ആരോഗ്യ വകുപ്പിനുകീഴിലുള്ള നഴ്‌സിങ് സ്ഥാപനങ്ങളിൽ 2024-2025-ൽ നടത്തുന്ന രണ്ട് വർഷ/മൂന്നു വർഷ  നഴ്‌സിങ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷിക്കാം 

To advertise here,

ജനറൽ നഴ്‌സിങ്, ജനറൽ നഴ്‌സിങ് ആൻഡ്  മിഡ് വൈഫറി (ജി.എൻ.എം.)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (ഇലന്തൂർ), ആലപ്പുഴ, കോട്ടയം, ഇടുക്കി (മുട്ടം), എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (മഞ്ചേരി), വയനാട് (പനമരം), കോഴിക്കോട്, കണ്ണൂർ, കാസർകോട് (കാഞ്ഞങ്ങാട്) എന്നീ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിലാണ് പ്രോഗ്രാമുള്ളത്. കൂടാതെ പട്ടികവിഭാഗക്കാർക്കു മാത്രമായി കൊല്ലം ആശ്രാമം നഴ്‌സിങ് സ്‌കൂളിലും കോഴ്‌സുണ്ട്. 

മൂന്നു വർഷമാണ് കോഴ്‌സിന്റെ കാലാവധി. ഇതിൽ അവസാന ആറ് മാസം ഇന്റേൺഷിപ്പാണ്. കോഴ്‌സ് ആരംഭിച്ച് ആറ് വർഷത്തിനകം ജയിച്ചിരിക്കണം. അതിനു ശേഷം പരീക്ഷയെഴുതാൻ കഴിയില്ല.. 

സീറ്റുകൾ: മൊത്തം സീറ്റുകൾ 485. മാൻഡേറ്ററി സംവരണം ശതമാനക്കണക്കിൽ: സ്റ്റേറ്റ് മെരിറ്റ് -50, സാമ്പത്തിക പിന്നാക്കം (മുന്നോക്ക വിഭാഗത്തിൽ) -10, സാമൂഹികപരവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ -എസ്.ഇ.ബി.സി.- മൊത്തം 30 (ഇതിൽ ഒൻപത് ഉപവിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്), പട്ടികജാതി -8 പട്ടികവർഗം -2. 

കൂടാതെ, സ്‌പോർട്‌സ്, എസ്.എസ്.എ. (സംസ്ഥാന സൈനിക നാവിക വൈമാനിക ബോർഡ്), പാരാമിലിട്ടറി, അനാഥാലയം, എൻ.സി.സി., ട്രാൻസ്ജെൻഡർ, ഭിന്നശേഷി, എ.എൻ.എം. നഴ്‌സസ്, തുടങ്ങിയ വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകളും ഉണ്ട്.  ഓരോ സ്ഥാപനത്തിലെയും സീറ്റ് വിഭജനം പ്രോസ്‌പെക്ടസിലുണ്ട്. 
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണലായും ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 40 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. എസ്.ഇ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 35 ശതമാനം മതി. പട്ടികവിഭാഗക്കാർക്ക് പാസ് മാർക്കും. 
ഈ വിഷയങ്ങൾ പഠിച്ചു പ്ലസ്ടു യോഗ്യത നേടിയവരുടെ അഭാവത്തിൽ മറ്റ് ഓപ്ഷണൽ വിഷയങ്ങൾ പഠിച്ചു പ്ലസ്ടു ജയിച്ചവരെ പരിഗണിക്കും. പ്ലസ് ടു യോഗ്യത നേടിയ ശേഷം എ.എൻ.എം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ രജിസ്‌ട്രേഡ് എ.എൻ.എം. നഴ്‌സുമാർക്കും അപേക്ഷിക്കാം. 
പ്രായം 2024 ഡിസംബർ 31-ന് 17 വയസ്സിൽ കുറയാനോ 35 വയസ്സിൽ കൂടാനോ പാടില്ല. എസ്.ഇ.ബി.സി.ക്കാർക്ക് മൂന്നും പട്ടിക വിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ഉണ്ട്. 

ഒരാൾക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്കേ അപേക്ഷിക്കുവാൻ കഴിയൂ. കൊല്ലത്ത് പട്ടിക വിഭാഗക്കാർക്കുള്ള നഴ്‌സിങ് സ്‌കൂളിലേക്ക് അപേക്ഷിക്കുന്ന ഈ വിഭാഗക്കാർ മറ്റേതെങ്കിലും നഴ്‌സിങ് സ്‌കൂളിലേക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പക്ഷം, അവിടേക്കും പ്രത്യേകം അപേക്ഷ നൽകണം. ഓരോന്നിലേക്കും പ്രത്യേകം അപേക്ഷാ ഫീസും അടയ്ക്കണം. 

റാങ്ക് പട്ടിക: പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പരിഗണിച്ചാണ് പ്രവേശനം. ഈ വിഷയങ്ങൾ പഠിക്കാത്തവരെ പരിഗണിക്കേണ്ടി വന്നാൽ അവർക്ക് ഐച്ഛിക വിഷയങ്ങളിൽ ലഭിച്ച മൊത്തം മാർക്ക് 600-ൽ കണക്കാക്കി പരിഗണിക്കും. ജില്ലാതലത്തിൽ റാങ്ക് പട്ടിക തയ്യാറാക്കും. 

സ്‌റ്റൈപ്പൻഡ്: ജി.എൻ.എം. കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 700 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. ആറ് മാസത്തെ ഇന്റേൺഷിപ്പ് കാലത്ത് 2000 രൂപ സ്‌റ്റൈപ്പൻസ് അനുവദിക്കും. ആൺകുട്ടികൾക്കും ട്രാൻസ് ജെൻഡർ വിഭാഗക്കാർക്കും സ്‌റ്റൈപ്പൻഡ് കൂടാതെ പ്രതിമാസം 50 രൂപ വീട്ടുവാടക ബത്തകൂടി നൽകും. 

ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം.) 

തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കാസർകോട് സർക്കാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് (ജെ.പി.എച്ച്.എൻ.) സ്‌കൂളുകളിലാണ് ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി രണ്ടു വർഷ പ്രോഗ്രാം നടത്തുന്നത്. പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. തിരുവനന്തപുരം (തൈക്കാട്) സെന്ററിൽ പട്ടികവിഭാഗക്കാർക്കു മാത്രമാണ് പ്രവേശനം. മറ്റു മൂന്നു കേന്ദ്രങ്ങളിൽ നിശ്ചിത ജില്ലക്കാർക്കു സീറ്റുകളുണ്ട്.  

സീറ്റുകൾ: മൊത്തം സീറ്റുകൾ 120. പ്രവേശനത്തിൽ മാൻഡേറ്ററി സംവരണം (സ്റ്റേറ്റ് മെറിറ്റ്/സംവരണ സീറ്റുകൾ) ഉണ്ട്. എസ്.എസ്.എ., പാരാമിലിട്ടറി, അനാഥാലയം, ആശാ പ്രവർത്തകർ, ഭിന്നശേഷി തുടങ്ങിയ വിഭാഗങ്ങൾക്കും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 

യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായം 2024 ഡിസംബർ 31-ന് 17 വയസ്സിൽ കുറയാനോ 35 വയസ്സിൽ കൂടാനോ പാടില്ല. എസ്.ഇ.ബി.സി.ക്കാർക്ക് മൂന്നും പട്ടിക വിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിലുണ്ട്. 
പ്രോസ്‌പെക്ടസ് പ്രകാരം, ഓരോ ജില്ലക്കാർക്കും അനുവദനീയമായ സ്ഥാപനത്തിലേക്കേ അപേക്ഷ നൽകാൻ കഴിയൂ. പട്ടിക വിഭാഗക്കാർക്ക് തിരുവനന്തപുരത്തേക്കും അപേക്ഷിക്കാം. ഈ വിഭാഗക്കാർ മറ്റേതെങ്കിലും ജെ.പി.എച്ച്.എൻ. സെൻററിലേക്കും അപേക്ഷിക്കുന്നുണ്ടെങ്കിൽ അവിടേക്കും പ്രത്യേകം അപേക്ഷ നൽകണം. ഫീസും അടയ്ക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ മൊത്തം മാർക്ക് അടിസ്ഥാനമാക്കി ജില്ലാ തലത്തിൽ റാങ്ക് പട്ടിക തയ്യാറാക്കും. 

സ്‌റ്റൈപ്പൻഡ്: പ്രവേശനം നേടുന്നവർക്ക് പ്രതിമാസം 500 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. കോഴ്‌സ് ആരംഭിച്ച് ആറ് വർഷത്തിനകം ജയിച്ചിരിക്കണം. അതിനു ശേഷം പരീക്ഷ എഴുതാൻ അവസരം ലഭിക്കില്ല. 
അപേക്ഷ 

രണ്ടു പ്രോഗ്രാമുകളുടെയും വിജ്ഞാപനങ്ങൾ, പ്രോസ്‌പെക്ടസ്, അപേക്ഷാഫോം എന്നിവ dhs.kerala.gov.in/ ൽ ലഭിക്കും. ജി.എൻ.എം. അപേക്ഷാ ഫീസ് 250 രൂപ. എ.എൻ.എം. അപേക്ഷാ ഫീസ് 200 രൂപ. പട്ടിക വിഭാഗക്കാർക്ക് ഓരോന്നിനും 75 രൂപ വീതം. ഫീസ് ട്രഷറിയിൽ അടയ്ക്കണം. പൂർത്തിയാക്കിയ അപേക്ഷകൾ ജൂലായ് ആറിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കുന്ന കേന്ദ്രത്തിലെ പ്രിൻസിപ്പലിനു ലഭിക്കണം.