ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാള്‍ ഈസ്റ്റ് ഒന്നില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ്പിഎം) സ്ഥാനാര്‍ഥി ലാല്‍തന്‍സങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകള്‍ക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്.
ഉപമുഖ്യമന്ത്രി തവന്‍ലൂയ സെഡ്പിഎം സ്ഥാനാര്‍ഥിയായ ഛുവാനോമയോട് 909 വോട്ടുകള്‍ക്കും പരാജയപ്പെട്ടു. 40 സീറ്റുകളുള്ള സംസ്ഥാനത്ത് വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സെഡ്പിഎം കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്.
സോറംതങ്ക; 'ഇന്ത്യാ വിരുദ്ധ'നില്‍ നിന്ന് മിസോറാം മുഖ്യമന്ത്രിയിലേക്ക്
ഇന്ത്യയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒരു ഭൂതകാലമുണ്ട് സോറംതങ്കയ്ക്ക്. അയാളുടെ ജീവിതം വായിച്ചാല്‍ ഒരു ചാര നോവല്‍ (Spy Novel) വായിക്കുന്ന അനുഭവം പകരും. സോറംതങ്കയെന്നാല്‍, ഒരു പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവാണെന്നാണ് നമുക്കറിയുക. എന്നാല്‍, ഒരു ഗറില്ലാ പോരാളിയുടെ കുപ്പായം തയ്പ്പിച്ച, പേടിപ്പെടുത്തുന്ന ഒരു കഴിഞ്ഞകാലമുണ്ട് അയാള്‍ക്ക്.
പഠിച്ചുകൊണ്ടിരിക്കേ, മിസോ വിമത പോരാളി സംഘത്തില്‍ ആകൃഷ്ടനായി അതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ മിസോ വിമത പോരാളി സംഘം ഏതെന്നല്ലേ; മുകളില്‍ പറഞ്ഞ എം.എന്‍.എഫ്. തന്നെ. മിസോ ജനതയ്ക്ക് ഇന്ത്യയില്‍നിന്നൊരു മോചനം വേണമെന്നായിരുന്നു സംഘടനയുടെ അക്കാലത്തെ ആവശ്യം. എന്നുവെച്ചാല്‍ ഒരു പരമാധികാര മിസോ രാഷ്ട്ര നിര്‍മാണമായിരുന്നു സോറംതങ്കയുടെയും സംഘത്തിന്റെയും ലക്ഷ്യം.
അങ്ങനെ, 1966-ല്‍ ഇന്ത്യയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതായി എം.എന്‍.എഫ്. പ്രഖ്യാപിച്ചു. ഇന്ന് അതേ സംഘടന ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഒരു സംസ്ഥാനത്തെ ഭരണച്ചക്രം തിരിക്കുന്നുവെന്നത് വിരോധാഭാസമായിത്തോന്നാം.

ലാല്‍ഡെങ്കയാണ് (Laldenga) എം.എന്‍.എഫിന്റെ സ്ഥാപകനേതാവ്. 1965-ല്‍ അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥിയായിരിക്കേയാണ് സോറംതങ്ക ഈ പാര്‍ട്ടിയുടെ ഭാഗവാക്കാകുന്നത്. മിസോ രാഷ്ട്രത്തിനായി ഇന്ത്യക്കെതിരെ യുദ്ധം നടത്താന്‍ സ്ഥാപിതമായ പാര്‍ട്ടി, രണ്ടു പതിറ്റാണ്ടോളം ആ നിലപാടിലുറച്ച് ഇന്ത്യക്കെതിരെ ഗറില്ലാ യുദ്ധം നടത്തി. പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായിരുന്നു സോറംതങ്ക.
മണിപ്പുരിലെ ഡി.എം. കോളേജില്‍നിന്ന് 1966-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.
സമാധാന ഉടമ്പടി, ഇന്ത്യക്കൊപ്പം മനസ്സ്
മിസോ രാജ്യമെന്ന ആവശ്യത്തില്‍ സോറംതങ്കയും കൂട്ടരും ഒരടി പിറകോട്ടുപോയില്ല. എന്നാല്‍ 1986-ല്‍ കഥ മാറി. എം.എന്‍.എഫ്. സ്ഥാപകന്‍ ലാല്‍ഡെങ്ക പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ജൂണ്‍ 30-ന് ഒരു സമാധാനക്കരാറില്‍ ഒപ്പുവെച്ചു. അതോടെ മിസോറം ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറുമെന്ന ധാരണയിലെത്തി. 1987-ല്‍ മിസോറം സംസ്ഥാനമായി രൂപംകൊണ്ടു. എം.എന്‍.എഫിനെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയും ചെയ്തു.
ആ വര്‍ഷംതന്നെ മിസോറമില്‍ തിരഞ്ഞെടുപ്പ് നടന്നു. എം.എന്‍.എഫ്. വിജയിച്ചു. പഴയ വാദങ്ങളൊക്കെ മാറ്റിവെച്ച് സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞവരില്‍ സോറംതങ്കയുമുണ്ടായിരുന്നു. ചംഫായ് മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹത്തെ കൈവിടാന്‍ അവിടത്തെ ജനങ്ങള്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ലാല്‍ഡെങ്ക മന്ത്രിസഭയില്‍ സോറംതങ്കയ്ക്കും അംഗത്വം കിട്ടി. ഗറില്ലാ യുദ്ധപ്പോരാളിയായി നടന്ന ആള്‍ അങ്ങനെ, ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥനായ ഒരു കാബിനറ്റ് അംഗമായി. ധന - വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.
മൂന്നുവര്‍ഷത്തെ മുഖ്യമന്ത്രി പദത്തിന് പര്യവസാനം കുറിച്ച്, 1990-ല്‍ ലാല്‍ഡെങ്ക ജീവിതത്തോട് വിടപറഞ്ഞു. ഇതോടെ പാര്‍ട്ടി തലപ്പത്ത് സോറംതങ്ക നിയോഗിതനായി. പിന്നീട് 1993-ല്‍ വീണ്ടും തിരഞ്ഞെടുപ്പ് വന്നെങ്കിലും എം.എന്‍.എഫ്. തോറ്റു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പുതിയതായി ഉദയം ചെയ്തു. പക്ഷേ, ചംഫായില്‍നിന്ന് രണ്ടാമതും വിജയിച്ചെത്തിയ സോറംതങ്ക പ്രതിപക്ഷ നേതാവായി.
1987-ല്‍ ആദ്യമായി മത്സരിച്ച് വിജയിച്ച എം.എന്‍.എഫ്., പിന്നീട് 1998-ലാണ് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയത്. മുഖ്യമന്ത്രിയായി സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തു. അന്നുതൊട്ട് ഇന്നുവരെ എം.എന്‍.എഫും കോണ്‍ഗ്രസും മാറിമാറി ഭരിച്ചുവരികയായിരുന്നു മിസോറാമില്‍. ഒടുവില്‍ പുതിയൊരു പാര്‍ട്ടി മിസോറാമിന്റെ അധികാരം എംഎന്‍എഫില്‍ നിന്നും സോറംതങ്കയില്‍ നിന്നും പിടിച്ചെടുത്തിരിക്കുകയാണ്.
Content Highlights: CM Zoramthanga Loses-mizoram assembly election result
Published: 04 Dec 2023, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented