ന്യൂഡൽഹി: ഇന്ത്യൻ ഇടതുപക്ഷം കേരളത്തിൽ മാത്രം ചുരുങ്ങിപോകുന്നതിന്റെ സാക്ഷ്യംകൂടെയായിരുന്നു ഞായറാഴ്ച പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പുഫലം. ദേശീയപാർട്ടിപദവി നഷ്ടപ്പെട്ടുനിൽക്കുന്ന സി.പി.ഐ.ക്ക് മുഖം രക്ഷിക്കാനുതകുന്ന ജയം തെലങ്കാനയിൽ നേടിയതൊഴിച്ചാൽ ആശ്വസിക്കാനുതകുന്ന ഒരു വാർത്തയും ഇന്നലത്തെ ജനവിധി ഇടതുപക്ഷത്തിന് നൽകിയില്ല. ഒരു തരി പ്രതീക്ഷ ബാക്കിവച്ചിരുന്ന രാജസ്ഥാനും കൂടെ കെെവിട്ടതോടെ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുഫലം കനത്ത പ്രഹരമായി.
തെലങ്കാനയിൽ ഫോർവേഡ് ബ്ലോക്കിനും പിന്നിൽ
നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യചർച്ച പാളിയതോടെ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു സി.പി.എം തീരുമാനം. ഖമ്മം ജില്ലയിൽ രണ്ട് സീറ്റുകൾ ആവശ്യപ്പെട്ട സി.പി.എം ആവശ്യത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങാതെയായതോടെയായിരുന്നു തീരുമാനം. എന്നാൽ, ജില്ലയിലെ ഒരൊറ്റ മണ്ഡലത്തിൽ പോലും വെല്ലുവിളിയുയർത്താൻ പാർട്ടിക്ക് സാധിച്ചില്ല.
17 സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ച പാർട്ടിക്ക് ഒരിടത്ത് പോലും ജയിക്കാനായില്ല. ഖമ്മം ജില്ലയിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു. ഏറെ സ്വീധീനമുണ്ടെന്ന് പാർട്ടി പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിൽ പലതും കോൺഗ്രസിനൊപ്പം നിന്നു. പലയിടത്തും ഒരു വെല്ലുവിളിയുയർത്താൻ പോലും സി.പി.എം സ്ഥാനാർഥികൾക്ക് സാധിച്ചില്ല. ഖമ്മം ജില്ലയിലെ പലൈർ മണ്ഡലത്തിൽ മത്സരിച്ച സി.പി.എം. തെലങ്കാന സംസ്ഥാന സെക്രട്ടറി വീരഭദ്രം തമ്മിനേനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 0.22 ശതമാനമാണ് സംസ്ഥാനത്ത് പാർട്ടിയുടെ വോട്ടുവിഹിതം. 38 സീറ്റിൽ മത്സരിച്ച ഫോർവേഡ് ബ്ലോക്ക് 0.63 ശതമാനവും ഒറ്റ സീറ്റിൽ മത്സരിച്ച സി.പി.ഐ 0.35 വോട്ടുവിഹിതവും ഉറപ്പാക്കി.
സി.പി.എം നിലപാട് വ്യക്തമാക്കിയതോടെ സി.പി.ഐയുടെ കോർട്ടിലായിരുന്നു പന്ത്. കോൺഗ്രസിനെ തള്ളി സി.പി.എം അനുകൂല തീരുമാനം പാർട്ടിയിൽ നിന്നുമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അതുണ്ടായില്ല. ഇന്ന്, കോൺഗ്രസ് സഖ്യത്തിൽ ഏകസീറ്റിൽ മത്സരിച്ച അവരുടെ സംസ്ഥാന സെക്രട്ടറി കെ. സാംബശിവറാവും സംസ്ഥാനത്തെ എം.എൽ.എയാണ്.
1994-ൽ ടി.ഡി.പിയുമായുള്ള സഖ്യത്തിലൂടെ ഖമ്മം ജില്ലയിൽ ഇടതുപാർട്ടികൾ ഒമ്പതിൽ ഏഴും സീറ്റുകളും നേടിയിരുന്നു. സി.പി.ഐ. നാല് സീറ്റും സി.പി.എം മൂന്ന് സീറ്റും ടി.ഡി.പി. ബാക്കിയുള്ള രണ്ട് സീറ്റും നേടി. 1999-ലാണ് ഇടത് പാർട്ടികൾ ടി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. തുടർന്ന് 2004-ൽ കോൺഗ്രസിനോടൊപ്പം മത്സരിച്ച് അഞ്ച് സീറ്റുകൾ നേടി.
രാജസ്ഥാനിലും ഏശിയില്ല
സമീപകാലത്ത് കർഷകമുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ പ്രതീക്ഷ രാജസ്ഥാനിൽ സി.പി.എമ്മിനുണ്ടായിരുന്നു. ബാദ്രയിലെയും ദുൻഗർഗറിലെയും സിറ്റിങ് എം.എൽ.എ.മാരായ ബൽവാൻ പുനിയയും ഗിരിധരിലാൽ മഹിയയും മത്സരിച്ചെങ്കിലും തോറ്റു. പുനിയ 1132 വോട്ടിനും മഹിയ 9192 വോട്ടിനുമാണ് തോറ്റത്.
രണ്ട് എം.എൽ.എ.മാർ അവിടെയുണ്ടായിരുന്നു. കർഷകമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ 2018-ൽ നേടിയ രണ്ടിൽനിന്ന് നാലുസീറ്റിലേക്കെങ്കിലും അംഗസംഖ്യ ഉയർത്താനാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി. കുത്തൊഴുക്കിൽ പൊലിഞ്ഞത്.സി.പി.ഐ. മത്സരിച്ച ഒമ്പതിടത്തും ദയനീയപരാജയമാണ് ഏറ്റുവാങ്ങിയത്.
ചിഹ്നം കിട്ടാതെ ചത്തീസ്ഗഢ്
ഛത്തീസ്ഗഢിൽ പാർട്ടി ചിഹ്നമായ അരിവാളും നെൽക്കതിരും ലഭിക്കാതിരുന്നത് സംസ്ഥാനസെക്രട്ടറിയായ മനീഷ് കുഞ്ജാമിന് വിനയായി. അവസാനറൗണ്ടുവരെ വീറുറ്റപോരാട്ടം കാഴ്ചെവച്ചാണ് കുഞ്ജാം അടിയറവുപറഞ്ഞത്. ആദിവാസി ഭൂരിപക്ഷമേഖലയായ കോണ്ട മണ്ഡലത്തിൽ ഇക്കുറി മാവോവാദികൾക്കും വോട്ടവകാശം നേടാനായത്, സി.പി.ഐ. ചിഹ്നത്തിൽ മത്സരിച്ചെങ്കിൽ കുഞ്ജാമിന് തുണയാകുമായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന ആദിവാസിനേതാവുകൂടിയാണ് കുഞ്ജാം. പക്ഷേ, മത്സരം അവിടത്തുകാർ കണ്ടിട്ടുപോലുമില്ലാത്ത എയർ കണ്ടീഷണർ ചിഹ്നത്തിലായിപ്പോയി.
ചിഹ്നം ലഭിക്കാതിരുന്നത് ദേശീയനേതൃത്വത്തിന്റെ വീഴ്ചയാണെന്ന ആരോപണം സി.പി.ഐ.ക്കകത്ത് ഉയരുന്നു. ദേശീയ നിർവാഹകസമിതി യോഗത്തിൽ ഇത് ചർച്ചയായേക്കും. നേരത്തേ അവിഭക്ത മധ്യപ്രദേശിൽനിന്ന് കുഞ്ജാം വിജയിച്ചിട്ടുണ്ട്.വീരതെലങ്കാനപോലുള്ള സമരചരിത്രം വെറും ഗൃഹാതുര ഓർമമാത്രമായി കൊണ്ടുനടക്കേണ്ട അവസ്ഥയിൽ നിൽക്കുന്ന സി.പി.എമ്മിനും സി.പി.ഐ.ക്കും തെലങ്കാനാ തിരഞ്ഞെടുപ്പിൽ കാര്യമായൊന്നും ചെയ്യാനായില്ല. കോൺഗ്രസ് സഖ്യത്തിൽ കോതഗുഡം മണ്ഡലത്തിൽ മത്സരിച്ച സി.പി.ഐ. സംസ്ഥാനസെക്രട്ടറി സാംബശിവറാവുവിന് വിജയിക്കാനായി. സി.പി.എം. നേരിട്ട് 17 ഇടത്ത് മത്സരിച്ചെങ്കിലും കനത്ത തോൽവിയേറ്റുവാങ്ങി
Content Highlights: Assembly Elections, CPM, CPI, Telangana, Assembly Polls 2023
Published: 04 Dec 2023, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented