കേരളത്തിൽ നടത്തുന്ന മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി (എംപിടി) കോഴ്‌സിലേക്ക് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു. മൊത്തം ആറ് സ്പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാം നടത്തുന്നത്. (i) കാർഡിയോ റെസ്പിറേറ്ററി (ii) മസ്‌കുലോ സ്കെലിറ്റൽ ആൻഡ് സ്പോർട്‌സ് (iii) ന്യൂറോളജി (iv) പീഡിയാട്രിക്സ് (v) കമ്യൂണിറ്റി ഹെൽത്ത് ആൻഡ് ജെറിയാട്രിക്സ് (vi) ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി. പ്രോഗ്രാം ലഭ്യമായ സ്ഥാപനങ്ങളുടെ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടില്ല.

To advertise here,

കോഴ്‌സിന്റെ കാലാവധി രണ്ടുവർഷമാണ്. കോഴ്‌സുകൾ പൂർത്തിയാക്കുന്നതിന് അനുവദനീയമായ പരമാവധി കാലയളവ് നാലുവർഷമായിരിക്കും. അപേക്ഷകൾ ക്ഷണിക്കുകയും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും നിശ്ചിത സീറ്റുകളിലേക്ക് അലോട്‌മെന്റ് നടത്തുകയും ചെയ്യുന്നത് എൽബിഎസ് സെന്റർ ആണ്.

സീറ്റുകളുടെ വിഭജനം (i) സർക്കാർ സീറ്റുകൾ: എൽബിഎസ് സെന്റർ അലോട്‌മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് സർക്കാർസീറ്റുകൾ

(ii) മാനേജ്‌മെന്റ് സീറ്റുകൾ: സർക്കാർ സീറ്റുകൾ ഒഴികെയുള്ള, അതത് മാനേജ്‌മെന്റുകൾ നികത്തുന്ന സീറ്റുകൾ മാനേജ്‌മെന്റ് സീറ്റുകളാണ്. എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം സീറ്റ്‌ സർക്കാർസീറ്റുകളാണ്. ബാക്കി 50 ശതമാനം മാനേജ്‌മെന്റ് സീറ്റും.

കോഴ്‌സിന് ലഭ്യമായ മൊത്തം സീറ്റുകളുടെയും വിവിധ വിഭാഗങ്ങൾക്കായി നീക്കിവെച്ച സീറ്റുകളുടെയും എണ്ണം സെൻട്രലൈസ്ഡ് അലോട്‌മെന്റ് പ്രോസസ്-2025 ആരംഭിക്കുന്നതിന് മുൻപ്‌ അന്തിമമാക്കും.

ഇന്ത്യക്കാർക്കുമാത്രമേ പ്രവേശനത്തിന് അർഹതയുള്ളൂ. പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ)/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിവരെ പ്രവേശനത്തിന്റെ പരിമിതമായ ഉദ്ദേശ്യത്തിനായി ഇന്ത്യൻപൗരർക്ക് തുല്യമായി പരിഗണിക്കും. ഇവർക്ക്, ഒരു തരത്തിലുള്ള സംവരണത്തിനും അർഹതയില്ല.

സീറ്റുകളുടെ സംവരണം: റാങ്ക് ലിസ്റ്റിൽനിന്ന് അലോട്‌മെന്റിനായി സംസ്ഥാനത്തിന് ലഭ്യമായ സീറ്റുകളുടെ അഞ്ചുശതമാനം എല്ലാ സർക്കാർ/എയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിങ് കോളേജുകളിലും ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിരിക്കുന്നു.

സംസ്ഥാന മെറിറ്റ് ക്വാട്ട, എസ്ഇബിസി ക്വാട്ട, എസ്‌സി/എസ്ടി ക്വാട്ട എന്നിവയ്ക്ക് ലഭ്യമായ മൊത്തം സീറ്റുകൾ ഇനിപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു (ശതമാനത്തിൽ): മെറിറ്റ് സീറ്റുകൾ-63, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ (എസ്ഇബിസി)-27 [ഈഴവ-8, മുസ്‌ലിം-7, മറ്റ് പിന്നാക്ക ഹിന്ദു-7, ലാറ്റിൻ കത്തോലിക് ആൻഡ്‌ ആംഗ്ലോ ഇന്ത്യക്കാർ-3, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ-1, കുടുംബി-1], എസ്‌സി/എസ്‌ടി-10.

അക്കാദമിക് യോഗ്യത

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെയുഎച്ച്എസ്) അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാലയിൽനിന്നോ 50 ശതമാനം മാർക്കോടെ (എല്ലാ വർഷത്തെയും സർവകലാശാലാ പരീക്ഷകൾ പരിഗണിച്ച്) ബാച്ച്‌ലർ ഓഫ് ഫിസിയോതെറപ്പി (ബിപിടി) ബിരുദം നേടിയിരിക്കണം.

എസ്‌സി/എസ്ടി, എസ്ഇബിസി ഉദ്യോഗാർഥികൾക്ക് ആവശ്യമായ യോഗ്യതാ മാർക്കിൽ അഞ്ചുശതമാനം ഇളവ് നൽകും. പഠിച്ച കോഴ്‌സിന്റെ കുറഞ്ഞ വിജയശതമാനം 50 ശതമാനം അല്ലെങ്കിൽ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

പരീക്ഷാഫലം ഗ്രേഡ് രീതിയിൽ ആണെങ്കിൽ, ഗ്രേഡിൽനിന്നു മാർക്കിലേക്കു പരിവർത്തനം ചെയ്യുന്നതിന്റെ സൂത്രവാക്യം സർവകലാശാലയിൽനിന്ന് ലഭിച്ചത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷകർ ബന്ധപ്പെട്ട സംസ്ഥാന കൗൺസിലിൽ സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം.

പ്രവേശനത്തിന് ഉയർന്നപ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്കുമുൻപ്‌ പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതകൾ അപേക്ഷകർ നേടിയിരിക്കണം.

അപേക്ഷ

ഓഗസ്റ്റ് 30-നകം lbscentre.in വഴി അപേക്ഷിക്കണം. അപേക്ഷാഫീസ് 1200 രൂപ (എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 600 രൂപ). ഓൺലൈനായോ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവേളയിൽ സൈറ്റിൽനിന്നു രൂപപ്പെടുത്തിയെടുക്കാവുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ പണമായും അടയ്ക്കാം.