ഒഡിഷ സംബൽപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) 2025-26-ൽ തുടങ്ങുന്ന രണ്ട് പുതിയ നാലുവർഷ ബാച്ച്‌ലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

ബിഎസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ സെറ്റുകൾ, റിയൽ വേൾഡ് ഡേറ്റാ ബേസ് സെറ്റ് എന്നിവയിലെ പ്രായോഗികപരിശീലനം വഴി ക്രിട്ടിക്കൽ തിങ്കിങ്, പ്രോബ്ലം സോൾവിങ് കഴിവുകൾ വികസിപ്പിക്കുക; റോ ഡേറ്റയെ പ്രവചനാത്മകമായ ഉൾക്കാഴ്ചകൾ നൽകി ബിസിനസ്, ശാസ്ത്രീയ, സാമൂഹിക ആവശ്യങ്ങൾക്കായി രൂപാന്തരപ്പെടുത്താൻ ആവശ്യമായ വിശകലനാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക, ഡിഎസ്, എഐ ഉപയോഗപ്പെടുത്തി അക്കാദമിക് അറിവും വ്യാവസായിക പ്രസക്തിയുള്ള ടൂളുകളും സംയോജിപ്പിച്ച് തിയറിയും പ്രായോഗികതയുംതമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയവയൊക്കെ പ്രോഗ്രാം ലക്ഷ്യമിടുന്നു.

ബിഎസ് ഇൻ മാനേജ്‌മെന്റ് ആൻഡ് പബ്ലിക് പോളിസി

മാനേജ്‌മെന്റ്, പോളിസി ഡിസൈൻ എന്നിവയിൽ പ്രാപ്തിയുള്ളവരെ സൃഷ്ടിക്കുക, സോഷ്യൽ, ഇക്കണോമിക്, പബ്ലിക് വെല്ലുവിളികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് നൂതനമാർഗങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു.

യോഗ്യത

രണ്ട് ബിഎസ് പ്രോഗ്രാമുകൾക്കും വേണ്ട പൊതുവായ യോഗ്യതകൾ: പ്ലസ്ടു/തത്തുല്യ പരീക്ഷ 2024-ലോ 2025-ലോ ജയിച്ചിരിക്കണം. പത്താംക്ലാസ് പരീക്ഷയിലും 12-ാംക്ലാസ് പരീക്ഷയിലും 70 ശതമാനം മാർക്ക് (പട്ടിക/ഒബിസി - എൻസിഎൽ/ഇഡബ്ല്യുഎസ്/ ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) ഉണ്ടായിരിക്കണം. പത്ത്, 12 ക്ലാസ് പരീക്ഷകളിൽ ഇംഗ്ലീഷ് ഭാഷാപരീക്ഷ ജയിച്ചിരിക്കണം.

ഉയർന്ന പ്രായപരിധി 2025 ജൂലായ് 31-ന് 21 വയസ്സ്. സംവരണവിഭാഗക്കാർക്ക് കേന്ദ്രസർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള ഇളവ് പ്രായത്തിൽ ലഭിക്കും.

പ്രവേശന രീതി

ബിഎസ് ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനത്തിന് ജെഇഇ മെയിൻ 2025 സ്‌കോർ വേണം. ഈ സ്‌കോർ പരിഗണിച്ചാകും റാങ്ക്പട്ടിക തയ്യാറാക്കുക.

ബിഎസ് മാനേജ്‌മെന്റ് ആൻഡ് പബ്ലിക് പോളിസി പ്രോഗ്രാം പ്രവേശനം തേടുന്നവർക്ക് സിയുഇടി യുജി 2025-ൽ ജനറൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് പേപ്പറുകൾ അഭിമുഖീകരിച്ച് അവയിൽ സാധുവായ സ്‌കോർ നേടിയിരിക്കണം. ഇവയുടെ സ്‌കോർ പരിഗണിച്ചാകും മെറിറ്റ് പട്ടിക തയ്യാറാക്കുക.

എക്‌സിറ്റ് ഓപ്ഷൻ

രണ്ട്‌ പ്രോഗ്രാമുകളിലും 1/2/3 വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യഥാക്രമം സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിഎസ് ഡിഗ്രി എടുത്ത് പുറത്തുവരാം (എക്‌സിറ്റ് ഓപ്ഷൻ). നാലുവർഷ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിഎസ് (ഓണേഴ്‌സ്) ബിരുദം ലഭിക്കും.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.iimsambalpur.ac.in സന്ദർശിക്കുക. ബിഎസ് ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അപേക്ഷ ജൂലായ് 20 വരെയും ബിഎസ് മാനേജ്‌മെന്റ് ആൻഡ് പബ്ലിക് പോളിസി അപേക്ഷ 30 വരെയും നൽകാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക/ഒബിസി എൻസിഎൽ/ഇഡബ്ല്യുഎസ്/ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഓൺലൈൻ ആയി അടയ്ക്കാം.

സെലക്‌ഷൻ ലിസ്റ്റ് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച് പ്രോഗ്രാമുകൾ സെപ്റ്റംബറിൽ തുടങ്ങും. സഹായങ്ങൾക്ക്: bs.admission@iimsambalpur.ac.in.