ഐസോള്‍: നവംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, മിസോറം നിയമസഭാ സ്പീക്കര്‍ സ്ഥാനവും എം.എല്‍.എ. പദവിയും രാജിവെച്ച് മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) മുതിർന്ന നേതാവ് ലാല്‍റിന്‍ലിയാന സൈലോ. രാജിക്കത്ത് നിയമസഭാ സെക്രട്ടറി ലാല്‍ മഹ്‌റയ്യക്ക് കൈമാറിയതിനു പിന്നാലെയാണ് അദ്ദേഹം ബി.ജെ.പി.യില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായാണ് ബി.ജെ.പി.യില്‍ ചേരുന്നതെന്ന്‌ 64-കാരനായ അദ്ദേഹം അറിയിച്ചു.

To advertise here,

മിസോ നാഷണല്‍ ഫ്രണ്ടിനെ (എം.എന്‍.എഫ്.) ബി.ജെ.പി.യുമായി ലയിപ്പിക്കണമെന്ന് ലാല്‍റിന്‍ലിയാന നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇത്തവണ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. പിന്നാലെയാണ് ബി.ജെ.പി. പ്രവേശം. ബി.ജെ.പി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കും. സൊറാം മെഡിക്കല്‍ കോളേജ്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റണമെന്ന് ലാല്‍റിന്‍ലിയാന ബി.ജെ.പി.ക്കുമുന്നില്‍ നിബന്ധന വെച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ദേശീയതലത്തില്‍ ബി.ജെ.പി. ഉള്‍പ്പെടുന്ന എന്‍.ഡി.എ.യുടെ ഘടകകക്ഷിയാണ് സൊറംതങ്കയുടെ എം.എന്‍.എഫ്. എന്നാല്‍ സംസ്ഥാനതലത്തില്‍ ബി.ജെ.പി.യുമായി സഖ്യത്തിലല്ല. അതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്തെ അഞ്ച് സ്വതന്ത്ര എം.എല്‍.എ.മാര്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സൊറം പീപ്പിള്‍ മുവ്‌മെന്റ് (ഇസഡ്.പി.എം.) 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം ആയോഗ്യരാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇവര്‍ രാജിവെച്ചത്. എന്നാല്‍, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ രാജിവെച്ചിട്ടില്ല. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മിസോറമില്‍ ലാല്‍റിന്‍ലിയാന, അഞ്ച് എം.എല്‍.എ.മാര്‍ ഉള്‍പ്പെടെ എട്ടു സാമാജികരാണ് രാജിവെച്ചത്. നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ. കെ.ടി. രോഖാവും എം.എന്‍.എഫ്. എം.എല്‍.എ. കെ. ബിച്ചുവയും രാജിവെച്ചിരുന്നു. രോഖാവ് പിന്നീട് എം.എന്‍.എഫിലും ബിച്ചുവ ബി.ജെ.പി.യിലും ചേര്‍ന്നു. ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കും.