ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച ലോക്‌സഭ എംപിമാരുടെ യോഗത്തില്‍നിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ വിട്ടുനിന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ വിട്ടുനില്‍ക്കലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡിസംബര്‍ 19-ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, സഭയില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനും ബിജെപിക്കെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നതിനുമായാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ അവലോകന യോഗം വിളിച്ചത്. പങ്കെടുക്കാനാവില്ലെന്ന് തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, തരൂരിന്റെ അഭാവത്തിന്റെ കാരണം തനിക്ക് അറിയില്ലെന്നാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് പറഞ്ഞത്. പാര്‍ട്ടിയുടെ പ്രധാന ചര്‍ച്ചകളില്‍ നിന്ന് തരൂര്‍ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യങ്ങളുയരുന്നുണ്ട്.
ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണ് യോഗത്തിന്റെ ഭാഗമാകാന്‍ സാധിക്കാതിരുന്നതെന്നാണ് തരൂരിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനായി തരൂര്‍ കൊല്‍ക്കത്തയിലെത്തിയിരുന്നു. മാത്രമല്ല കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായി ജോണ്‍ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമണെന്ന് അദ്ദേഹം ‘എക്സി’ല്‍ കുറിക്കുകയും ചെയ്തു.
നേരത്തേ നവംബര്‍ 18, 30 തീയതികളിലായി നടന്ന കോണ്‍ഗ്രസ് യോഗങ്ങളിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. നവംബര്‍ 18-ാം തീയതി രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന് ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞായിരുന്നു തരൂര്‍ വിട്ടുനിന്നത്. നവംബര്‍ 30-ന് സോണിയ ഗാന്ധി നയിച്ച കോണ്‍ഗ്രസ് സ്ട്രാറ്റജിക് ഗ്രൂപ്പ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അന്ന് താന്‍ വിമാനത്തിലായിരുന്നെന്നും കേരളത്തിലേക്ക് വരികയായിരുന്നുവെന്നുമായിരുന്നു തരൂര്‍ നല്‍കിയ വിശദീകരണം. 2020-ല്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്ത ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ടയാളായിരുന്നു തരൂര്‍.
Content Highlights: Shashi Tharoor, MP, missed Rahul Gandhi`s Lok Sabha MPs meeting for the 3rd time. Cites wedding and birthday. Read why he`s absent.
Published: 12 Dec 2025, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented