
മിസോറമില്‍ നാളിതുവരെ എം.എന്‍.എഫും (മിസോ നാഷണല്‍ ഫ്രണ്ട്) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് ഭരിച്ചുവന്നിരുന്നത്. സംസ്ഥാനത്ത് ഇത്തവണ മാറ്റത്തിന്റെ പ്രതിധ്വനി മുഴക്കി പുതിയൊരു ഉദയമുണ്ടായിരിക്കുന്നു. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത സെഡ്.പി.എം. (സോറം പീപ്പിള്‍സ് മുവ്‌മെന്റ്) എന്ന പാര്‍ട്ടി കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ തലപ്പത്തെത്തിയിരിക്കുന്നു.
സോറംതങ്കയുടെ അപ്രമാദിത്വത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് ലാല്‍ഡുഹോമയുടെ നേതൃത്വത്തിലുള്ള സെഡ്.പി.എമ്മിന്റെ കടന്നുവരവ്. മിസോറമിലെ എ.എ.പി. എന്നു വേണമെങ്കില്‍ സെഡ്.പി.എമ്മിനെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്തതുപോലൊരു കൈവഴിയാണ് സെഡ്.പി.എമ്മിനും അവകാശപ്പെടാനുള്ളത്. അവിടെ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോസ്ഥാനാണ് എ.എ.പി. സ്ഥാപിച്ചതെങ്കില്‍ മിസോറമില്‍ ലാല്‍ഡുഹോമ എന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സെഡ്.പി.എമ്മിന് ബീജവാപം നല്‍കിയത്. രണ്ട് പാര്‍ട്ടിയും അധികാലത്തെ പ്രവര്‍ത്തന പരിചയമില്ലാതെത്തന്നെ വിജയങ്ങളുടെ വന്‍ വെന്നിക്കൊടി പാറിച്ചു.
സേര്‍ഛിപില്‍നിന്ന് ജനവിധി തേടി ജയിച്ച ഈ എഴുപത്തിനാലുകാരനെ മാറ്റിനിര്‍ത്തി സെഡ്.പി.എമ്മിന്റെ ചരിത്രം വിശദീകരിക്കാനാവില്ല. സെഡ്.പി.എമ്മിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ലാല്‍ഡുഹോമയെയും പറയാനാവില്ല. സെഡ്.പി.എമ്മും ലാല്‍ഡുഹോമയും തമ്മില്‍ അത്രമേല്‍ ഇഴചേര്‍ന്നിരിക്കുന്നതിനാല്‍ ഒന്നിനെപ്പറ്റി പറഞ്ഞാല്‍ തന്നെ രണ്ടുമാകും. അതുകൊണ്ട് രണ്ടും ചേരുന്ന ഒന്നിനെപ്പറ്റി, അഥവാ ലാല്‍ഡുഹോമയെന്ന മിസോറമിലെ വിജിഗീഷുവായ മനുഷ്യനെപ്പറ്റി പറയാം.
ആരാണ് ലാല്‍ഡുഹോമ?
സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ഒരുപാട് പേരുണ്ട്, ഇന്ത്യന്‍ ചരിത്രത്തില്‍. അത്തരത്തിലുള്ള പരീക്ഷണത്തില്‍ വിജയിച്ചവരും നില്‍ക്കക്കള്ളിയില്ലാതെ താഴെപ്പോയവരും ഏറെയാണ്. ലാല്‍ഡുഹോമയെ അക്കൂട്ടത്തിലെ വിജയിച്ചവരില്‍ ഒരാളായി എണ്ണാം. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1982-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി ചുമതല വഹിച്ചു.
1972 മുതല്‍ 1977 വരെ മിസോറം മുഖ്യമന്ത്രിയായിരുന്ന സി. ഛംഗയുടെ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റായിരുന്നു. ഗോവയിലും ഐ.പി.എസ് ഓഫീസറായി സേവനം ചെയ്തിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സോറം നാഷണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം. ഈ പാര്‍ട്ടി സെഡ്.പി.എമ്മിന്റെ സഖ്യകക്ഷിയാണ്. 1984-ല്‍ ഐ.പി.എസ്. പദവി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സെഡ്.പി.എമ്മിന്റെ രൂപവത്കരണം
2017-ലാണ് ലാല്‍ഡുഹോമയുടെ നേതൃത്വത്തില്‍ സെഡ്.പി.എം. രൂപവത്കരിക്കുന്നത്. മിസോറമില്‍ നിലനിന്നിരുന്ന രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളും അഞ്ച് സംഘടനകളും ചേര്‍ന്ന് ഒന്നായതാണ് സെഡ്.പി.എം. കോണ്‍ഗ്രസ് ഇതര, എം.എന്‍.എഫ്. ഇതര പാര്‍ട്ടിയെന്നായിരുന്നു, അഥവാ ഈ രണ്ട് പ്രധാന പാര്‍ട്ടികളുടെ നയനിലപാടുകളില്‍നിന്ന് തീര്‍ത്തും വ്യതിരക്തമായ പാര്‍ട്ടിയെന്നായിരുന്നു സെഡ്.പി.എമ്മിന്റെ പ്രധാന മുദ്രാവാക്യം.
2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി 2018-ല്‍ത്തന്നെ സംസ്ഥാനത്ത് മത്സരിച്ചു. അക്കൊല്ലം എട്ട് സീറ്റുകള്‍ നേടി സംസ്ഥാനത്ത് വന്‍ വരവറിയിച്ചു. എം.എന്‍.എഫിനു പിന്നാലെ രണ്ടാം സ്ഥാനത്തായിരുന്നു സെഡ്.പി.എം. അതുകഴിഞ്ഞേ കോണ്‍ഗ്രസ് പോലും ആ തിരഞ്ഞെടുപ്പില്‍ വന്നുള്ളൂ. പത്തുകൊല്ലം വെച്ച് എം.എന്‍.എഫും കോണ്‍ഗ്രസും മാറിമാറി മത്സരിച്ചുവരുന്നതായിരുന്നു മിസോറമില്‍ ഇതുവരെ നിലനിന്നിരുന്ന ട്രെന്‍ഡ്. ആ ട്രെന്‍ഡ് കാറ്റില്‍പ്പറത്തിയാണ് സെഡ്.പി.എമ്മിന്റെ ഇത്തവണത്തെ വരവ്.
1987-ല്‍ മിസോറം ഒരു സമ്പൂര്‍ണ സംസ്ഥാന പദവി നേടിയതിനുശേഷം കഴിഞ്ഞ 36 വര്‍ഷമായി കോണ്‍ഗ്രസും എം.എന്‍.എഫുമല്ലാതെ അവിടം ഭരിച്ചിട്ടില്ല. ഇത്തവണ സെഡ്.പി.എം. ആ ചരിത്രത്തില്‍ തിരുത്തുവരുത്തിയാണ് ജയിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എം.എന്‍.എഫും കോണ്‍ഗ്രസും മടുത്തെന്നും അവര്‍ പുതിയ ഒരു ഭരണസംവിധാനത്തെ തേടുകയാണെന്നും ലാല്‍ഡുഹോമ നേരത്തേ പറഞ്ഞുവെച്ചിരുന്നു. ആ പോസിറ്റീവ് വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പണിയെടുത്ത ലാല്‍ഡുഹോമയ്ക്കും കൂട്ടര്‍ക്കും പിഴച്ചില്ല.
