ഭോപാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തുനിന്ന് മാറിനിന്ന ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബത്തില്‍നിന്ന് മത്സരിച്ച നാലുപേരില്‍ രണ്ടുപേര്‍ക്ക് വിജയം. മകന്‍ ജയ്‌വര്‍ധന്‍ സിങ്, അനന്തരവളുടെ ഭര്‍ത്താവ് അജയ് സിങ് എന്നിവര്‍ വിജയിച്ചപ്പോള്‍, സഹോദരന്‍ ലക്ഷ്മണ്‍ സിങ്, അനന്തരവന്‍ പ്രിയാവൃത് സിങ് എന്നിവര്‍ പരാജയപ്പെട്ടു. അതേസമയം, ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമായി മത്സരിച്ച അഞ്ച് മുന്‍മുഖ്യമന്ത്രി പുത്രന്മാരില്‍ മൂന്നുപേര്‍ വിജയിച്ചു.

To advertise here,

ദിഗ്‌വിജയ് സിങ്ങിന്റെ മകന്‍ ജയ്‌വര്‍ധന്‍ സിങ് രഘോഗര്‍ മണ്ഡലത്തില്‍ 4,505 വോട്ടിനാണ് വിജയിച്ചത്. മൂന്നാം തവണയാണ് ജയ്‌വര്‍ധന്‍ ഇവിടെ വിജയിക്കുന്നത്. ആദ്യതവണ 59,00 വോട്ടിനും 2018-ല്‍ 64,000 വോട്ടിനുമായിരുന്നു ജയ്‌വര്‍ധന്‍ വിജയിച്ചത്. കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. രണ്ടുതവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന മൂല്‍ സിങ്ങിന്റെ മകന്‍ ഹിതേന്ദ്ര സിങ് ഭണ്ഡിയോടായിരുന്നു ജയ്‌വര്‍ധന്‍ ഏറ്റുമുട്ടിയത്.

ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണന്‍ സിങ് സിറ്റിങ് സീറ്റായ ചച്ചൗരയില്‍ ബി.ജെ.പിയുടെ വനിതാ സ്ഥാനാര്‍ഥി പ്രിയങ്ക പേംചിയോട് 61,570 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഖില്‍ചിപുരിലെ സിറ്റിങ് എം.എല്‍.എയായ അനന്തരവന്‍ പ്രിയാവൃത് സിങ് ഹജാരിലാല്‍ ദംഗിയോട് 13,678 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അനന്തരവളുടെ ഭര്‍ത്താവായ അജയ് സിങ് ബി.ജെ.പിയുടെ ശാരദേന്ദു തിവാരിയെ പരാജയപ്പെടുത്തിയത് 27,777 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മുന്‍മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങിന്റെ മകനാണ് അജയ് സിങ്. 1985-ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇവിടെനിന്ന് വിജയിക്കുന്ന അജയ് സിങ്, 1993-ലും 2018-ലും ഇവിടെ പരാജയപ്പെട്ടിരുന്നു. ദിഗ്‌വിജയ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ ജനവധി തേടിയ അഞ്ച് മുന്‍മുഖ്യമന്ത്രി പുത്രന്മാരില്‍ രണ്ടുപേരും ദിഗ്‌വിജയ് സിങ് കുടുംബാംഗങ്ങളാണ്. ഇവര്‍ രണ്ടുപേരും വിജയിച്ചു. കോണ്‍ഗ്രസില്‍നിന്ന് ജനവധി തേടിയ കൈലാഷ് ജോഷിയുടെ മകന്‍ ദീപക് ജോഷി പരാജയപ്പെട്ടു. ബി.ജെ.പിയുടെ ആശിഷ് ഗോവിന്ദ് ശര്‍മ ഖത്തേഗാവില്‍ 12,542 വോട്ടിനാണ് ദീപക് ജോഷിയെ പരാജയപ്പെടുത്തിയത്.

ബി.ജെ.പിയില്‍ രണ്ടു മുന്‍മുഖ്യമന്ത്രി പുത്രന്മാര്‍ ജനവിധി തേടിയപ്പോള്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. 1967 മുതല്‍ രണ്ടുവര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് നാരായണന്‍ സിങ്ങിന്റെ മകന്‍ ധ്രുവ് നാരായണന്‍ സിങ് ഭോപാല്‍ സെന്‍ട്രല്‍ സീറ്റില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റ് രണ്ടു മുസ്ലിം സ്ഥാനാര്‍ഥികളില്‍ ഒരാളായ ആരിഫ് മസൂദാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് നാരായണ്‍ സിങ് ലോക് സേവക് ദള്‍ രൂപീകരിച്ച് ജനസംഘിനൊപ്പം സഖ്യമുണ്ടാക്കിയാണ് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഗോവിന്ദ് നാരായണ്‍ സിങ് പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

മറ്റൊരു ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന വീരേന്ദ്രകുമാര്‍ സക്ലേച്ച ജവാഡില്‍ വിജയിച്ചു. 2,364 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ സാമന്ദര്‍ പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. 1978-80 കാലഘട്ടത്തില്‍ ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്രകുമാര്‍ സക്ലേച്ചയുടെ മകനാണ് ഓം പ്രകാശ് സക്ലേച്ച. ജവാഡില്‍നിന്ന് നാലുതവണ എം.എല്‍.എയായ ഓം പ്രകാശ് അഞ്ചാം അങ്കത്തിലാണ് പരാജയപ്പെട്ടത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ജ്യോതിരാദിത്യസിന്ധ്യയുടെ അനുയായിയായ സാമന്ദര്‍ പട്ടേല്‍ ഈ വര്‍ഷം ആദ്യമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.