ഐസ്വാള്‍: ചരിത്രപരമായ നിരവധി വഴിത്തിരുവുകളുമായാണ് മിസോറം നിയമസഭ തിരഞ്ഞെടുപ്പ് ഫലമെത്തിയത്. വന്‍ഭൂരിപക്ഷത്തോടെയുള്ള തിരഞ്ഞെടുപ്പു വിജയത്തിലൂടെ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ ആദ്യ കോണ്‍ഗ്രസ് - എം.എന്‍.എഫ്. ഇതര സര്‍ക്കാര്‍ രൂപികരിക്കാന്‍ പോകുന്നു. കൂടാതെ പുരുഷ മേല്‍ക്കോയ്മയുള്ള 40 അംഗ നിയമസഭയില്‍ ഇതാദ്യമായി മൂന്ന്‌
സ്ത്രീകള്‍ ഇടംപിടിച്ചതും ചരിത്രപരമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ്.പി.എം.)ടിക്കറ്റില്‍ വിജയിച്ച ലുങ്ലെയ് ഈസ്റ്റ് എം.എല്‍.എ ലാല്‍റിന്‍പുയി, ഐസ്വാള്‍ സൗത്ത്-3 എം.എല്‍.എ ബെരില്‍ വന്നേയ്‌സംഗി, എം.എന്‍.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വെസ്റ്റ് ടുയിപുയില്‍ നിന്നുള്ള നിയമസഭാംഗം പ്രാവോ ചക്മ എന്നിവരാണ് മിസോറം നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പിച്ചത്.

To advertise here,

32 കാരിയായ ബെരില്‍ വന്നേയ്‌സംഗി  മിസോറമിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയെന്ന ചരിത്രം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു റേഡിയോ ജോക്കിയായി ജോലി ചെയ്തുവന്നിരുന്ന ബെരില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫുളവന്‍സര്‍ കൂടിയാണ്‌

രണ്ടരലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ട് അവര്‍ക്ക്‌. ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബെരില്‍  നേരത്തെ ഐസ്വാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗമായിരുന്നു. നമ്മള്‍ ഇഷ്ടപ്പെടുന്നതും പിന്തുടരാന്‍ ആഗ്രഹിക്കുന്നതുമായ ഒന്നും ചെയ്യുന്നതില്‍ നിന്ന് നമ്മുടെ ലിംഗഭേദം നമ്മെ തടയുന്നില്ലെന്ന് എല്ലാ സ്ത്രീകളോടും പറയാനാഗ്രഹിക്കുകയാണെന്ന് വിജയശേഷം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് വന്നേയ്‌സംഗി പറഞ്ഞു. നമ്മള്‍ക്ക് താല്‍പ്പര്യമുള്ള എന്തെങ്കിലും ഏറ്റെടുക്കുന്നതില്‍ നിന്ന് തടയുന്നില്ല. ഏത് സമുദായത്തില്‍പ്പെട്ടവരായാലും സാമൂഹിക വിഭാഗത്തില്‍പെട്ടവരായാലും എന്തെങ്കിലും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ഇറങ്ങിതിരിക്കണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. 

സ്വതന്ത്രരടക്കം 174 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച മിസോറം തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗോദയിലിറങ്ങിയത് 16 വനിതകകളാണ്‌. പുരുഷന്‍മാരെക്കാള്‍ വനിതാ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് വനിതാ സ്ഥാനാര്‍ത്ഥികള്‍ 10 ശതമാനത്തിലും താഴെ മാത്രമായിരുന്നു. മിസോറം നിയമസഭയില്‍ ഇക്കാലയളവുവരെ നാല്‌ സ്ത്രീകള്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ എം.എന്‍.എഫ്. നിയമസഭയിലാകട്ടെ ഒരു വനിത പോലുമില്ലായിരുന്നു. മിസോറാമിന്റെ ഭരണാസിരാകേന്ദ്രങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ഇത്തവണ മൂന്ന്‌ വനിതകള്‍ നിയമസഭാംഗത്വത്തിലേക്കെത്തിയിരിക്കുന്നത്.

40 അംഗ നിയമസഭാ സീറ്റുകളില്‍ 27-ലും വിജയിച്ചാണ് ലാല്‍ഡുഹോമയുടെ നേതൃത്വത്തിലുള്ള സെഡ്.പി.എമ്മിന്റെ കുതിപ്പ്. ഭരണകക്ഷിയായിരുന്ന എം.എന്‍.എഫിന് ഇത്തവണ 10 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ബി.ജെ.പി.ക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകള്‍ ലഭിച്ചു.