തിരുവനന്തപുരം: സ്വാശ്രയ ആയുർവേദ, ഫാർമസി കോഴ്‌സുകളിൽ പ്രവേശനനടപടികൾ പൂർത്തിയായെങ്കിലും സീറ്റുകൾ ഏറെയും കാലി. ബി.എ.എം.എസിന് 40 ശതമാനത്തോളം സീറ്റുകളും ബി ഫാമിന് 3200-ൽ 962 സീറ്റുകളും ഒഴിഞ്ഞുകിടപ്പാണ്. ആറു ഡെന്റൽ കോളേജുകളിലായി 133 ബി.ഡി.എസ്. സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

To advertise here,

എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനം ഈ മാസം 15-നാണ് പൂർത്തിയാകുന്നത്. അതിനുശേഷം സ്വാശ്രയ ബി.ഡി.എസ്. കോഴ്സിന് കുട്ടികൾ വരുമെന്നാണ് പ്രതീക്ഷ. സ്വാശ്രയ ഫാർമസി കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകീഴിലെ 37 കോളേജുകൾ അടക്കം 52 കോളേജുകളിലെ ജനറൽ സീറ്റുകളാണ് ബി.ഫാമിൽ ഒഴിവുള്ളത്.

പ്രതിസന്ധി കണക്കിലെടുത്ത് ബി.ഫാമിന് അവശേഷിക്കുന്ന ഒഴിവുകളിൽ നേറ്റിവിറ്റി പരിഗണിക്കാതെ നീറ്റ് യോഗ്യതയുള്ളവരെ പ്രവേശിപ്പിക്കാൻ കഴിഞ്ഞദിവസം അനുമതിയായിരുന്നു. അതിനിടെ നീറ്റ് യോഗ്യതാമാനദണ്ഡത്തിൽ ഇളവുവരുത്തിയും പ്രവേശനത്തീയതി നീട്ടിയും കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനവും വന്നിട്ടുണ്ട്. യോഗ്യതയായി നിശ്ചയിച്ചിരുന്ന നീറ്റ് പേർസന്റൈൽ കുറച്ചതിലാണ് മാനേജ്‌മെന്റുകളുടെ പ്രതീക്ഷ.

പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കണം
ബി.ഫാമിന് എൻട്രൻസ് പരീക്ഷായോഗ്യത മാനദണ്ഡമാക്കരുത്‌. പ്ലസ്ടു വിന് ലഭിക്കുന്ന മാർക്കുമാത്രം അടിസ്ഥാനമാക്കി പ്രവേശനം അനുവദിക്കണം. കേരളീയർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുള്ളത് എടുത്തുകളയണം.
ഇ.പി.ബി. രജിതൻ, സെക്രട്ടറി, സെൽഫ് ഫിനാൻസിങ് ഫാർമസി കോളേജ് അസോസിയേഷൻ (കെ.എസ്.എസ്.പി.സി.എം.എ.)

പഠിക്കാനാളുണ്ട്
ആയുർവേദം പഠിക്കാൻ ആളില്ലാത്ത അവസ്ഥയില്ല. നടപടികൾ ലഘൂകരിച്ചാൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്താനാകും. മോഡേൺ മെഡിസിന് നിശ്ചയിച്ചിട്ടുള്ള നീറ്റ് പേർസന്റൈൽ ആയുർവേദത്തിനും വേണമെന്ന് നിർബന്ധിക്കരുത്.
ഡോ. കെ. തുളസീധരൻ നായർ, പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ (കിസ്മ)