
ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി.ജെ.പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന് (വ്യാഴാഴ്ച) ഡല്‍ഹിയില്‍ നടക്കും. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യോഗം തീരുമാനം കൈക്കൊള്ളും. മധ്യപ്രദേശില്‍ 230-ല്‍ 163 സീറ്റ് നേടിയാണ് ബി.ജെ.പി. ഭരണം പിടിച്ചത്. 199 മണ്ഡലങ്ങളില്‍ 115-ഇടത്ത് വിജയിച്ച് രാജസ്ഥാനിലും 90-ല്‍ 54 സീറ്റ് നേടി ഛത്തീസ്ഗഢിലും ബി.ജെ.പി. അധികാരം ഉറപ്പിച്ചു.
രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോള്‍ വസുന്ധര രാജ സിന്ധ്യയുടെ ഡല്‍ഹി സന്ദര്‍ശനം ഏറെ ശ്രദ്ധേയമാകുന്നുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലാണ് വസുന്ധരയുടെ പേര്. എന്നാല്‍ കേന്ദ്രനേൃത്വവുമായുള്ള അസ്വാരസ്യം, മുഖ്യമന്ത്രിസ്ഥാനം വസുന്ധരയില്‍നിന്ന് അകറ്റിയേക്കുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച രാത്രിയാണ് അവര്‍ ഡല്‍ഹിയിലെത്തിയത്. വ്യാഴാഴ്ച ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് വസുന്ധര സമയം തേടിയെന്നാണ് വിവരം. അതേസമയം ഡല്‍ഹിയിലെത്തിയ വസുന്ധര, മരുമകളെ കാണാന്‍ എത്തിയതാണ് എന്നായിരുന്ന മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അറുപത് എം.എല്‍.എമാരുമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വസുന്ധര സ്വന്തം വസതിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി വസുന്ധരയെ തിരഞ്ഞെടുക്കുന്ന പക്ഷം പിന്തുണയ്ക്കുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. വസുന്ധരയെ കൂടാതെ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, അര്‍ജുന്‍ മേഘ്‌വാള്‍, എം.പിമാരായ ബാലക്‌നാഥ്, ദിയാകുമാരി എന്നിവരുടെ പേരും രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
മധ്യപ്രദേശിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. താന്‍ ഒരിക്കലും മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആയിരുന്നില്ലെന്ന പ്രതികരണവുമായി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍പോ ഇപ്പോഴോ ഞാന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായിരുന്നില്ല. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ്. പാര്‍ട്ടി നല്‍കുന്ന എന്ത് ചുമതലയും സ്ഥാനവും നിര്‍വഹിക്കും, അദ്ദേഹം പറഞ്ഞു. ശിവരാജ് സിങ് ചൗഹാനെ കൂടാതെ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവരാണ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍.
രമണ്‍ സിങ്, വിഷ്ണു ദേവ് സായി, രേണുക സിങ് സര്‍പോത, ഒ.പി. ചൗധരി തുടങ്ങിയവരെയാണ് ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.
Content Highlights: bjp crucial meet to decide the chief ministers today
Published: 07 Dec 2023, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented