ഐസ്വാള്‍ ഈസ്റ്റ് ഒന്ന് മണ്ഡലത്തില്‍ മിസോറം മുഖ്യമന്ത്രി സോറംതങ്ക തോല്‍ക്കുമ്പോള്‍ അത് അദ്ദേഹത്തിനും മിസോ നാഷണല്‍ ഫ്രണ്ടിനും(എം.എന്‍.എഫ്.) വലിയ ആഘാതമാണ്. കോണ്‍ഗ്രസുമായി മത്സരിച്ച് തോറ്റപ്പോള്‍ പോലും ഇത്ര വലിയ ആഘാതം എം.എന്‍.എഫിനേറ്റിട്ടില്ല. അത്രയേറെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സൊറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ആദ്യ മത്സരത്തിലേര്‍പ്പെടുന്ന സ്ഥാനാര്‍ഥിയോടാണ് മിസോറമിലെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായ സോറംതങ്ക തോല്‍ക്കുന്നത്. 

To advertise here,

ഇന്ത്യന്‍ സൈന്യത്തോട് പോലും പോരാടിയ ചരിത്രമുള്ളയാളാണ് സോറംതങ്ക. ഇന്ത്യക്കെതിരെ പോരാടാന്‍ പാകിസ്താന്റെയും ചൈനയുടെയും വരെ സഹായം തേടിയ ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. സോറംതങ്കയുടെ ജീവിതം മിസോറമിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. മറ്റൊരു ഇന്ത്യന്‍ നേതാവിനും അവകാശപ്പെടാനില്ലാത്ത അനുഭവങ്ങളാണ് സോറംതങ്കയുടെ കരുത്ത്. ഈ അനുഭവങ്ങളില്‍ അദ്ദേഹത്തിന് വലിയ അഭിമാനവുമാണ്. അനുഭവങ്ങളെ ക്രോഡീകരിച്ച് അദ്ദേഹം തന്റെ ആത്മകഥ തയ്യാറാക്കിയിട്ടുണ്ട്. മിലാരി (MILARI) എന്നാണ് സോറംതങ്ക മിസോ ഭാഷയിലെഴുതിയ ആത്മകഥയുടെ പേര്. പുസ്തകത്തിന്റെ പേരിന്റെ MI എന്നീ അക്ഷരങ്ങള്‍ മിസോറമിനെയും LA ലാല്‍പാ എന്ന മിസോ വാക്കിനെയും (ദൈവം എന്നര്‍ഥം) R റെമുരുതാന എന്ന വാക്കിനെയും (അര്‍ഥം: ഒരുക്കങ്ങള്‍) I ഞാന്‍ എന്ന വാക്കിനെയും പ്രതിനിധാനം ചെയ്യുന്നു. അതായത് മിലാരി എന്നാല്‍ മിസോറമും ദൈവഹിതവും ഞാനും. ഈ പുസ്തകം വെച്ച് സിനിമ ആരെങ്കിലും സിനിമ ചെയ്യണമെന്ന് സോറംതങ്ക ആഗ്രഹിക്കുന്നു. ബോളിവുഡൊന്നും പോരാ, തന്റെ കഥയ്ക്ക് അനുയോജ്യം ഹോളിവുഡ് മാത്രമാണെന്നും അതുടനെ സംഭവിക്കുമെന്നുമാണ് അദ്ദേഹം കരുതുന്നത്. അത്രയും സംഭവഭരിതമാണ് സൊറംതങ്കയുടെ ജീവിതം.

മുള പൂക്കുമ്പോള്‍ 

ചെറിയൊരു സംസ്ഥാനമാണ് മിസോറം. ജനസംഖ്യയും ഏറെ കുറവ്. കേരളത്തിലെ വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം മിസോറാമിലേക്കാള്‍ ജനസംഖ്യയുണ്ട്. റം എന്നാല്‍ മിസോ ഭാഷയില്‍ നാട് എന്നാണ് അര്‍ഥം. മിസോറം എന്നാല്‍ മിസോകളുടെ നാട്. മിസോകള്‍ ഗോത്രവര്‍ഗ ജനതയാണ്. ടിബറ്റിലെയും മ്യാന്‍മറിലെയും ഗോത്രവര്‍ഗ പിന്തുടര്‍ച്ചാവകാശികള്‍. മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും പിന്നെ മ്യാന്‍മാറിലുമായി കിടക്കുന്ന ലുഷായി മലനിരകളിലാണ് മിസോകള്‍ താമസമുറപ്പിച്ചിരിക്കുന്നത്. മിസോറമിലും മണിപ്പൂരിലുമെല്ലാമുള്ള കുകികള്‍ മിസോ വര്‍ഗത്തില്‍പെട്ടവരാണ്.

എല്ലാ മിസോറമുകാരും തങ്ങളുടെ ജീവിതകാലത്ത് രണ്ടോ മൂന്നോ തവണ ക്ഷാമത്തെ നേരിടേണ്ടതായി വരും. ക്ഷാമത്തിന്റെ കാരണം ഇന്ത്യയുടെ മറ്റ് പ്രദേശത്തുള്ളവര്‍ക്ക് കൗതുകകരമായും അവിശ്വസനീയമായും തോന്നാം. മുളകളുടെ നാടാണ് മിസോറം. രണ്ടുതരത്തിലുള്ള മുളകളാണ് ഇവിടെ സുലഭമായിട്ടുള്ളത്. മെലോകാന്നാ ബാസിഫെറയും ബാംബുസാ ടുളാഡയും. രണ്ട് വിഭാഗത്തിലുള്ള മുളകളും ഏകദേശം 48 - 50 വര്‍ഷമാകുമ്പോള്‍ പൂക്കും. മുള പൂക്കുന്ന സമയത്ത് തന്നെ കാടുകളിലെ കറുത്ത എലികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുക. പതിനായിരക്കണക്കിന് എലികള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങും. അവ കൃഷിയെല്ലാം നശിപ്പിക്കും. 1924-ല്‍ ഐസ്വാള്‍ സബ് ഡിവിഷനില്‍ മാത്രം അമ്പതിനായിരത്തോളം എലികളെ ജനം കൊന്നുകളഞ്ഞതായി ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മിസോ ജനത സൂക്ഷിച്ചുവെച്ചിരിക്കുന്ന ഭക്ഷ്യസാധനങ്ങളിലേക്കാകും അടുത്തതായി എലികളെത്തുക. ഒരാഴ്ച കൊണ്ട് മിക്കവരുടെയും ഭക്ഷണസാധനങ്ങളും ഒരു വര്‍ഷത്തെ പ്രയത്‌നം കൊണ്ടുണ്ടാക്കിയ കൃഷിയും കരുതലായി വെച്ചിരുന്ന വിത്തുകളുമടക്കം എലികള്‍ ഭക്ഷിച്ചുപോകും. അതോടെ മിസോ കുന്നുകള്‍ മുഴുവന്‍ പട്ടിണിയുടെ പിടിയിലകപ്പെടും. പട്ടിണിമരണങ്ങളും പിന്നാലെയുണ്ടാകും. മിസോറമിലെ ക്ഷാമത്തെക്കുറിച്ച് പഠനം നടത്തിയ സാമൂഹിക ശാസ്ത്ര ഗവേഷകനായ സജല്‍ നാഗ് പറയുന്നത് ഓരോ ക്ഷാമവും 10000 മുതല്‍ 15000 വരെ മിസോകളുടെ ജീവനെടുക്കുമെന്നാണ്. ക്ഷാമം വന്നുപോകുന്നതോടെ മിസോ കുന്നുകളുടെ ജീവിതമാകെ തകിടം മറിയും. രണ്ടു വിഭാഗം മുളകളും രണ്ടുസമയങ്ങളിലായാണ് പൂക്കുകയെന്നതാണ് സങ്കടകരം. ഒരു മുള വരുത്തുന്ന ക്ഷാമം മൗതാം എന്നും മറ്റേത് തിങ്ടാമെന്നും അറിയപ്പെടുന്നു. 1862, 1911, 1959, 2007 വര്‍ഷങ്ങളില്‍ മൗതാമും 1881, 1929, 1977 വര്‍ഷങ്ങളില്‍ തിങ്ടാമും ഉണ്ടായിട്ടുണ്ട്. (ഈ കണക്ക് പ്രകാരം 2025-ല്‍ ഒരു ക്ഷാമം മിസോറമില്‍ പ്രതീക്ഷിക്കാം). 

1959-ല്‍ ക്ഷാമം വരാനിടയുണ്ടെന്ന് മിസോക്കാര്‍ക്കറിയാമായിരുന്നു. ഇതിനെ തടയാനും എലികളെ കൊല്ലാനുമായി 15 ലക്ഷം രൂപ സഹായധനം അനുവദിക്കണമെന്ന് മിസോ ഹില്‍സ് ജില്ലാ കൗണ്‍സില്‍ 1958-ല്‍ തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ഇതത്ര ഗൗരവത്തിലെടുത്തില്ല. അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മിസോറം. ക്ഷാമം പ്രവചിക്കാന്‍ സാധ്യമല്ലെന്നായിരുന്നു അസം മുഖ്യമന്ത്രിയായിരുന്നു ബിമല പ്രസാദ് ചാലിഹയുടെ നിലപാട്. എന്നാല്‍ മിസോകള്‍ പ്രവചിച്ച പോലെ ക്ഷാമം വന്നതോടെ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പകച്ചുനില്‍പ്പായി. സര്‍ക്കാരുകളെ കാത്തിരുന്നാല്‍ ക്ഷാമം നേരിടാനാകില്ലെന്ന് വന്നതോടെ മിസോ കള്‍ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടന സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. എലികളെ കൊന്നൊടുക്കാനും ഭക്ഷണമെത്തിക്കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. സൈന്യത്തില്‍ ഹവില്‍ദാറായിരുന്ന ലാല്‍ദെംഗയായിരുന്നു അവര്‍ക്ക് നേതൃത്വം നല്‍കിയത്. പോകെപ്പോകെ മിസോകള്‍ സര്‍ക്കാരിനെതിരായി തിരിയാന്‍ തുടങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും നേരെ അക്രമങ്ങളുണ്ടായി. മിസോ കള്‍ച്ചറല്‍ സൊസൈറ്റി, മിസോ നാഷണല്‍ ഫ്രണ്ട് എന്ന രാഷ്ട്രീയസംഘടനായായി മാറി. അതിന് സായുധവിഭാഗവുമുണ്ടായി. പട്ടിണിയിലാണ്ട മിസോ ജനത ലാല്‍ദെംഗയ്ക്കും മിസോ നാഷണല്‍ ഫ്രണ്ടിനുമൊപ്പം ആയുധമേന്തി പോരാട്ടത്തിനിറങ്ങി.

placeholder
സോറംതങ്ക

സോറംതങ്ക ആയുധമെടുക്കുന്നു

സാംതാങ് എന്ന ചെറിയൊരു ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ 1944-ലാണ് സോറംതങ്കയുടെ ജനനം. അഞ്ച് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുള്ള കുടുംബത്തിലെ ഏഴാമത്തെ കുട്ടി. എല്ലാ മക്കളെയും കൂടുതല്‍ പഠിപ്പിക്കാനുള്ള പണം കുടുംബത്തിലുണ്ടായിരുന്നില്ല. അതോടെ പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം സോറംതങ്ക പഠനം നിര്‍ത്തി. പിന്നീട് അല്‍പകാലം അധ്യാപകനായി ജോലി നോക്കി. തുടര്‍ന്ന് പഠിക്കണമെന്ന മോഹം സഫലീകരിക്കാന്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം മാറ്റിവെച്ചു. 

അന്ന് അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ മിസോറം. കാര്യമായ പഠനസൗകര്യമൊന്നും അവിടെയില്ല. 1956-ല്‍ കേന്ദ്രഭരണ പ്രദേശമായ മണിപ്പുരില്‍ മെച്ചപ്പെട്ട കോളേജുകളുണ്ട്. മിച്ചം പിടിച്ച പണം കൊണ്ട് സോറംതങ്ക ഇംഫാലിലെ ഡി.എം. കോളേജ് ഓഫ് ആര്‍ട്‌സില്‍ പ്രീ ഡിഗ്രി കോഴ്‌സിന് ചേര്‍ന്നു. പഠനത്തിനിടയ്ക്ക് സോറംതങ്ക ഒരു പാറമടയില്‍ ജോലിക്ക് പോകും. കല്ലുകളുടച്ചും ചുമന്നുമെല്ലാം പണം കണ്ടെത്തി. സ്വന്തം കാലില്‍ നില്‍ക്കുകയെന്നതായിരുന്നു ലക്ഷ്യം. ബി.എ. ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദം കൂടി നേടിയായിരുന്നു സോറംതങ്ക ഇംഫാല്‍ വിട്ടത്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മിസോ നാഷണല്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സോറംതങ്ക ആകൃഷ്ടനായി. മൂന്ന് വര്‍ഷം റണ്‍ ബംഗ് ഏരിയാ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഒളിവിലിരുന്നായിരുന്നു പ്രവര്‍ത്തനം. മുഴുവന്‍ സമയവും കാട്ടിനുള്ളില്‍ തന്നെ. മിടുക്കനും അഭ്യസ്തവിദ്യനുമായ സോറംതങ്കയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രസിഡന്റായ ലാല്‍ദെംഗയുടെ ശ്രദ്ധ പിടിച്ചുപറ്റി. 1969-ല്‍ സോറംതങ്കയെ ലാല്‍ദെംഗ തന്റെ സെക്രട്ടറിയായി നിയമിച്ചു. 25 വയസ്സായിരുന്നു അപ്പോള്‍ സോറംതങ്കയുടെ പ്രായം.

മിസോറമിലെ സംഘര്‍ഷഭരിതമായ കാലഘട്ടത്തിലാണ് സോറംതങ്ക മിസോ നാഷണല്‍ ഫ്രണ്ടില്‍ ചേരുന്നത്. എം.എന്‍.എഫിന്റെ സായുധവിഭാഗമായ മിസോ നാഷണല്‍ ആര്‍മി (എം.എന്‍.എ.) ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന സമയമായിരുന്നു അത്. ഇന്നത്തെ മിസോറം, ത്രിപുര, മണിപ്പുര്‍, അസം എന്നിവിടങ്ങളിലെ മിസോകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ചേര്‍ത്തുള്ള ഗ്രേറ്റര്‍ മിസോറം എന്ന രാജ്യമായിരുന്നു എം.എന്‍.എഫിന്റെ ലക്ഷ്യം. ബര്‍മയിലെ ചില പ്രദേശങ്ങള്‍ കൂടി ഇതോടൊപ്പം ചേര്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചു. വിഘടനവാദികളെ തടയാന്‍ അസം റൈഫിള്‍സിന്റെ ബറ്റാലിയനുകള്‍ സൈന്യം കൂട്ടി. ഇത് എം.എന്‍.എഫിനെ പ്രകോപിപ്പിച്ചു. 1966 ഫെബ്രുവരി 28-ന് എം.എന്‍.എഫ്. 'ഓപ്പറേഷന്‍ ജെറികോ' പ്രഖ്യാപിച്ചു. 1500 സായുധരായ എം.എന്‍.എ. പ്രവര്‍ത്തകര്‍ ഭരണകേന്ദ്രമായ ഐസ്വാള്‍ ലക്ഷ്യമാക്കി നീങ്ങി. മാര്‍ച്ച് ഒന്നിന് മിസോ സ്വതന്ത്ര രാഷ്ട്രമായതായി അവര്‍ പ്രഖ്യാപിച്ചു. ലുംഗ്‌ലേയിലുണ്ടായിരുന്ന അസം റൈഫിള്‍സ് പോസ്റ്റ് ആക്രമിച്ച് കീഴ്‌പ്പെടുത്തി. സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് 18 ലക്ഷം രൂപ കവര്‍ന്നു. ഒന്നുരണ്ടു ദിവസം കൊണ്ട് ഐസ്വാള്‍ ഒഴിച്ചുള്ള ഇന്നത്തെ മിസോറമിന്റെ ഭൂരിഭാഗവും എം.എന്‍.എഫിന്റെ കൈയിലായി. 

അക്രമത്തിന് നേതൃത്വം കൊടുത്തവരില്‍ ഭൂരിഭാഗവും മുന്‍ സൈനികരായിരുന്നു. പലരും അച്ചടക്ക നടപടികള്‍ക്ക് വിധേയരായി പുറത്താക്കപ്പെട്ടവര്‍. അവര്‍ക്കെല്ലാം ആയുധങ്ങള്‍ നന്നായി ഉപയോഗിക്കാനറിയാമായിരുന്നു. ഒപ്പം ഈസ്റ്റ് പാകിസ്താനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നിന്ന് അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും പരിശീലനവും കിട്ടി. രാജ്യത്തെ പൗരന്‍മാര്‍ക്കെതിരെ തന്നെ യുദ്ധം നടത്തേണ്ട സാഹചര്യമോര്‍ത്ത് ഇന്ത്യന്‍ സൈന്യം ആദ്യഘട്ടത്തില്‍ ഒന്ന് മടിച്ചുനിന്നു. എന്നാല്‍ കാര്യങ്ങള്‍ പൂര്‍ണമായി കൈവിട്ടുതുടങ്ങിയെന്ന് കണ്ടപ്പോള്‍ സൈന്യം ശക്തമായി പ്രതികരിച്ചുതുടങ്ങി. മിസോ ഹില്‍സ് ജില്ല അസ്വസ്ഥപ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒപ്പം എം.എന്‍.എഫിനെ നിരോധിക്കുകയും ചെയ്തു. റോഡ്മാര്‍ഗം എത്താനാകില്ലെന്ന് വന്നതോടെ വ്യോമസേന രംഗത്തിറങ്ങി. സൈനികകേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വ്യോമസേനയുടെ ശ്രമം എം.എന്‍.എയുടെ സ്‌നെപ്പര്‍മാര്‍ പരാജയപ്പെടുത്തി. യുദ്ധവിമാനങ്ങള്‍ക്കുനേരെ അതിശക്തമായി അവര്‍ വെടിയുതിര്‍ത്തു. അതോടെ മാര്‍ച്ച് അഞ്ചിന് വ്യോമസേന മെഷീന്‍ ഗണ്ണും ബോംബുകളും മിസോറമില്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ എം.എന്‍.എഫ്‌
പ്രവര്‍ത്തകര്‍ കാടുകളിലേക്കും ബര്‍മയിലെയും ഈസ്റ്റ് പാകിസ്താനിലെ അഭയകേന്ദ്രങ്ങളിലേക്കും പിന്‍വാങ്ങി. അതോടെ അവര്‍ കീഴടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിനകത്ത് യുദ്ധം നടത്തിയ ആദ്യത്തെയും അവസാനത്തെയും സംഭവമായിരുന്നു അത്.

സോറംതങ്ക അടക്കമുള്ള ഒട്ടേറെപ്പേര്‍ ഈസ്റ്റ് പാകിസ്താനിലേക്കായിരുന്നു രക്ഷപ്പെട്ടത്. ചിറ്റഗോങ് ഹില്‍ ട്രാക്റ്റ് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള ഇവരുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ എം.എന്‍.എഫ്‌. ആകെ ചിതറിപ്പോയിരുന്നു. മറ്റൊരു ആസൂത്രണം നടത്താന്‍ പിന്നീട് അവര്‍ക്ക് അവസരം കിട്ടിയില്ല. 1971-ല്‍ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധം തുടങ്ങിയതോടെ ഇന്ത്യന്‍ സൈന്യം ചിറ്റഗോങ് ഹില്‍ ട്രാക്റ്റിലേക്ക് കയറാന്‍ തുടങ്ങി. അതോടെ സോറംതങ്കയടക്കമുള്ളവര്‍ക്ക് അവിടെ നിന്നും രക്ഷപ്പെടേണ്ടതായി വന്നു. ഗത്യന്തരമില്ലാതെ മ്യാന്‍മറിലേക്കുള്ള അഭയാര്‍ഥികള്‍ എന്ന ഭാവത്തില്‍ റംഗൂണിലേക്കായിരുന്നു (ഇപ്പോഴത്തെ യാംഗോണ്‍) അവര്‍ കടന്നുകളഞ്ഞത്. എന്നാല്‍ റംഗൂണിലും സ്വസ്ഥമായിരിക്കാന്‍ കഴിയാതായതോടെ 1972 മാര്‍ച്ചില്‍ സോറംതങ്ക അവിടെ നിന്ന് ഒരു പാകിസ്താനി ചാര്‍ട്ടേഡ് വിമാനത്തില്‍ കറാച്ചിയിലേക്ക് പറന്നു. ലാല്‍ദെംഗയും അദ്ദേഹത്തിന്റെ കുടുംബവും സോറംതങ്കയും അടക്കമുള്ള ചിലര്‍ പിന്നീട് ഇസ്‌ലാമബാദിലായിരുന്നു പിന്നീടുള്ള നാലുവര്‍ഷം താമസിച്ചത്.

എം.എന്‍.എഫിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയെന്ന് മനസ്സിലാക്കിയതോടെ ഇന്ത്യന്‍ സര്‍ക്കാരുമായി അവര്‍ തന്നെ സമാധാനചര്‍ച്ചയ്ക്ക് ശ്രമമാരംഭിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് മിസോ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നറിയിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ലാല്‍ദെംഗ ഒരു കത്തയച്ചു. എന്നാല്‍ ഇന്ദിരാഗാന്ധി അതിന് വലിയ പരിഗണന കൊടുത്തില്ല. ഡല്‍ഹിയില്‍ വന്ന് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും എം.എന്‍.എഫ്. നേതാക്കള്‍ ചര്‍ച്ച നടത്തി. ജനതാസര്‍ക്കാര്‍ വന്നപ്പോള്‍ മൊറാര്‍ജി ദേശായിയുമായും സോറംതങ്ക സംസാരിച്ചു. ആയുധം താഴെവെക്കൂ, എന്നിട്ടാകാം ചര്‍ച്ച എന്നായിരുന്നു മൊറാര്‍ജി ദേശായിയുടെ നയം. എന്നാല്‍ ആദ്യം ചര്‍ച്ച, പിന്നെ കീഴടങ്ങല്‍ എന്ന് എം.എന്‍.എഫും നയം വ്യക്തമാക്കി. ഇത് സര്‍ക്കാര്‍വൃത്തങ്ങള്‍ക്കത്ര പിടിച്ചില്ല. ചര്‍ച്ചയ്ക്കായെത്തിയ സോറംതങ്ക അടക്കമുള്ള നേതാക്കളെ ന്യൂഡല്‍ഹിയിലെ ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്ത് പൂട്ടിയിട്ടു. എന്നാല്‍ ഇവിടെ നിന്ന് സൊറംതാംഗയും കൂട്ടുകാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ജെയിംസ് ബോണ്ട് മോഡല്‍ രക്ഷപ്പെടല്‍ എന്നാണ് സൊറംതാംഗ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ഉടനടി വിമാനം പിടിച്ച് അവര്‍ കല്‍ക്കത്തയിലേക്കെത്തി. മിസോറമില്‍ അന്ന് വിമാനത്താവളമില്ല. അതുകൊണ്ട് നേരെ അസമിലെ സില്‍ച്ചാറിലേക്കുള്ള വിമാനത്തില്‍ സൊറംതാംഗ കയറി. അവിടെ നിന്ന് ജീപ്പില്‍ മിസോറമിലെത്തി. 27 ദിവസം തുടര്‍ച്ചയായി നടന്നാണ് പിന്നീട് കാട്ടിലുള്ള ഒളിത്താവളത്തിലെത്തിയതെന്ന് ടെലിഗ്രാഫിലെ സുദിപ്ത ഭട്ടാചര്‍ജിക്ക് നല്‍കിയ അഭിമുഖത്തില്‍ സോറംതങ്ക ഓര്‍മിക്കുന്നുണ്ട്. പാകിസ്താനും ചൈനയും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്നതായും പാക് പ്രധാനമന്ത്രി ഭൂട്ടോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ചെയര്‍മാന്‍ മാവോ സേ തുങ്്, ചൈനീസ് പ്രീമിയര്‍ ചൗ എന്‍ലായ്, ചൈനയിലെ പ്രധാന നേതാക്കളായ ചിയാങ് ചിങ്, ബിന്‍ ലിയാവോ എന്നിവരെയെല്ലാം നേരിട്ട് ചെന്ന് കണ്ടിരുന്നതായും സോറംതങ്ക പിന്നീട് ആത്മകഥയില്‍ എഴുതി. 

ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെട്ടതിനുശേഷം ഒളിത്താവളത്തിലിരുന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സോറംതങ്ക നേതൃത്വം നല്‍കിയത്. അപ്പോഴേക്കും അദ്ദേഹം എം.എന്‍.എഫിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ലാല്‍ദെംഗ വിദേശത്തുവെച്ച് ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ച ദിവസമാണ് അവര്‍ കൊല്ലപ്പെടുന്നത്. ഇന്ദിരാഗാന്ധി വധം ചര്‍ച്ചകളുടെ വേഗത കുറച്ചു.
പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി മിസോറമില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ആത്മാര്‍ഥമായ ശ്രമം നടത്തി. അങ്ങനെ 1986-ല്‍ മിസോറം ഉടമ്പടി ഒപ്പുവെച്ചു. ലാല്‍ദെംഗ അടക്കമുള്ള മിസോ നാഷണല്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധം താഴെ വെച്ച് ഇവിടുത്തെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളായി. ധാരണപ്രകാരം മിസോറം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ തന്‍ഹാവാല എതിര്‍പ്പേതും കൂടാതെ മുഖ്യമന്ത്രിപദം രാജിവെച്ചു. പകരം ലാല്‍ദെംഗ മുഖ്യമന്ത്രിയായി. ലാല്‍ തന്‍ഹാവാല ലാല്‍ദെംഗ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിപദം ഏറ്റെടുത്തു. എം.എന്‍.എഫ്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ മറ്റ് വിഘടനവാദ സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. മിസോറം 1987-ല്‍ പൂര്‍ണ സംസ്ഥാനമായി മാറി. ഇതിനുശേഷം മിസോറം ഇന്ത്യയിലെ തന്നെ ഏറ്റവും സമാധാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ഐസ്വാളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ റീജിണല്‍ ഡയറക്ടറുമായിരുന്ന എല്‍.ആര്‍. സെയ്‌ലോ, ലെസ്റ്റ് വീ ഫോര്‍ഗെറ്റ് എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ ഒരു പേനയിലെ വര കൊണ്ട് അവസാനിച്ച ലോകത്തിലെ ഏക സായുധകലാപമാണ് മിസോറമിലേത്.

placeholder
സോറംതങ്ക

മുഖ്യമന്ത്രി പദത്തിലേക്ക്

പൂര്‍ണ സംസ്ഥാനമായതിനുശേഷം 1987-ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.എന്‍.എഫ്. 40-ല്‍ 24 സീറ്റ് നേടി. ലാല്‍ദെംഗ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ ധനകാര്യം, വിദ്യാഭ്യാസം എന്നീ പ്രധാന വകുപ്പുകളുടെ ചുമതല സോറംതങ്കയെ തേടിയെത്തി.ഭരണത്തിലേറി 18 മാസം കഴിഞ്ഞപ്പോഴേക്കും മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി കൂടുതല്‍ എം.എല്‍.എമാര്‍ രംഗത്തെത്തി. പിന്നാലെ എം.എന്‍.എഫില്‍ നിന്ന് കുറേ എം.എല്‍.എമാര്‍ രാജിവെച്ചു. അതോടെ ലാല്‍ദെംഗയ്ക്ക് ഭൂരിപക്ഷ പിന്തുണ ഇല്ലാതായി. ആര്‍ക്കും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായതോടെ നാലര മാസത്തോളം മിസോറം രാഷ്ട്രപതി ഭരണത്തിലായി. 

1989-ല്‍ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ എം.എന്‍.എഫിന് അടിപതറുന്ന കാഴ്ചയാണ് കണ്ടത്. 23 സീറ്റുമായി കോണ്‍ഗ്രസിലെ ലാല്‍ തന്‍ഹാവാല മുഖ്യമന്ത്രിയായി. എം.എന്‍.എഫ്. 14 സീറ്റിലേക്ക് ചുരുങ്ങി. അപ്പോഴേക്കും അര്‍ബുദ ബാധിതനായ ലാല്‍ദെംഗ ചികിത്സയ്ക്കായി അമേരിക്കയിലെ ആശുപത്രിയിലേക്ക് പോയി. അവിടെവെച്ച് 1990 ജൂലായ് ഏഴിന് മരണമടയുകയും ചെയ്തു. 

ലാല്‍ദെംഗയുടെ മരണത്തോടെ എം.എന്‍.എഫ്. പ്രസിഡന്റായി സോറംതങ്ക തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ലാല്‍ദെംഗയുടെ മരണവും എം.എന്‍.എഫിനെ തളര്‍ത്തിയിരുന്നു. സോറംതങ്ക ആദ്യമായി നയിച്ച 1993-ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തന്നെയായിരുന്നു വിജയം. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് കുറവാണെങ്കിലും സ്വതന്ത്രരുടെ സഹായത്തോടെ ലാല്‍ തന്‍ഹാവാല തന്നെ മുഖ്യമന്ത്രിയായി. എം.എന്‍.എഫിന് തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിലെ അതേ എണ്ണം സീറ്റുകള്‍ തന്നെയാണ് കിട്ടിയത്. എന്നാല്‍ വോട്ടിങ് ശതമാനം അഞ്ച് ശതമാനത്തിലേറെ ഉയര്‍ത്താന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന് 33.1 ആയിരുന്നു വോട്ടിങ് ശതമാനമെങ്കില്‍ എം.എന്‍.എഫിന്റേത് 40.41 ആയിരുന്നു. 1998-ല്‍ എം.എന്‍.എഫ്. മികച്ച പ്രകടനം കാഴ്ചവെച്ചു. 21 സീറ്റുമായി കേവലഭൂരിപക്ഷം നേടി. സംസ്ഥാനത്തെ ആദ്യകാല പാര്‍ട്ടികളിലൊന്നായ മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ശക്തമായ തിരിച്ചുവരവ് നടത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. പലയിടത്തും ത്രികോണ മത്സരം നടന്നതോടെ എം.എന്‍.എഫിന്റെ വോട്ടിങ് ശതമാനം 24.99-ലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന് ആറു സീറ്റ് മാത്രമേ നേടാനായുള്ളൂ. എം.എന്‍.എഫിന്റെ അനിഷേധ്യ നേതാവായി മാറിയിരുന്ന സോറംതങ്ക തന്നെ മുഖ്യമന്ത്രിയായി അധികാരമേറ്റു.

placeholder
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സോറംതങ്ക

മധ്യസ്ഥന്‍

സോറംതങ്ക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ എ.ബി. വാജ്‌പേയ് നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യമാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. സംസ്ഥാനത്തെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയതിനാല്‍ സ്വാഭാവികമായും എം.എന്‍.എഫിന് ബി.ജെ.പിയോട് ഒരല്‍പം അടുപ്പക്കൂടുതല്‍ ഉണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റിലെ പ്രശ്‌നം പരിഹരിക്കാന്‍ വാജ്‌പേയ് ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വിഘടനവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡുമായി (എന്‍.എസ്.സി.എന്‍.) ചര്‍ച്ച നടത്താന്‍ അഭിഭാഷകനായ സ്വരാജ് കൗശലിനെയാണ് (മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഭര്‍ത്താവ്) വാജ്‌പേയ് നിയോഗിച്ചത്. ബാങ്കോങ്ങിലെത്തി അദ്ദേഹം നേതാക്കളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ലാല്‍ദെംഗയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും മിസോറമിലെ ആദ്യ അഡ്വക്കേറ്റ് ജനറലും ഗവര്‍ണറുമൊക്കെ ആകുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ സ്വരാജ് കൗശലിന് സോറംതങ്കയെ നന്നായി അറിയാം. അങ്ങനെ സൊറംതാംഗയ്ക്ക് വാജ്‌പേയിയുടെ വിളിയെത്തി. സോറംതങ്ക ഉദ്യമം ഏറ്റെടുത്തു.

സോറംതങ്ക നേരെ ബാങ്കോങ്ങിലേക്ക് പറന്നു. എന്‍.എസ്.സി.എന്നിന്റെ ഉന്നത നേതാക്കളായ തുയാംങ്‌ലേങ് മുയ്‌വാഹ, ഐസക് സുയ് എന്നിവരെ അദ്ദേഹം കണ്ടു. സോറംതങ്കയുടെ ചര്‍ച്ചയുടെ ഫലമായി അവര്‍ ആദ്യമായി ഡല്‍ഹിയിലെത്തി സംസാരിക്കാന്‍ തയ്യാറായി. ഇന്ത്യക്ക് അകത്തുവെച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മുയ്‌വാഹ ആദ്യമായി സമ്മതം മൂളിയത് അപ്പോഴാണ്. പലതായി പിളര്‍ന്ന എന്‍.എസ്.സി.എന്നിന്റെ ഒരു വിഭാഗം പിന്നീട് സമാധാനപാതയിലേക്കെത്തി. നോര്‍ത്ത് ഈസ്റ്റിലെ ഒട്ടനവധി സായുധ വിഭാഗങ്ങളുമായി സോറംതങ്ക പിന്നീട് ചര്‍ച്ച നടത്തി.

നോര്‍ത്ത് ഈസ്റ്റിലെ മിക്ക ഗോത്രവിഭാഗങ്ങളുടെയും പാരമ്പര്യത്തിന്റെ കണ്ണി ചെന്നവസാനിക്കുന്നത് മ്യാന്‍മറിലെ ആദിമജനതയിലാണ്. മ്യാന്‍മര്‍ എപ്പോഴും ആഭ്യന്തര കലാപങ്ങളാല്‍ തിളയ്ക്കുന്ന ഭൂമിയാണ്. സ്വയംഭരണത്തിന് വേണ്ടി നിരവധി ഗോത്രവര്‍ഗങ്ങള്‍ അവിടെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നു. മ്യാന്‍മറിലെ ജനാധിപത്യ സര്‍ക്കാരുകള്‍ക്കെതിരെയും സൈനിക ജുണ്ടക്കെതിരെയും ഒരുപോലെ അവര്‍ ആയുധമെടുക്കുന്നത് മ്യാന്‍മറിനെ എപ്പോഴും കലാപഭൂമിയാക്കി. മ്യാന്‍മറുമായുള്ള അടുപ്പം കാരണം ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റിലെ സായുധ ഗോത്ര വിഭാഗങ്ങള്‍ക്ക് അഭയവും സഹായവും എളുപ്പം ലഭിച്ചു.

സോറംതങ്കയുടെ ചരിത്രമറിയാവുന്ന മ്യാന്‍മറിലെ ചില സായുധപോരാളികള്‍ 2009-ല്‍ ഐസ്വാളിലെത്തി അദ്ദേഹത്തെ കണ്ടു. മ്യാന്‍മര്‍ സര്‍ക്കാരുമായി ചര്‍ച്ച എങ്ങനെ തുടങ്ങണമെന്നതില്‍ സോറംതങ്കയുടെ ഉപദേശം തേടിയായിരുന്നു അവരെത്തിയത്. ചര്‍ച്ചയ്ക്കായി ചൈനയുടെയും ജപ്പാന്റെയും ഐക്യരാഷ്ട്രസഭയുടെയുമൊക്കെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരായിരുന്നു അപ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത്. മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍, അതും പ്രതിപക്ഷത്തുള്ള തന്നെപ്പോലൊരു നേതാവ് ഇടപെടാന്‍, അവര്‍ സമ്മതിക്കില്ലെന്ന് സൊറംതാംഗക്ക് ഉറപ്പായതിനാല്‍ അദ്ദേഹമത് നിരാകരിച്ചു. പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായെത്തിയതോടെ വീണ്ടും ഇതിനായി ശ്രമം തുടങ്ങി. വാജ്‌പേയിയെപ്പോലെ മോദിയും സോറംതങ്കയോട് അടുപ്പം കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ സോറംതങ്കക്ക് അനുമതി നല്‍കി. സോറംതങ്ക വഴി നോര്‍ത്ത് ഈസ്റ്റിലെ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കുകയെന്നതായിരുന്നു ബി.ജെ.പിയുടെ ഉദ്ദേശം. ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കില്‍ സംസ്ഥാനത്തെ ഹിന്ദുഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ആര്‍.എസ്.എസ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ഭയം സോറംതങ്കയ്ക്കുമുണ്ട്.

പട്ടാളഭരണത്തെ അനുകൂലിക്കുന്ന യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ ജനറല്‍ തെയ്ന്‍ സെയ്‌നായിരുന്നു അപ്പോള്‍ മ്യാന്‍മറിലെ പ്രസിഡന്റ്. ചര്‍ച്ചയ്ക്കായുള്ള സോറംതങ്കയുടെ ശ്രമങ്ങള്‍ക്ക് മ്യാന്‍മര്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മ്യാന്‍മര്‍ പീസ് സെന്റര്‍ എന്ന സംഘടനയുടെ നേതാവ് ആങ് മിന്നിന്റെ സഹായത്തോടെ തായ്‌ലന്‍ഡിലെ ബാങ്കോങ്ങിലും ചിയാങ് മായിലും വെച്ച് ഒളിസംഘങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി. മ്യാന്‍മര്‍ സര്‍ക്കാരിനെ അവരുടെ ആവശ്യങ്ങള്‍ അറിയിച്ചു.

മ്യാന്‍മറിലെ സ്ഥിതിവിശേഷങ്ങളില്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും താത്പര്യമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് മ്യാന്‍മറിലെത്തി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെ നിന്ന് ഔദ്യോഗികക്ഷണമില്ലാത്തതിനാല്‍ വിമുഖത കാട്ടി. പിന്നീട് സോറംതങ്ക ഇക്കാര്യം ആങ് മിന്നിനോട് സംസാരിച്ചതിനുശേഷം അദ്ദേഹം ഡോവലിനെ ഔദ്യോഗികമായി ക്ഷണിച്ചു. സോറംതങ്കയും ഡോവലും ആദ്യം ഒളിസേനക്കാരെയും പിന്നീട് സര്‍ക്കാര്‍ പ്രതിനിധികളെയും മ്യാന്‍മറിലെത്തി കണ്ടു. 2015-ല്‍ എട്ട് സായുധസംഘങ്ങള്‍ സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറൊപ്പിട്ടു. മാറിവന്ന ആങ് സാന്‍ സ്യൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും ഇതേ വഴി സഞ്ചരിച്ചതോടെ രണ്ട് ഗ്രൂപ്പുകള്‍ കൂടി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറായി. പിന്നീട് ചില ഗ്രൂപ്പുകള്‍ ഇതില്‍ നിന്ന് പിന്‍മാറിയെങ്കിലും ഈ വെടിനിര്‍ത്തല്‍ കരാറുകള്‍ മ്യാന്‍മറിലെ സമാധാനപ്രക്രിയയില്‍ വലിയ പങ്കുവഹിച്ചു.

