹാരാഷ്ട്രയില്‍ ബിജെപിയുടെ വന്‍ മുന്നേറ്റത്തില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ആര്‍എസ്എസ് തന്നെയായിരിക്കും. ഒരു മാസത്തിനപ്പുറം 2025 ല്‍ ആര്‍എസ്എസ്സിന്റെ ശതാബ്ധിയാണ്. സംഘത്തിന് നൂറ് വയസ്സ് തികയുമ്പോള്‍ സംഘത്തിന്റെ ആസ്ഥാനമായ നാഗ്പൂര്‍ അടങ്ങുന്ന മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടമുണ്ടായിരിക്കണം എന്നത് ആര്‍എസ്എസ്സിന് നിര്‍ബ്ബന്ധമായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 48 സീറ്റുകളില്‍ 30ഉം നേടിയപ്പോള്‍ ആര്‍എസ്എസ് അപകടം മണത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ടുതന്നെ ഒരു പഴുതും വിടാതിരിക്കാന്‍ സംഘ നേതൃത്വം കരുതലെടുത്തു. ആ കരുതലിന്റെയും ജാഗ്രതയുടെയും പ്രതിഫലനമാണ് ശനിയാഴ്ച കണ്ടത്. അദാനിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമായിരുന്നു. 2019 ല്‍ ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചത് അദാനിയുടെ ആഴമാര്‍ന്ന കീശകളായിരുന്നു എന്ന ആരോപണം കാണാതിരിക്കേണ്ടതില്ല. രാജ്യത്തിന് പുറത്ത് കനത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുന്നുവെന്നത് അദാനി ഗ്രൂപ്പിന് നല്‍കുന്ന സമാശ്വാസം ചെറുതായിരിക്കില്ല.

ശരദ്പവാര്‍ എന്ന കുലപതിയുടെ ശരത്കാലമാണിതെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നു. ശിവസേനയും എന്‍സിപിയും ദുര്‍ബ്ബലമാവുകയാണ്. രണ്ടായി പിരിഞ്ഞ ഈ പാര്‍ട്ടികളെയും അതിജീവനത്തിനായുള്ള വലിയ പോരാട്ടമാണ് കാത്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്താനായതില്‍ ജെഎംഎമ്മിനും കോണ്‍ഗ്രസിനും ആശ്വസിക്കാം. ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇപ്പോഴും ബിജെപിയെ തടയാനാവും എന്ന സന്ദേശമാണ് ഝാര്‍ഖണ്ഡില്‍ നിന്നും ഉയരുന്നത്.

പാലക്കാട് തകര്‍ന്നത് ബിജെപിയുടെ വലിയ സ്വപ്നമാണ്. തൃശ്ശൂര്‍ ആവര്‍ത്തിക്കാനാവുമെന്ന കടുത്ത ആത്മവിശ്വാസം പാലക്കാട് ബിജെപിക്കുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കോണ്‍ഗ്രസിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും ബിജെപിക്ക് വിനയായി. പാര്‍ട്ടിക്ക് പുറത്തു നിന്നു വോട്ടു കിട്ടണമെങ്കില്‍ ഇ ശ്രീധരനോ  സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ വേണമെന്ന് വരുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല. പുതിയ നേതൃനിരയും പുതിയ അജണ്ടയും മുന്നോട്ടുവെയ്ക്കാനാവുന്നില്ലെങ്കില്‍ കേരളത്തില്‍ കാവിയുടെ വ്യാപനം ഇനിയും അകലെയായിരിക്കുമെന്ന സൂചനയാണ് പാലക്കാട് നല്‍കുന്നത്.

2019 ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടിയത് 4.31 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷമാണ്. പക്ഷേ, അന്ന് 80.33 ശതമാനം പേര്‍ വോട്ട് ചെയ്തു. ഇക്കുറി വോട്ടിങ് 64 ശതമാനത്തിലേക്ക് താഴ്ന്നിട്ടും പ്രിയങ്ക ഗാന്ധി 4.10 ലക്ഷത്തിന്റെ ലീഡ് നേടി. ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്കും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനും വോട്ടുകള്‍ കുറഞ്ഞു. വയനാട്ടില്‍ അമിത പ്രതീക്ഷകള്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുമുണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്. എന്നാലും ഓര്‍മ്മിക്കാനുതകുന്ന ഒരു പോരാട്ടത്തിന് പോലും കഴിയാതെ പോവുന്നു എന്നത് ഇരുമുന്നണികള്‍ക്കും കാണാതിരിക്കാനാവില്ല.

