ഇന്ന് (വ്യാഴാഴ്ച) ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മന്ത്രിയായി സീതാക്ക സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതിന് പ്രത്യേകതകള്‍ ഏറെയാണ്. നിയമലംഘക എന്ന ഭൂതകാലം. അതില്‍നിന്ന് നിയമസഭാംഗത്വത്തിലേക്ക്. ഇതിനിടെ പഠനവും ഗവേഷണവും. മൂന്നാംവട്ടം മുലുഗ് മണ്ഡലത്തിലെ വിജയത്തിലൂടെ മന്ത്രിപദത്തിലേക്ക്. സീതാക്ക എന്ന് തെലങ്കാനക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ദനസരി അനസൂയയുടെ ജീവിതമാണിത്.

To advertise here,

തെലങ്കാനയിലെ ഗോത്രവര്‍ഗ കുടുംബത്തിലായിരുന്നു സീതാക്കയുടെ ജനനം. കൗമാരത്തില്‍ നക്സലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. വര്‍ഷങ്ങള്‍ക്കിപ്പുറം 2004-ല്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെ അവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നു. അതിനിടെ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി. ഇക്കുറി ബി.ജെ.പിയുടെ അജ്മീര പ്രഹ്ലാദിനെ പരാജയപ്പെടുത്തിയാണ് അവര്‍ മുലുഗില്‍ ജയിച്ചുകയറിയത്.

കോയ ഗോത്രകുടുംബത്തില്‍ 1971 ജൂലൈ ഒന്‍പതിനാണ് സീതാക്കയുടെ ജനനം. പതിന്നാലാം വയസ്സില്‍ സ്‌കൂള്‍ പഠനകാലത്ത് ജനശക്തി നക്‌സല്‍ ഗ്രൂപ്പിന്റെ ഭാഗമായി. 14 കൊല്ലത്തിനു ശേഷം അതില്‍നിന്ന് പുറത്തുവന്നു. തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ച സീതാക്ക 2009-ലാണ് ആദ്യം എം.എല്‍.എ. ആകുന്നത്, ടി.ഡി.പിയുടെ ടിക്കറ്റില്‍. മുന്‍പ് 2004-ല്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2014-ല്‍ വീണ്ടും മത്സരിച്ചെങ്കിലും ബി.ആര്‍.എസ്. (അന്നത്തെ ടി.ആര്‍.എസ്.) സ്ഥാനാര്‍ഥി അസ്മീര ചന്തുലാലിനോട് പരാജയപ്പെട്ടു. 2017-ല്‍ ടി.ഡി.പി. വിട്ട സീതാക്ക കോണ്‍ഗ്രസില്‍ ചേരുകയും ഓള്‍ ഇന്ത്യ  മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. 2018-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സീതാക്ക, 2023-ലും വിജയം ആവര്‍ത്തിക്കുകയായിരുന്നു. 

placeholder
Photo Courtesy: https://www.facebook.com/danasarisithakka

കോവിഡ് മഹാമാരിയുടെ കാലത്ത് കാടിനുള്ളിലൂടെ ദീര്‍ഘദൂരം നടന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് സീതാക്ക ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നു. തന്റെ മണ്ഡലത്തില്‍ ഉള്‍ക്കാടുകളില്‍ ജീവിക്കുന്നവര്‍ക്കായി അവശ്യവസ്തുക്കള്‍ ട്രാക്ടറില്‍ കയറ്റി എത്തിച്ചുകൊടുക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ഗ്രാമങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍ വസ്തുക്കള്‍, സ്വന്തം ചുമലിലേറ്റി പോലും സീതാക്ക എത്തിച്ചു നല്‍കിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമത്തില്‍നിന്നും നിയമപാലകരില്‍നിന്നും ഒളിച്ചുജീവിച്ച ഭൂതകാലത്തിനുടമയാണ് സീതാക്ക. എന്നാല്‍ നക്‌സലൈറ്റ് പ്രവര്‍ത്തനത്തില്‍നിന്ന് പുറത്തുവന്നതോടെ നിയമപഠനത്തിലേക്ക് അവര്‍ കടന്നു. അഭിഭാഷകയായി. 2022-ല്‍ 51-ാം വയസ്സില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് അവര്‍ ഡോക്ടറേറ്റ് നേടിയിരുന്നു. താന്‍ ഉള്‍പ്പെടുന്ന കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥയെ ആസ്പദമാക്കിയായിരുന്നു സീതാക്കയുടെ ഗവേഷണം.

പി.എച്ച്.ഡി. നേടിയതിന് പിന്നാലെ എക്‌സില്‍ സീതാക്ക കുറിച്ചത് ഇങ്ങനെ ആയിരുന്നു; കുട്ടിക്കാലത്ത് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഞാന്‍ ഒരു നക്‌സലൈറ്റ് ആകുമെന്ന്. നക്‌സലൈറ്റ് ആയിരുന്നപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല അഭിഭാഷകയാകുമെന്ന്. അഭിഭാഷക ആയപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല എം.എല്‍.എ. ആകുമെന്ന്. എം.എല്‍.എ. ആയപ്പോള്‍ ഒരിക്കലും കരുതിയില്ല പി.എച്ച്.ഡി. ചെയ്യുമെന്ന്. ഇപ്പോള്‍ നിങ്ങള്‍ക്കെന്നെ വിളിക്കാം, ഡോ. അനസൂയ സീതാക്ക, പിഎച്ച്.ഡി. ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ്. 

തെലങ്കാനയിലെ കോണ്‍ഗ്രസിനെ വന്‍വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമര്‍ക്ക മല്ലുവും സത്യപ്രതിജ്ഞ ചെയ്തു. സീതാക്കയെ കൂടാതെ ഉത്തംകുമാര്‍ റെഡ്ഡി ഉള്‍പ്പെടെ ഒന്‍പതു പേര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.