ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തില്‍ സംശയം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 230 മണ്ഡലങ്ങളില്‍ 199 ഇടത്ത് കോണ്‍ഗ്രസ് ആയിരുന്നു മുന്നിലെന്നും ബി.ജെ.പി. മുന്നിട്ടുനിന്നത് 31 ഇടത്തുമാത്രമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

To advertise here,

'മറ്റൊരു ട്വീറ്റില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെയും ദിഗ്‌വിജയ് സിങ് ചോദ്യംചെയ്യുന്നുണ്ട്. ചിപ്പ് ഉള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകും. ഇ.വി.എമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതല്‍ ഞാന്‍ എതിരാണ്. ഇന്ത്യന്‍ ജനാധിപത്യം പ്രൊഫഷണല്‍ ഹാക്കര്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാകുമോ? എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അഭിസംബോധന ചെയ്യേണ്ടുന്ന അടിസ്ഥാനപരമായ ചോദ്യമാണിത്. ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പു കമ്മിഷന്‍, ബഹുമാനപ്പെട്ട സുപ്രീം കോടതി ദയവായി നമ്മുടെ ഇന്ത്യന്‍ ജനാധിപത്യത്തെ നിങ്ങള്‍ സംരക്ഷിക്കാമോ?', എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ ട്വീറ്റ്. 

തന്റെ വാദത്തെ സാധൂകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ ട്വീറ്റും ദിഗ്‌വിജയ സിങ് ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ബിജെപി കുറ്റപ്പെടുത്തുന്നതായുള്ള പഴയ വാര്‍ത്തയുടെ ഭാഗമാണ് രവി നായര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

230 സീറ്റില്‍ 163-ഉം നേടിയാണ് മധ്യപ്രദേശില്‍ ബി.ജെ.പി. തുടര്‍ഭരണം നേടിയത്. കോണ്‍ഗ്രസ് വെറും 66 സീറ്റിലാണ് വിജയിച്ചത്.