ശ്രീകൃഷ്ണപുരം: പ്രകൃതിയെ പാഠശാലയായിക്കണ്ട് ക്ലാസ് മുറിക്കകത്തും പുറത്തും പ്രതിസന്ധികളെ തരണംചെയ്യാൻ കുട്ടികളെ പഠിപ്പിച്ചതിനാണ് പി.ജി. ദേവരാജൻമാസ്റ്ററെ തേടി സംസ്ഥാന അധ്യാപകപുരസ്കാരമെത്തുന്നത്. ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്‌കൂൾ പ്രധാനാധ്യാപകനാണ് പി.ജി. ദേവരാജൻ. എൽ.പി. വിഭാഗത്തിലാണ് പുരസ്‌കാരം.

To advertise here,

പഠനയാത്രകളും വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങളും കുട്ടികൾക്ക് പുതുവഴികാട്ടി. സ്‌കൂളിന്റെ നേതൃത്വത്തിൽ നെൽക്കൃഷി നടത്തി ഹരിതം, ഗ്രാമശ്രീ എന്നീ ബ്രാൻഡുകളിൽ അരി പുറത്തിറക്കിയിരുന്നു. ഈവർഷംമുതൽ പഞ്ചായത്തിലെ മികച്ച കർഷകന് പുരസ്‌കാരവും നൽകുന്നുണ്ട്.

ഗ്രാമീണമേഖലയിലുളള സ്‌കൂളിൽ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ മുന്നിലെത്തിച്ചു. സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിന് സഹായിച്ചത്. ഇവിടെ എല്ലാ ക്ലാസ്‌മുറികളും വർഷങ്ങൾക്കുമുമ്പേ ഡിജിറ്റലാണ്.

പരിസ്ഥിതി-ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യംനൽകി ദേശീയതലത്തിൽ നടന്ന റാലിഫോർ റിവേഴ്‌സ് മത്സരത്തിൽ രണ്ടാംസ്ഥാനം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ദേവരാജന് നേടാനായി.

ഒറ്റപ്പാലം ഡിസ്ട്രിക്ട് സ്‌കൂൾ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ്‌, കാരാകുറുശ്ശി സർവീസ് സഹകരണബാങ്ക് ഡയറക്ടർ, ശ്രീകൃഷ്ണപുരം പഞ്ചായത്ത് പി.ഇ.സി. കൺവീനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സ്‌കൂൾ മേളകളിൽ മികച്ച സംഘാടകനായും തിളങ്ങി.

ഒറ്റപ്പാലം നിയോജകമണ്ഡലം സാധന വിദ്യാഭ്യാസപരിപാടിയിൽ 2015-ൽ മികച്ച പ്രധാനാധ്യാപകനായി തിരഞ്ഞെടുത്തിരുന്നു.

അധ്യാപക ദമ്പതിമാരായ പള്ളിക്കറുപ്പ് പത്തത്ത്‌വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും ശ്രീകൃഷ്ണപുരം പട്ടത്ത് സൗദാമിനി അമ്മയുടെയും മകനാണ്. പള്ളിക്കുറുപ്പ് ശബരി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ.പി. സിന്ധുവാണ് ഭാര്യ. മക്കൾ: സാന്ദ്ര, ശ്രേയ.