ന്യൂഡല്‍ഹി:ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ്. സംസ്ഥാന നേതാക്കളുമായാണ് കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്ത് വരുന്നത്‌. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ അവലോകന യോഗങ്ങള്‍ വെള്ളിയാഴ്ച നടന്നു. രാജസ്ഥാനിലെ അവലോകനയോഗം ശനിയാഴ്ചയാണ്‌. ചര്‍ച്ചയില്‍ സംസ്ഥാനങ്ങളിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

To advertise here,

എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രത്യേകമായാണ് തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ നടക്കുന്നത്‌. രാഹുല്‍ ഗാന്ധിയും യോഗങ്ങളില്‍ പങ്കെടുത്തു. 

സംസ്ഥാന നേതാക്കളുടെ അലംഭാവം, ഏകോപനമില്ലായ്മ, ഐക്യമില്ലായ്മ, വിഭവങ്ങളുടെ അഭാവം, ബി.ജെ.പിയുടെ പ്രചരണത്തെ നേരിടുന്നതിലെ പരാജയം, കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് പരാജയത്തിന്റെ കാരണങ്ങളായി കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. 

മധ്യപ്രദേശില്‍ പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥും മുതിര്‍ന്ന നേതാവ്‌ ദിഗ്‌വിജയ് സിങ്ങുമാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനായിരുന്നു ചുമതല. മധ്യപ്രദേശില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാനുള്ള സമ്മര്‍ദ്ദം കമല്‍നാഥിനുമേല്‍ ഉണ്ടെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കമല്‍നാഥിനും താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

ഭൂപേഷ് ബാഗേല്‍ ഉള്‍പ്പെടെ ഛത്തീസ്ഗഡില്‍ നിന്നുള്ള 11 നേതാക്കളാണ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ബാഗേലിന്റെ നേതൃത്വത്തിലാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 68 സീറ്റാണ് അന്ന് ലഭിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പുകള്‍ കൂടി വിജയിച്ചതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 71 ആയി ഉയര്‍ന്നു. അവിടെ നിന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്. ഛത്തീസ്ഗഡിലെ പരാജയത്തില്‍ സംസ്ഥാന നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. 

തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തെ കുറിച്ച് ബൂത്ത് തിരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന നേതാക്കളോട് സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിട്ടും കര്‍ണാടകയിലേതിന് സമാനമായ പ്രചാരണം സംഘടിപ്പിക്കാന്‍ നേതൃത്വത്തിനായില്ലെന്ന് വിലയിരുത്തപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നേതാക്കളോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറാം അവലകോന യോഗവും ശനിയാഴ്ച നടക്കും.