ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ചടങ്ങ്. 

To advertise here,

വികാരാബാദ് എം.എൽ.എ ഗദ്ദം പ്രസാദ് കുമാറിനെ സംസ്ഥാനത്തെ നിയമസഭാ സ്പീക്കറായി തിര‍ഞ്ഞെടുത്തു. കഴിഞ്ഞ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമാണ് മല്ലു ബട്ടി വിക്രമാര്‍ക്ക. മുന്‍ പിസിസി അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് മന്ത്രസഭയിലെ മറ്റൊരു പ്രമുഖൻ. 

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, മുൻ അധ്യക്ഷരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകര്‍, ദാസരി അനസൂയ, ദാമോദര്‍ രാജ നരസിംഹ, ഡി ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് രേവന്ത് മന്ത്രിസഭയിലെ അം​ഗങ്ങൾ. തെലങ്കാന സംസ്ഥാന രൂപവത്കരിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നത്.