ഇന്ത്യാ സഖ്യത്തിലേക്കില്ല; ബി.ജെ.പി.യിലേക്കുമില്ല
അധികാരത്തില്‍ പതിറ്റാണ്ടുകളോളം ഇരുന്ന രണ്ട് പാര്‍ട്ടിക്കാരെ തേച്ചൊട്ടിച്ചാണ് വിജയിച്ചുവന്നതെങ്കിലും സെഡ്.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടിന് വ്യത്യസ്തമായ ഒരു വഴിയുണ്ട്. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യിലോ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിലോ ചേരില്ലെന്ന് ലാല്‍ഡുഹോമ നേരത്തെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
മിസോറമില്‍ അധികാരത്തിലെത്തിയാല്‍ ഈ രണ്ട് വഴിയിലേക്കും നീങ്ങാതെ സ്വയം നിലയ്ക്ക് മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഡല്‍ഹി നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമായ, സ്വന്തമായി ഒരു അസ്തിത്വമുള്ള പാര്‍ട്ടിയാക്കി സെഡ്.പി.എമ്മിന്റെ സമൃദ്ധിയെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എന്നിരുന്നാലും കേന്ദ്രവുമായി നല്ല ബന്ധം പുലര്‍ത്തും. പ്രാദശികപ്പാര്‍ട്ടിയായിത്തന്നെ തുടരുമെന്നും അദ്ദേഹം നിലപാടറിയിച്ചു.
അതിനിടെ മിസോറമില്‍ ഇന്ന് സെഡ്.പി.എം. സുരക്ഷിത മുന്നേറ്റം നിലനിര്‍ത്തിയ അവസരത്തില്‍ അവിടത്തെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുക പറഞ്ഞ ഒരു കാര്യമുണ്ട്. അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും തങ്ങളെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. സെഡ്.പി.എം. ജയിക്കുമെന്ന് ഏതാണ്ട് ഉറച്ച ഘട്ടത്തിലാണ് ഈ പ്രസ്താവനയെന്നോര്‍ക്കണം.
കാര്യകാരണ സഹിതങ്ങള്‍ വെച്ച് ബി.ജെ.പി.യെ പിന്തുണക്കുന്നതും എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കുന്നതുമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ലാല്‍ഡുഹോമയും തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞിരുന്നു. സെഡ്.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ഒരു അന്തര്‍ധാരയുണ്ടെന്നും തൂക്കുസഭ വന്നാല്‍ ഇരുവരും അടുക്കുമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ പറഞ്ഞിരുന്നു. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോള്‍ സെഡ്.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു സംശയത്തിന് വക നല്‍കുന്നുണ്ട്.
കൂറുമാറ്റ നിരോധനപ്രകാരം അയോഗ്യത, ലോക്‌സഭയിലും സംസ്ഥാന നിയമസഭയിലും
ലാല്‍ഡുഹോമയെത്തേടിയെത്തുന്ന മറ്റൊരു കൗതുകം കൂടിയുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ എം.പി.യാണ് അദ്ദേഹം. 1988-ലായിരുന്നു അത്. ഇതോടെ ലോക്‌സഭയില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് അയോഗ്യനായത്.
ഇതേ നിയമപ്രകാരം 2020-ല്‍ മിസോറം അസംബ്ലിയില്‍നിന്ന് അയോഗ്യത കല്‍പിക്കപ്പെട്ട ആദ്യത്തെ എം.എല്‍.എ.യായും അദ്ദേഹം മാറി. എന്നിരുന്നാലും 2021-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സേര്‍ഛിപില്‍നിന്ന് വിജയിച്ച് അദ്ദേഹം വീണ്ടും എം.എല്‍.എ.യായി. മിസോറമില്‍ സേര്‍ഛിപില്‍നിന്ന് വിജയിച്ചതിനു പുറമേ, ഐസ്വാള്‍ വെസ്റ്റ്-1-ല്‍നിന്നും അദ്ദേഹം നേരത്തേ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും സേര്‍ഛിപിനെയാണ് ഇത്തവണ അദ്ദേഹം തന്റെ തട്ടകമായി തിരഞ്ഞെടുത്തത്.
