ജയ്പുർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർഥികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, സ്കൂളുകളുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള 'കോക്രോച്ച് ജനത പാർട്ടി'യുടെ (സിജെപി) നീക്കങ്ങളെ തടയാനാണ് ഈ തീരുമാനമെന്ന വിമർശനം ശക്തമാണ്.
സി.ജെ.പി കോ-കൺവീനർ അശുതോഷ് രങ്ക രാജസ്ഥാനിലെ വിവിധ ജില്ലകളിലെ തകർന്നുവീഴാറായ സ്കൂളുകൾ സന്ദർശിക്കുമെന്നും അവയുടെ അവസ്ഥ ജനങ്ങളിലെത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 'സ്കൂൾ ശരിയാക്കൂ' എന്ന ഈ കാമ്പെയ്‌നിന്റെ ഭാഗമായി ജയ്പുർ, അജ്മീർ, ജോധ്‌പുർ തുടങ്ങി ഒൻപതോളം ജില്ലകളിലെ സ്കൂളുകൾ സന്ദർശിക്കാനായിരുന്നു തീരുമാനം. ഇതിനുപിന്നാലെയായിരുന്നു നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
പുതിയ ഉത്തരവ് പ്രകാരം, സ്കൂൾ പ്രിൻസിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പുറത്തുനിന്നുള്ള ഒരാൾക്കും സ്കൂൾ വളപ്പിൽ പ്രവേശിക്കാനാവില്ല. സ്കൂളിൽ എത്തുന്ന ഓരോ സന്ദർശകനും വിസിറ്റർ രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. കൂടാതെ, പ്രിൻസിപ്പലിന്റെയോ മറ്റ് സ്കൂൾ ഉദ്യോഗസ്ഥരുടെയോ കൂടെയല്ലാതെ ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനും കർശന വിലക്കുണ്ട്.
സ്കൂൾ പ്രവർത്തനങ്ങളോ അധ്യാപകരെയോ വിദ്യാർഥികളെയോ ചിത്രീകരിക്കുന്നതിനും വീഡിയോ എടുക്കുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ ആരെങ്കിലും പ്രവേശിക്കുകയോ ചിത്രീകരണത്തിന് മുതിരുകയോ ചെയ്താൽ ലോക്കൽ പോലീസിനെ അറിയിക്കണമെന്നും ഭാരതീയ ന്യായ സംഹിത, പോക്സോ, ഐടി ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരം നടപടിയെടുക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ രംഗത്തെ പരാജയങ്ങൾ മറച്ചുവെക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര കുറ്റപ്പെടുത്തി. സ്കൂളുകൾ പൊതുജനങ്ങളുടേതാണെന്നും അവ ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, എത്ര എഫ്.ഐ.ആർ എടുത്താലും സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്ന് തങ്ങളെ തടയാനാവില്ലെന്നും ശോച്യാവസ്ഥയിലുള്ള സ്കൂളുകൾ ശരിയാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അശുതോഷ് രങ്കയും വ്യക്തമാക്കി.
Content Highlights: Rajasthan government bans unauthorized outsiders, photography, and videography in state schools following CJP's School Thik Karo campaign.
Published: 17 Aug 2026, 01:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented