മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രാഹുൽഗാന്ധിക്കൊപ്പമുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിൽ ഇവർക്കും സമീപത്തായി രണ്ട് പെട്ടികൾ പിടിച്ചുനിൽക്കുന്ന ഒരാളെ കാണാം. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇത് എന്ന വാദത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. കോൺഗ്രസ് പാർട്ടിയെയും ഖാർഗെയെയും ഗാന്ധികുടുംബത്തെയും വിമർശിച്ചുകൊണ്ട് പലരും ആ പോസ്റ്റുകളിൽ കമൻറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം- “അന്ന് രാജീവിൻ്റെ പെട്ടി ചുമന്ന് നടന്ന ഈ അടിമക്കണ്ണാണ് ഇന്ന് കോൺഗ്രസിൻ്റെ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. വിദേശിയോടും വിദേശ ബന്ധങ്ങളുള്ളവരോടും കോൺഗ്രസിൻ്റെ വിധേയത്വം പണ്ടേ ഉള്ളതാണ് എന്നതിൻ്റെ മറ്റൊരു തെളിവാണ് ഈ ചിത്രം” എന്നാണ്.
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റിൽ ആരോപിക്കുന്നതുപോലെ പോലെ ചിത്രത്തിലുള്ളത് മല്ലികാർജുൻ ഖാർഗെയല്ല എന്നതാണ് യാഥാർത്ഥ്യം.
കുട്ടിയായ രാഹുൽ ഗാന്ധിയുടെ ചുമലിൽ കയ്യിട്ട് നടന്നുവരുന്ന രാജീവ് ഗാന്ധിയാണ് ചിത്രത്തിൽ. ഇവർക്ക് സമീപത്തായി ഇരുകയ്യിലും സ്യൂട്ട്കെയിസുകൾ പിടിച്ച ഒരാളെയും കാണാം. ഇയാളുടെ ചിത്രം ചുവപ്പ് നിറംകൊണ്ട് വട്ടത്തിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20-ന് ബിജെപി അനുകൂല ഹാൻറിലുകൾ ഈ ചിത്രം എക്സിൽ വ്യാപകമായി പങ്കുവച്ചിരുന്നു. ഖാർഗെയാണ് പെട്ടികൾ പിടിച്ചുനിൽക്കുന്നത് എന്ന വാദത്തോടെയായിരുന്നു ഇത്. വിശദമായ പരിശോധനയിൽ മറ്റൊരു പോസ്റ്റ് കെണ്ടെത്തി. ശ്രീനിവാസൻ എന്ന പേരിലുള്ള ഹാൻറിൽ ഈ ചത്രമുൾപ്പെട്ട ഒരു പോസ്റ്റിന് നൽകിയിരിക്കുന്ന വിശദീകരണത്തിൽ പറയുന്നത് ചിത്രത്തിലുള്ളത് ഖാർഗെയല്ല മറിച്ച് സിദ്ധാർത്ഥ റെഡ്ഡിയാണ് എന്നാണ്.
പോസ്റ്റിന്‍റെ പരിഭാഷ- “ഈ പോസ്റ്റിന് ലഭിച്ച മറുപടികളിലെ അറിവില്ലായ്മ കണ്ട് ഞാൻ അത്ഭുതപ്പെടുന്നു. ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് നിങ്ങൾക്ക് യാതൊരു ധാരണയുമില്ല എന്നത് വ്യക്തമാണ്. അത് മല്ലികാർജുൻ ഖാർഗെയല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് മുൻപ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒഎസ്ഡി (OSD) ആയി പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥ റെഡ്ഡിയാണ് ചിത്രത്തിലുള്ളത്; അമേത്തിയിലെ കാര്യങ്ങൾ അദ്ദേഹം ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജീവ് ഗാന്ധി അദ്ദേഹത്തെ വലിയ സ്നേഹത്തോടെയാണ് കണ്ടിരുന്നത്; പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ഒരു ബന്ധമായിരുന്നു അവരുടേത്. നിർഭാഗ്യവശാൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അന്തരിച്ചു. രാജീവിന്റെ മരണശേഷം, മറ്റ് പലരെയും പോലെ അദ്ദേഹവും കോൺഗ്രസിൽനിന്ന് അകന്നുപോയിരുന്നു.”
പോസ്റ്റിലെ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ കീവേർഡ് സർച്ചിൽ ഇന്ത്യാ ടുഡേ 2014 ജൂൺ 19-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്‍റെ അനുയായികളും എന്ന തലക്കെട്ടോടെയുള്ള വാർത്തയിൽ സിദ്ധാർത്ഥ റെഡ്ഡി എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇൻഡസ്ട്രിയൽ എൻജിനീയറായ സിദ്ധാർത്ഥ റെഡ്ഡി, യൂത്ത് കോൺഗ്രസ് (ഐ) പ്രവർത്തകനായിരിക്കെ 1981-ലാണ് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരുടെയും സഹായികളുടെയും ടീമിലേക്ക് എത്തുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിൽ സജീവമായ രാജീവ് ഗാന്ധി, തന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച സംഘത്തിൽ പ്രമുഖ സ്ഥാനം സിദ്ധാർത്ഥ റെഡ്ഡിക്ക് ലഭിച്ചു. പിന്നീട് ഉത്തർപ്രദേശിൽ രാജീവ് ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയിലെ പ്രധാന ചുമതലകൾ നിർവ്വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ സിദ്ധാർത്ഥ റെഡ്ഢിയുടെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. അതേ മുഖം തന്നെയാണ് പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയുടേതും.
തുടർ പരിശോധനയിൽ തെലുങ്ക് മാധ്യമമായ ടിവി9 2021 ജൂൺ 11-ന് പ്രസിദ്ധീകരിച്ച, സിദ്ധാർത്ഥ് റെഡ്ഢിയുടെ മരണവാർത്ത ലഭിച്ചു. രാജീവ് ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന സിദ്ധാർത്ഥ് രാജീവിന്‍റെ മരണശേഷം ബിജെപിയിൽ ചേർന്നതായാണ് വാർത്തയിൽ പറയുന്നത്. റിപ്പോർട്ടിൽ സിദ്ധാർത്ഥ് രാജീവ് ഗാന്ധിയോടൊപ്പമുള്ള രണ്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്.
മാത്രമല്ല, മല്ലികാർജുൻ ഖാർഗെ രാജീവ് ഗാന്ധിക്കൊപ്പമുള്ള പഴയൊരു ചിത്രം നേരത്തെ എക്സിൽ പങ്കുവച്ചിരുന്നു. അതിൽ കാണുന്ന ഖാർഗെയുടെ പഴയ രൂപം വൈറൽ ചിത്രത്തിലെ വ്യക്തിയിൽനിന്നു വ്യത്യസ്തമാണ്. ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Viral photo claims Congress President Mallikarjun Kharge is carrying Rajiv Gandhi's luggage., Fact check reveals the person in the photo is actually Siddharth Reddy, Rajiv Gandhi's former OSD., BJP handles widely shared the misleading image on Rajiv Gandhi's birth anniversary.
Published: 22 Aug 2026, 06:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented