ജാഥ, ചുവരെഴുത്ത്, റോഡ് ഷോ, ഒടുവില്‍ ഒരു കൊട്ടിക്കലാശം, അതിന്റെ പേരില്‍ ഒരു തെരുവുസംഘട്ടനം... ഇത്തരം 'കലാപരിപാടി'കള്‍ ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ് എന്നാണ് ചോദ്യമെങ്കില്‍ മിസോറമിന് കൃത്യമായ മറുപടിയുണ്ട്. ഈ ശബ്ദഘോഷമൊന്നും ഇല്ലാതെയും നടത്താവുന്ന ഒന്നാണ് സമ്മതിദാനം. തിരഞ്ഞെടുപ്പിലെ ഈ വേറിട്ട മിസോ സ്പര്‍ശത്തിന്റെ പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നതാകട്ടെ, പള്ളികള്‍ ചേര്‍ന്നുണ്ടാക്കിയ  മിസോറം പീപ്പിള്‍സ് മൂവ്മെന്റ് എന്ന സന്നദ്ധസംഘടനയും.

To advertise here,

ഓരോ സ്ഥാനാര്‍ഥിയും സ്വന്തം മണ്ഡലത്തില്‍ എത്ര കൊടികളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കണം, അവ ഏത് അളവിലുള്ളതാവണം എന്നൊക്കെ തീരുമാനിക്കുന്നത് എം.പി.എഫാണ്. യോഗങ്ങള്‍ നടത്തണമെങ്കിലും അവരോട് പറയണം. വേദിയൊരുക്കുന്നത് എം.പി.എഫിന്റെ നേതൃത്വത്തിലായിരിക്കും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 20 മിനിറ്റുവീതം സംസാരിക്കാന്‍ അവസരമുണ്ടാകും. സംഗീതം ഇഷ്ടപ്പെടുന്ന മിസോ ജനതയെ ഉച്ചഭാഷിണിവെച്ച് അല്‍പം തട്ടുപൊളിപ്പന്‍ പാട്ടുകേള്‍പ്പിച്ചേക്കാമെന്നാണ് മോഹമെങ്കില്‍ അതുമാത്രം പള്ളിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. അത് 'പള്ളിയില്‍ പറഞ്ഞാല്‍മതി' എന്ന  മട്ടിലാവും  പ്രതികരണം.

പതിനഞ്ചുവര്‍ഷം മുന്‍പുവരെ പതിവ് ചിട്ടവട്ടങ്ങളോടെത്തന്നെയാണ് മിസോറമിലും തിരഞ്ഞെടുപ്പ് നടന്നിരുന്നത്. 2003-ലെ തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോഴാണ് ഒരു കടിഞ്ഞാണിടാനുള്ള ആലോചന സഭകളുടെ നേതൃത്വത്തില്‍ തുടങ്ങിയത്. 'ആ തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും ധാരാളം പണമൊഴുക്കിയിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനായി സംസ്ഥാനത്തെ അഞ്ച് രാഷ്ട്രീയകക്ഷികളുമായി ഒരു ധാരണാപത്രമുണ്ടാക്കി. കക്ഷികളുമായി പലതവണ ചര്‍ച്ചനടത്തി അവരുടെ അഭിപ്രായങ്ങള്‍കൂടി മാനിച്ചാണ് ഇത് തയ്യാറാക്കിയത്. ഈ ധാരണാപത്രം മാനിച്ചുകൊണ്ടുമാത്രമേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പ്രചാരണം നടത്താനാവൂ' - എം.പി.എഫ്. ജന. സെക്രട്ടറി റവ. ലാല്‍റാം ലിയാനാ പറഞ്ഞു.

2008 മുതല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടത്തെക്കാള്‍ മിസോറം കക്ഷികള്‍ ഭയക്കുന്നത് എം.പി.എഫിന്റെ ചട്ടങ്ങളെയാണ്. ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടിയൊന്നും സ്വീകരിക്കാറില്ല.  അത്തരക്കാരുടെ പേര് വോട്ടര്‍മാരെ അറിയിക്കുക എന്നതുമാത്രമാണ് നടപടി. പക്ഷേ, ജനസംഖ്യയില്‍ 87 ശതമാനവും ക്രിസ്ത്യാനികളായ മിസോറമില്‍ സഭയുടെ നോട്ടപ്പുള്ളിയായാല്‍ അതിന്റെ ദോഷമറിയാവുന്ന സ്ഥാനാര്‍ഥികള്‍ മര്യാദരാമന്‍മാരായി മാറുന്നു. വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് ഏറ്റവും ആദ്യംതന്നെ എം.പി.എഫ്. നിരോധിച്ചത്. പണമിറക്കി വോട്ടുപിടിക്കാന്‍ ഏറ്റവും കൂടുതല്‍ മറയൊരുക്കുന്നത് ഈ ഏര്‍പ്പാടാണെന്നാണ് സംഘടന വിലയിരുത്തിയത്.

വോട്ടര്‍മാര്‍ക്ക് ആവശ്യമായ വസ്തുവകകളോ സൗജന്യങ്ങളോ നല്‍കാന്‍ പാടില്ല. 'ബഡാഖാന' എന്ന പേരില്‍ മുന്‍പ് നടത്തിയിരുന്ന വന്‍ വിരുന്നുകളും വിലക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്റെ സ്വഭാവവും എം.പി.എഫ്. നിരീക്ഷിക്കുന്നുണ്ട്. പ്രചാരണത്തിന്റെ നിബന്ധനകള്‍ കൂടാതെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എം.പി.എഫ്. ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. സ്ഥാനാര്‍ഥി സ്വഭാവശുദ്ധിയും പക്വതയും ആത്മാര്‍ഥതയും ഉള്ളവനായിരിക്കണം, മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നവനാകരുത്, പരസ്ത്രീബന്ധവും വര്‍ജിക്കണം, നിയമവ്യവസ്ഥയോടും സദാചാരത്തോടും ബഹുമാനം വേണം എന്നിങ്ങനെ നീളുന്നു നിബന്ധനകള്‍. അവസാനത്തെ വ്യവസ്ഥയാണ് വളരെ കൗതുകകരം, സ്വന്തം മതത്തോടും സഭയോടും സ്ഥാനാര്‍ഥി പ്രതിജ്ഞാബദ്ധനായിരിക്കണം.

റിപ്പോര്‍ട്ട്: ടി.എസ്. കാര്‍ത്തികേയന്‍