പ്രതിസന്ധികള്‍ പലത്, തളരാതെ മുന്നോട്ട്
1949 ഫെബ്രുവരി 22-നാണ് സോറംതങ്കയുടെ ജനനം. ഐ.പി.എസ്. ഓഫീസറായി തുടങ്ങി, ലോക്‌സഭാ എം.പി.യായി രാഷ്ട്രീയപ്രവേശം ചെയ്ത്, പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തി എന്ന് അദ്ദേഹത്തെ ചുരുക്കിപ്പറയാം. ഗോവയില്‍ ഐ.പി.എസ്. ഓഫീസറായിരിക്കെയും സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ടദ്ദേഹം. കുറ്റവാളികളെയും കള്ളക്കടത്തുകാരെയും അടിച്ചമര്‍ത്തുന്നതിന് ഗോവയില്‍ നേതൃത്വം നല്‍കി. ഇത് ദേശീയതലത്തില്‍ ലാല്‍ഡുഹോമയ്ക്ക് വലിയ പ്രതിച്ഛായ നല്‍കി. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റം. അവിടെ ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുടെ ജോലിയില്‍ നിയുക്തനായി.
1986-ല്‍ കോണ്‍ഗ്രസ് വിട്ട ലാല്‍ഡുഹോമ മിസോ നാഷണല്‍ യൂണിയന്‍ (എം.എന്‍.യു.) സ്ഥാപിച്ചു. ഇത് പിന്നീട് മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ (എം.പി.സി.) ലയിച്ചു. 1997-ല്‍ എം.എന്‍.എഫില്‍ ചേര്‍ന്നു. എന്നാല്‍ മിസോ നാഷണല്‍ ഫ്രണ്ട് (നാഷണലിസ്റ്റ്) എന്ന പാര്‍ട്ടി രൂപവത്കരിക്കാനായി എം.എന്‍.എഫില്‍നിന്ന് രാജിവെച്ചു. ഇത് പിന്നീട് സോറം നാഷണലിസ്റ്റ് പാര്‍ട്ടി (സെഡ്.എന്‍.പി.) എന്ന പാര്‍ട്ടിയാക്കി പുനര്‍നാമകരണം ചെയ്തു. 2003-ല്‍ മിസോറം നിയമസഭയിലെത്തി. 2018-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സെഡ്.പി.എം. ബാനറില്‍ മത്സരിച്ചു. പക്ഷേ, സെഡ്.പി.എമ്മിന് അന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. അതിനാല്‍ സ്വതന്ത്രനായാണ് മത്സരിച്ചിരുന്നത്. അന്ന് ഐസ്വാള്‍ വെസ്റ്റിലും സേര്‍ഛിപിലും മത്സരിച്ചു. രണ്ടിടത്തും വിജയിച്ചു. സെഡ്.പി.എം. എട്ടു സീറ്റില്‍ വിജയിച്ചതോടെ പ്രതിപക്ഷപ്പാര്‍ട്ടികളുടെ തലവനാകാനുള്ള നിയോഗവും ലാല്‍ഡുഹോമയ്ക്കുണ്ടായി.
2018-ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന്റെ പേരില്‍ ലാല്‍ഡുഹോമയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എം.എന്‍.എഫിന്റെ 12 നിയമസഭാംഗങ്ങള്‍ സ്പീക്കര്‍ക്ക് നിവേദനം നല്‍കി. സ്വതന്ത്രനായി മത്സരിച്ച ലാല്‍ഡുഹോമ, പിന്നീട് സെഡ്.പി.എമ്മില്‍ പ്രവേശിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിവേദനം. 2017-ല്‍ത്തന്നെ സെഡ്.പി.എം. സ്ഥാപിച്ചിരുന്നെങ്കിലും 2019-ലാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം നിയമസഭയില്‍നിന്ന് അയോഗ്യനാകുന്നത്.
Content Highlights: mizoram election 2023, zpm win, lalduhoma cm candidate, lalduhoma detailed story
Published: 04 Dec 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented