ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാരില്‍ ചിലര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായുള്ള പരാമര്‍ശം അദ്ദേഹം മനഃപൂര്‍വം ഒഴിവാക്കി. 

To advertise here,

മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാടേ തള്ളുന്നതായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വിശകലനം നടത്തുമെന്ന് കമല്‍ നാഥ് പറഞ്ഞു. സ്ഥാനാര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്നും തിരഞ്ഞെടുപ്പ് ഫലം മറിച്ചായതിന്റെ കാരണം  ജനങ്ങളോട് ചോദിക്കണമെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു. ജനഹിതം മാനിക്കുന്നതായും പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുമെന്നുമായിരുന്നു നേരത്തെ അദ്ദേഹത്തിന്റെ പ്രതികരണം. 

കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ആധികാരികതയെ കുറിച്ച് ചോദ്യമുയര്‍ത്തി. ചിപ്പ് ഘടിപ്പിച്ച ഏതൊരു മെഷീനേയും ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. 

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവടങ്ങളില്‍ ബി.ജെ.പി. വിജയം നേടിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്.