ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (ഐ.ഐ.പി.ഇ.) ബി.ടെക്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.പെട്രോളിയം എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലാണ് പ്രോഗ്രാം.

To advertise here,

കേന്ദ്രസർക്കാരിന്റെ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലുള്ള ‘ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ്’ പദവിയുള്ളതാണ് ഈ സ്വയംഭരണസ്ഥാപനം. മൂന്നു ബ്രാഞ്ചുകളിലായി 165 സീറ്റുകളുണ്ട്. പെട്രോളിയം -62, കെമിക്കൽ -63, മെക്കാനിക്കൽ -40.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച്, പ്ലസ്‌ടു/തത്തുല്യപരീക്ഷ, അഭിമുഖീകരിച്ച്‌ ആദ്യതവണ തന്നെ ജയിച്ചിരിക്കണം.

പ്ലസ്‌ടു/തത്തുല്യപരീക്ഷയിൽ മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) ഉണ്ടായിരിക്കണം. അല്ലെങ്കിൽ പ്ലസ്‌ടു പരീക്ഷയിൽ തന്റെ ബോർഡിൽനിന്ന്‌ ജയിച്ചവരിൽ കാറ്റഗറിയനുസരിച്ച് മുന്നിലെത്തിയവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ പരീക്ഷാർഥി വന്നിരിക്കണം. 2024-ലെ ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ റാങ്കുണ്ടായിരിക്കണം. ഈ റാങ്ക് പരിഗണിച്ചാണ് പ്രവേശനം.

അപേക്ഷ www.iipe.ac.in-ലെ ബി.ടെക്. അഡ്മിഷൻ ലിങ്ക് വഴി ജൂലായ് അഞ്ചിന് അഞ്ചുവരെ നൽകാം. ബ്രോഷർ ഇവിടെനിന്ന്‌ ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷാഫീസ് 1500 രൂപയാണ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 1000 രൂപയും. ആറിന് ആദ്യ അഡ്മിഷൻ ലിസ്റ്റ് പ്രഖ്യാപിക്കും. സീറ്റ് ലഭിക്കുന്നവർ 10-ന് വൈകീട്ട് അഞ്ചിനകം ബാധകമായ ഫീസ് ഓൺലൈനായി അടയ്ക്കണം.