കൊച്ചി: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു)യുടെ വിവിധ പഠനവകുപ്പുകളിൽ നടത്തുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 5 ആണ്. അപേക്ഷകൾ www.lbsapplications.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം.

To advertise here,

ഇൻഫ്രാസ്ട്രക്ടർ എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ് (സ്‌കൂൾ ഓഫ് ബിൽഡിംഗ് സയൻസസ്), എംബെഡ്ഡ്ഡ് സിസ്റ്റംസ് ടെക്‌നോളോജിസ് (സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസസ്), എലെക്ട്രിക്കൽ വെഹിക്കിൾ ടെക്‌നോളജി (സ്‌കൂൾ ഓഫ് എലെക്ട്രിക്കൽ സയൻസസ്), മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി (സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ്) എന്നീ നാല് എം.ടെക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഓരോ പ്രോഗ്രാമിന്റെയും പഠനകാലാവധി രണ്ട് വർഷമാണ്. ഓരോ പ്രോഗ്രാമിലും 18 സീറ്റുകൾ വീതമാണുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ടെക് അല്ലെങ്കിൽ എം.എസ്.സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതിയാകും. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണമെന്നതാണ് മാനദണ്ഡം.

ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് (GATE) സ്‌കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഗേറ്റ് യോഗ്യതയില്ലാത്തവരുടെ യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കും.

പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാ കോഴ്‌സിന്റെ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ് 400 രൂപയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 200 രൂപയാണ്.

ഓരോ പ്രോഗ്രാമിനും പരിഗണിക്കുന്ന ഗേറ്റ് വിഷയങ്ങളും യോഗ്യതാ ബിരുദങ്ങളും സംബന്ധിച്ച വിശദവിവരങ്ങൾ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.