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ പാര്‍ലമെന്റംഗം യു വേയ് ടിന്നിനെ മ്യാന്‍മറിലെ സായുധ ഗ്രൂപ്പുകളിലൊന്നായ അരാകന്‍ ആര്‍മി തട്ടിക്കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ചര്‍ച്ച നടത്താന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി സോറംതങ്ക അവകാശപ്പെട്ടിരുന്നു. 79 ദിവസത്തിനുശേഷമാണ് യു വേയ് ടിന്‍ മോചിതനായത്.  മ്യാന്‍മറിനെ കൊല്‍ക്കത്തയുമായി കടല്‍വഴി ബന്ധിപ്പിക്കാന്‍ പ്രധാനമായും ഉദ്ദേശിക്കുന്ന കലാധാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടില്‍ മിസോറമിലേക്കുള്ള ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ബംഗ്ലാദേശിനും ഗുണം ലഭിക്കും. മ്യാന്‍മറിന്റെ ആവശ്യപ്രകാരം ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയോടുചേര്‍ന്ന അരാകന്‍ ആര്‍മിയുടെ പ്രദേശങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കലാധാന്‍ പദ്ധതിയിലെ ജോലിക്കാരെ അരാകന്‍ ആര്‍മി തട്ടിക്കൊണ്ടുപോകുന്നതും നിര്‍മാണം തടസ്സപ്പെടുത്തുന്നതും പതിവാണ്. മിസോറമിന് കൂടി വലിയ തോതില്‍ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയില്‍ ഈ വിഷയത്തിലും സോറംതങ്ക അരാകന്‍ ആര്‍മി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 

പള്ളികളും പട്ടക്കാരും

പ്രത്യേക ഗോത്രഭൂമി എന്ന ആവശ്യമുയര്‍ത്തിപ്പിടിച്ച പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ ക്രിസ്ത്യാനികളായി മതം മാറിയവരുടെ പങ്കാളിത്തം തള്ളിക്കളയാനാകില്ലെന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ വിദഗ്ദനുമായ സുബിര്‍ ഭൗമികിന്റെ അഭിപ്രായം. ഒരു ഫിസോ അല്ലെങ്കില്‍ മുയ്‌വാഹ്, ഒരു ലാല്‍ദെംഗ അല്ലെങ്കില്‍ സോറംതങ്ക, ഒരു നിക്കോള്‍സ് റോയ് അല്ലെങ്കില്‍ വില്ല്യംസണ്‍ സാംഗ്മ അതുമല്ലെങ്കില്‍ ഒരു ബിജോയ് റാങ്ക്വാളോ ഒരു രഞ്ജന്‍ ദൈമാരിയോ - ആരുമായിക്കൊള്ളട്ടെ, അവരുടെ കഴുത്തില്‍ കുരിശില്ലാതിരിക്കില്ലെന്ന് ട്രബിള്‍ഡ് പെരിഫറി: ക്രൈസിസ് ഓഫ് ഇന്ത്യാസ് നോര്‍ത്ത് ഈസ്റ്റ് എന്ന പുസ്തകത്തില്‍ സുബിര്‍ ഭൗമിക് എഴുതി. (നേരത്തെ സൂചിപ്പിച്ച പേരുകളെല്ലാം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്‍പുള്ളതോ ഇപ്പോഴുള്ളതോ ആയ സായുധ സംഘടനകളുടെ നേതാക്കളാണ്)

മിസോറമില്‍ 87 ശതമാനത്തിലേറെ ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. അതിലുപരിയായി സംസ്ഥാനത്ത് ക്രൈസ്തവസഭകളുടെ സ്വാധീനം വളരെ വലുതുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മുള പൂക്കുമ്പോഴുണ്ടാകുന്ന ക്ഷാമം നേരിടാന്‍ മിഷനറിമാര്‍ മുന്നിട്ടിറങ്ങിയിരുന്നു. മിസോറമില്‍ ക്രിസ്തുമതം വളരാന്‍ ഇത് വലിയൊരു കാരണമായി. സര്‍ക്കാര്‍ സമിതികളിലടക്കം ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിനിധികളോ പള്ളീലച്ചന്‍മാര്‍ തന്നെയോ ഉറപ്പായുമുണ്ടാകും. കാരണം അവരുണ്ടെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനം പോലും ചലിക്കുക. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് തന്നെ നോക്കൂ. വലിയ റാലികളോ സ്ഥിരം പൊതുയോഗങ്ങളോ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണമോ മുദ്രാവാക്യം വിളികളോ ഒന്നും ഇവിടെയില്ല. പള്ളിയുടെ പിന്തുണയുള്ള മിസോ പീപ്പിള്‍സ് ഫോറം എല്ലായിടത്തുമുണ്ട്. ഈ ഫോറം സ്ഥാനാര്‍ഥികള്‍ക്ക് സംസാരിക്കാനായി ഒരു പൊതുവേദി ഒരുക്കിയിട്ടുണ്ടാകും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 20 മിനിട്ടാണ് സംസാരിക്കാന്‍ ലഭിക്കുക. അതുകേട്ട് വോട്ടര്‍മാര്‍ തങ്ങളുടെ ഇംഗിതം തീരുമാനിക്കും.

എം.എന്‍.എഫ്. നേതാക്കളും കടുത്ത വിശ്വാസികളാണ്. ഒളിസങ്കേതത്തില്‍ വെച്ച് സോറംതങ്ക തന്നെയായിരുന്നു ആത്മീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എം.എന്‍.എഫിന്റെ തലപ്പൊക്കമുള്ള നേതാവ് മാല്‍സ്വാമാ കോള്‍നി കീഴടങ്ങിയതിനുശേഷം നേരെ പോയി വൈദികനാകുകയാണ് ചെയ്തത്.

പള്ളിയില്‍ നിന്നുള്ള നിര്‍ദേശം അവഗണിച്ചുകൊണ്ട് മിസോറമില്‍ ഭരണം നടത്താനാകില്ല. കുപ്രസിദ്ധമായ സുവര്‍ണ ത്രികോണത്തിന്റെ സമീപമായതിനാല്‍ മദ്യത്തിനും മയക്കുമരുന്നിനും കുറവില്ലാത്ത സ്ഥലമായിരുന്നു മിസോറം. അതൊന്ന് നിര്‍ത്താന്‍ പള്ളി തുനിഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ അവര്‍ ആവശ്യപ്പെട്ടു. ലാല്‍ദെംഗയുടെ ആദ്യ മന്ത്രിസഭയുടെ കാലമായിരുന്നു അത്. സംസ്ഥാനത്തെ ഭരണസംവിധാനം ചലിക്കാന്‍ ധാരാളം പണം വേണ്ട സമയത്ത് വലിയ വരുമാനസ്രോതസായ മദ്യം നിരോധിക്കാന്‍ ലാല്‍ദെംഗ തയ്യാറായില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ എം.എന്‍.എഫ്. ഇതിനുള്ള ഫലം അനുഭവിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ പ്രകടനപത്രികയില്‍ മദ്യനിരോധനം ഉള്‍പ്പെടുത്തിയതോടെ പള്ളി എം.എന്‍.എഫിനെ തള്ളി. അതോടെ കോണ്‍ഗ്രസ് തൊട്ടടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയികളായി. ലാല്‍ദെംഗയുടെ മരണത്തോടെ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്ത സോറംതങ്ക ആദ്യം ചെയ്തത് പള്ളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളായിരുന്നു. അദ്ദേഹം മതവേദികളില്‍ പതിവ് സന്ദര്‍ശകനായി. എം.എന്‍.എഫിന് ഭരണം കിട്ടിയാല്‍ മദ്യനിരോധനം തുടരുമെന്ന് ഉറപ്പുനല്‍കി. സോറംതങ്ക മുഖ്യമന്ത്രിയാകുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു.

സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികളായ റിയാങ്ങ് വിഭാഗക്കാര്‍ക്കും ബുദ്ധമത വിശ്വാസികളായ ചാക്മ വിഭാഗക്കാര്‍ക്കും പരാതികളുണ്ട്. ഭൂരിപക്ഷക്കാരായ മിസോകള്‍ തങ്ങളുടെ സ്വത്വത്തെ നശിപ്പിക്കുകയാണെന്നും അവരുടെ വിശ്വാസവും സംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് പ്രധാന പരാതി. വളരെ ചെറിയ ഗോത്ര വിഭാഗമായ ബ്രു വര്‍ഗക്കാരെ മിസോറമില്‍ നിന്ന് ത്രിപുരയിലേക്ക് ഓടിക്കാനുള്ള ശ്രമം തടയാന്‍ സൊറംതാംഗ മുഖ്യമന്ത്രിയായിരിക്കെ നടപടിയൊന്നുമെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പുകളിലെയും രാഷ്ട്രീയത്തിലെയും അടക്കവും ഒതുക്കവും കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ മിസോറമിലെ രീതികള്‍ ആകര്‍ഷണീയമായി തോന്നാം. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ മതസ്ഥാപനങ്ങള്‍ ഇടപെടുന്നത് അനുകരണീയമായ മാതൃകയാണോയെന്ന കാര്യത്തിലാണ് ആശങ്ക.

കൃഷിയും ഗോത്രവും

90 ശതമാനത്തിലേറെ സാക്ഷരതയും മികച്ച ജീവിതനിലവാരവുമുള്ള വികസിതസംസ്ഥാനമായി മിസോറം മാറുന്നതില്‍ മിസോ നാഷണല്‍ ഫ്രണ്ടും സോറംതങ്കയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിഘടനവാദങ്ങളും ആഭ്യന്തരപ്രശ്‌നങ്ങളും മിസോറമില്‍ കുറവാണ്. സോറംതങ്കയുടെ ഏറ്റവും വലിയ തുരുപ്പുചീട്ട് മിസോ ഗോത്രവര്‍ഗമായിരുന്നു. ഏത് വിഷയത്തിലും മിസോകളെ അതെങ്ങനെ ബാധിക്കുമെന്നതിനനുസരിച്ചായിരിക്കും അദ്ദേഹം തീരുമാനമെടുക്കുക. മ്യാന്‍മറിലെ മിലിട്ടറി ജുണ്ട കാരണം അതിര്‍ത്തി കടന്നെത്തിയ മിസോകള്‍ക്ക് അഭയം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതിനെതിരായുള്ള കേന്ദ്രമന്ത്രിസഭയുടെ സമ്മര്‍ദം പോലും അദ്ദേഹം വിലയ്‌ക്കെടുത്തില്ല. പള്ളികളുടെ പിന്തുണ ഉറപ്പാക്കാനും അദ്ദേഹം എപ്പോഴും ശ്രമിക്കും. സൊറംതാംഗക്കു നേരെയും അനവധി അഴിമതി ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലാണ് അദ്ദേഹം ഇതിനെ നേരിടാറുള്ളത്.

മൂന്ന് തവണയായി 14 വര്‍ഷത്തിലേറെക്കാലം സോാറംതങ്ക മുഖ്യമന്ത്രിയായി. ഇത്തവണ നിയമസഭാതിരഞ്ഞെടുപ്പിനെ വീണ്ടും അഭിമുഖീകരിച്ചപ്പോള്‍ മുമ്പെങ്ങുമില്ലാത്തവണ്ണം പ്രശ്‌നങ്ങള്‍ സൊറംതങ്കക്ക് മുന്നിലുണ്ടായിരുന്നു.മണിപ്പൂരിലെ കലാപങ്ങളും ഗോത്രപ്പോരുകളും മിസോറമിനെയും ബാധിക്കുന്നതാണ്. മണിപ്പൂരില്‍ ഒരു ഭാഗത്തുള്ള കുകികളാണ് സൊറംതങ്കയുടെ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുന്നത്. മണിപ്പൂരില്‍ നിന്നോടിവന്നവര്‍ക്കെല്ലാം മിസോറം അഭയം കൊടുത്തിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തില്‍ കുകികള്‍ക്ക് എതിരെ നില്‍ക്കുന്ന മെയ്‌തെയ് വിഭാഗത്തിനാണ് ബി.ജെ.പിയുടെ പിന്തുണ. ബി.ജെ.പിയാകട്ടെ കേന്ദ്രത്തില്‍ എം.എന്‍.എഫിന്റെ സഖ്യകക്ഷിയും. ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സൊറംതങ്കയുടെ ആശങ്ക ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് എം.എന്‍.എഫിന്റെ പിന്തുണയെന്നും സംസ്ഥാനത്ത് എം.എന്‍.എഫിന് ആരുമായും സഖ്യമില്ലെന്നും സൊറംതങ്ക ആവര്‍ത്തിച്ചു. മണിപ്പൂരിലെ സംഭവങ്ങള്‍ കുകികള്‍ക്കിടയില്‍ ബി.ജെ.പിയോടുണ്ടാക്കിയ അതൃപ്തി അറിയാവുന്ന സോറംതങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടെ മിസോറമിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ തന്നെ മോദി ഒഴിവാക്കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതൊന്നും ഫലം ചെയ്തില്ല. ഭരണവിരുദ്ധവികാരവും സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന കക്ഷിയുടെ പ്രചാരണവും സൊറംതങ്കയെയും എം.എന്‍.എഫിനെയും വീഴ്ത്തി.