പാലക്കാട് 2011നേക്കാള്‍ 860 വോട്ടുകളാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പി സരിന്‍ കൂടുതലായി നേടിയത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണത്തിലിരിക്കുന്ന കക്ഷിക്ക് വലിയ തോതില്‍ വിഭവസമാഹരണം നടത്താനും അവ വിനിയോഗിക്കാനും കഴിയും. എന്നിട്ടും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നുവെന്നത് അപായ സൂചനയല്ലാതെ മറ്റൊന്നുമല്ല. ചേലക്കരയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനുണ്ടായിരുന്നു. ഒരോ പഞ്ചായത്തിനും ഒരു മന്ത്രിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. യു ആര്‍ പ്രദീപിനെപ്പോലെ ജനകീയനായ സ്ഥാനാര്‍ത്ഥിയും കൂടിയായപ്പോള്‍ ചേലക്കര സിപിഎമ്മിന് കുറെക്കൂടി അനായാസ വിജയമാണ് സമ്മാനിക്കേണ്ടിയിരുന്നത്.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.

2021ലെ ചരിത്രപരമായ ഭരണത്തുടര്‍ച്ച കൈകാര്യം ചെയ്തതിലെ പാളിച്ചകള്‍ തീര്‍ച്ചയായും ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. തികച്ചും പോസിറ്റിവ് ആയ വിധിയിയിരുന്നു 2021ലേത്. പക്ഷേ, ആ ജനവിധിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിനായില്ല എന്ന വലിയ വിമര്‍ശനം വിസ്മരിക്കാനാവില്ല. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കടലെടുത്തെന്നും ആരോപണമുണ്ടായി. ധാര്‍ഷ്ട്യവും അഹന്തയും മുഖമുദ്രയാക്കിയ നേതാക്കള്‍ക്ക് മുന്നില്‍ ആന്തൂര്‍ സാജനും എഡിഎം നവീന്‍ ബാബുവും ജീവനെടുത്തു. പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പവും കണ്ണൂരില്‍ പി പി ദിവ്യയ്ക്കൊപ്പവും നിലയുറപ്പിച്ചുകൊണ്ട് ഇരട്ടത്താപ്പില്‍ പാര്‍ട്ടി പുതിയ ചരിത്രം തീര്‍ത്തു. ഇതിനിടയില്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചു കയറി. തൃശ്ശൂര്‍ പൂരം കലക്കി , ഈ വിജയത്തിന് കുടപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള പോലീസാണെന്ന് സഖ്യകക്ഷിയായ സിപിഐ ആരോപണമുയര്‍ത്തി. കൊടകര കുഴല്‍പ്പണക്കേസ് ഒരിടത്തുമെത്താതെ അനാഥമായി.

എന്നിട്ടുമെന്നിട്ടും ഒരു തിരുത്തലും ഒരിടത്തുമുണ്ടായില്ല. തൃക്കാക്കരയിലും പുതുപ്പള്ളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ ഭൂരിപക്ഷം കണ്ടില്ലെന്ന് നടിച്ചു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടവും മട്ടന്നൂരുമടക്കം പാര്‍ട്ടി കോട്ടകളില്‍ നിന്ന് മണ്ണൊലിച്ചുപോയിട്ടും കണ്ണുകള്‍ തുറന്നില്ല. 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ബൂത്തില്‍ 2019 ല്‍ 53 വോട്ടാണ് ബിജെപി നേടിയതെങ്കില്‍ ഇത്തവണ അത് 115 ആയി ഉയര്‍ന്നു. ഇതിനുള്ള പ്രതിവിധി ഹിന്ദു  ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണെന്ന കണ്ടെത്തലിലേക്കാണ് പാര്‍ട്ടി നീങ്ങിയത്. അങ്ങിനെയാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ചോര്‍ച്ചകള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന നിലപാട് പാലക്കാട്ട് തിരഞ്ഞെടുപ്പിന് തലേന്ന് പത്രപ്പരസ്യമായത്. ബിജെപിയുടെ പതനത്തേക്കാള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് മുഖ്യമെന്ന പ്രതീതി ഉടലെടുത്തു. ഈ പരിസരത്തിലാണ് വയനാടും പാലക്കാടും ചേലക്കരയും മുന്നോട്ടുവെയക്കുന്ന സന്ദേശങ്ങള്‍ സിപിഎം വായിക്കേണ്ടത്.

വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന് അമിതമായി ആഹ്ലാദിക്കാനുള്ള വക ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നില്ലെന്നതാണ് വാസ്തവം. ലീഗ് കൂടെയുള്ളപ്പോള്‍ വയനാട് കോണ്‍ഗ്രസിന് സ്വന്തം കോട്ടയാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലാണ് പാലക്കാട് കോണ്‍ഗ്രസ് തുടര്‍ച്ചയായി നിലനിര്‍ത്തുന്നത്.  കോണ്‍ഗ്രസിനോടുള്ള അനുഭാവത്തേക്കാള്‍ പിണറായി സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ്  ജന വിധിയിലുള്ളതെന്ന നിരീക്ഷണവും കാണാതിരിക്കാനാവില്ല. ചേലക്കരയില്‍ ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു മുന്നണികള്‍ മാത്രം എന്ന സമവാക്യം മാറുകയാണെന്നു കൂടി ചേലക്കര വ്യക്തമാക്കുന്നു. 2026ലേക്കുള്ള ആ വലിയ യാത്ര ഒരു പാര്‍ട്ടിക്കും എളുപ്പമല്ല എന്നതാണ് വാസ്തവം.