നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) കാലിക്കറ്റ് രണ്ട് പുതിയ എം.ടെക്. പ്രോഗ്രാമുകൾ ആരംഭിക്കുന്നു. എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സവിശേഷ മേഖല: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ അനലിറ്റിക്സ്), ഇലക്‌ട്രിക്കൽ എൻജിനിയറിങ് (സവിശേഷ മേഖല: ഇലക്‌ട്രിക് വെഹിക്കിൾ എൻജിനിയറിങ്) എന്നിവയിലേക്കാണ് പ്രവേശനം.

To advertise here,

എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് മേഖലയിൽ സവിശേഷ പഠനം. വ്യാവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായ എൻജിനിയറിങ് പരിശീലനത്തിന് ഊന്നൽ നൽകുന്നു. യോഗ്യത: എൻജിനിയറിങ്/ടെക്‌നോളജി/സയൻസ് എന്നിവയിൽ ഏതിലെങ്കിലും നാലുവർഷത്തെ ബാച്ച്‌ലർ ബിരുദം.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group

സയൻസ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ഒരു സ്ട്രീമിൽ രണ്ട്/മൂന്ന് വർഷത്തെ ബിരുദാനന്തര ബിരുദം. ജനറൽ/ജനറൽ-ഇ.ഡബ്ള്യു. എസ്./ഒ.ബി.സി.ക്ക് കുറഞ്ഞത് 60 ശതമാനം (അല്ലെങ്കിൽ സി.ജി.പി.എ. 6/10), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് 55 ശതമാനം (സി.ജി.പി.എ. 5.5/10) മാർക്ക് നേടി വിജയിച്ചിരിക്കണം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എം.ടെക്. ഇലക്‌ട്രിക്കൽ എൻജിനിയറിങ്
ഇലക്‌ട്രിക് വെഹിക്കിൾ എൻജിനിയറിങ്ങിൽ സവിശേഷപഠനം. വ്യവസായ/ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്ന വർക്കിങ് പ്രൊഫഷണലുകൾ, സ്വയം സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്ക് ചേരാം.

സ്പോൺസർ വിദ്യാർഥികൾ ഇലക്‌ട്രിക്കൽ എൻജിനിയറിങ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്/ഓട്ടോമൊബൈൽ എൻജിനിയറിങ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (അല്ലെങ്കിൽ സി.ജി.പി.എ. 5.0/10) ബി.ഇ., ബി.ടെക്. വിജയിച്ചിരിക്കണം.

സ്വയം സ്പോൺസേഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ഓട്ടോമൊബൈൽ എന്നീ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ജനറൽ/ജനറൽ-ഇ.ഡബ്ള്യു.എസ്./ഒ.ബി.സി.ക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ (സി.ജി.പി.എ. 6.0/10), എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് 55 ശതമാനം (സി.ജി.പി.എ. 5.5/10) മാർക്കോടെ ബി.ഇ., ബി.ടെക്. വിജയിച്ചിരിക്കണം.

വ്യവസായസ്ഥാപനങ്ങളുടെ സഹകരണം

ബോഷ്, ടാറ്റ എൽക്സി, മഹീന്ദ്ര ഇലക്‌ട്രിക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. തിയറി ക്ലാസുകൾ വൈകുന്നേരങ്ങളിൽ/അവധി ദിവസങ്ങളിൽ ഓൺലൈനായി നടത്തുന്നതിനാൽ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് അവരുടെ ജോലിയെ ബാധിക്കാതെ എം. ടെക്. നേടാം.

പുതിയ പ്രോഗ്രാമുകൾക്ക് പുറമേ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലുള്ള എം.ടെക്., എം.പ്ലാൻ, എം.എസ്‌സി., എം. ബി.എ. പ്രോഗ്രാമുകൾക്ക് സ്വയം സ്പോൺസർ വിഭാഗത്തിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nitc.ac.in | 0495- 2286119, 91-9446930650. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 19.