സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ സ്‌കൂളുകളില്‍  ഉപയോഗശൂന്യമായതോ ജീര്‍ണിച്ചതോ ആയ കെട്ടിടങ്ങള്‍ കണ്ടെത്താനാണ് നടപടി. പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

To advertise here,

ഓഗസ്റ്റ് 7-ലെ നിര്‍ദ്ദേശപ്രകാരം, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ പൊളിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണം. യോഗ്യരായ എന്‍ജിനീയര്‍മാര്‍ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ അവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി.

കെട്ടിടങ്ങള്‍ പൊളിക്കുകയോ വലിയ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ ക്ലാസുകള്‍ തുടരുന്നതിന് താത്കാലിക ക്രമീകരണങ്ങള്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കിയെടുക്കുന്ന സ്ഥലങ്ങള്‍ കളിസ്ഥലങ്ങള്‍, പോഷകാഹാര തോട്ടങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നൈപുണ്യ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും എംപി അലോക് കുമാര്‍ സുമന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു, 

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍

  • ദേശീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ ഓഡിറ്റുകളിലൂടെ ജീര്‍ണിച്ചതോ ഉപയോഗശൂന്യമായതോ ആയ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനായി എല്ലാ സ്‌കൂള്‍ കെട്ടിടങ്ങളിലും അടിയന്തരമായി പരിശോധന നടത്തുക.
  • സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളോ അവയുടെ ഭാഗങ്ങളോ ആവശ്യമെങ്കില്‍ ഉടനടി അറ്റകുറ്റപ്പണി നടത്തുകയോ, ബലപ്പെടുത്തുകയോ, അല്ലെങ്കില്‍ പൊളിച്ചുമാറ്റുകയോ ചെയ്യണം. യോഗ്യരായ അധികാരികള്‍ സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ ഒരു സാഹചര്യത്തിലും അത്തരം കെട്ടിടങ്ങള്‍ ക്ലാസുകള്‍ക്കായി ഉപയോഗിക്കരുത്.
  • പൊളിച്ചുമാറ്റിയ സ്ഥലങ്ങള്‍ മറ്റ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം
  • വലിയ അറ്റകുറ്റപ്പണികളോ പൊളിച്ചുമാറ്റലോ നടക്കുന്നയിടങ്ങളില്‍ അധ്യയന ദിനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ സുരക്ഷിതമായ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കണം.
  • ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറ്റകുറ്റപ്പണികളുടെയോ പൊളിച്ചുമാറ്റലിന്റെയോ പുരോഗതി നിരീക്ഷിക്കുകയും സംസ്ഥാന വകുപ്പിനും ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും (SDMA/DDMA) പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.
  • മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, യോഗ്യരായ എന്‍ജിനീയര്‍മാരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ അറ്റകുറ്റപ്പണി നടത്തിയതോ പുതുതായി നിര്‍മ്മിച്ചതോ ആയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ.