മനാമ: ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സണും സുപ്രീംകൗൺസിൽ ഫോർ വിമൻ അംഗവുമായ ഷെയ്ഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) തങ്ങളുടെ ആദ്യത്തെ ഐ.എൽ.എ- സി.എസ്.ആർ എക്‌സലൻസ് അവാർഡുകൾ'ക്കുള്ള അപേക്ഷാ ഫോമുകൾ ഓൺലൈനിൽ ലഭ്യമാക്കി. അസോസിയേഷന്റെ ചരിത്രപ്രധാനമായ 'പ്ലാറ്റിനം ഗാല' ആഘോഷങ്ങളുടെ ഭാഗമായാണ് അവാർഡുകൾ നൽകുന്നത്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) രംഗത്തെ മികച്ച സംഭാവനകളെയും, ബഹ്റൈൻ സമൂഹത്തിന്റെ വികസനത്തിൽ അർഥവത്തായ സംഭാവനകൾ നൽകിയ വനിതാ നേതാവിനുള്ള 'വുമൺ ഓഫ് ഇംപാക്ട്'പുരസ്‌കാരത്തെയും ഇത് ആദരിക്കുന്നു.
വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാവുന്ന, നാല് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള സി.എസ്.ആർ, സുസ്ഥിര പരിസ്ഥിതി സംരംഭങ്ങൾക്കുള്ള സി.എസ്.ആർ. എക്‌സലൻസ് അവാർഡ്, സി.എസ്.ആർ. കമ്പനി ഓഫ് ദ ഇയർ, വുമൺ ഓഫ് ഇംപാക്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവയാണിത്.
തികഞ്ഞ സുതാര്യതയിലും കർശനമായ മൂല്യനിർണയത്തിലുമാണ് അവാർഡ് നടപടിക്രമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തികച്ചും സുതാര്യവും യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു പ്രക്രിയ ഉറപ്പാക്കുന്നതിനായി, കർശനമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ രൂപവത്കരിക്കാൻ പ്രമുഖ 'നോളജ് പാർട്ണർ' ആയ കെ.പി.എം.ജി. ഫക്രോയുമായി സഹകരിക്കുന്നു. സ്വതന്ത്രരും ഉന്നതരുമായ ജൂറി അംഗങ്ങളുടെ പാനൽ, യോഗ്യമായ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് വിജയികളെ തിരഞ്ഞെടുക്കും. അപേക്ഷാ സമർപ്പണ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അപേക്ഷകരെ സഹായിക്കുന്നതിനായി സംഘാടകർ പ്രത്യേക ഉപദേശക സംവിധാനം ഒരുക്കിയിട്ടുണ്ട്.
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 10. ഡിസംബർ 10-ന് ഷെയ്ഖ ഹസ്സ ബിൻത് ഖലീഫ അൽ ഖലീഫയുടെ അധ്യക്ഷതയിൽ നടക്കുന്ന 'പ്ലാറ്റിനം ഗാല' ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സുസ്ഥിര വളർച്ചയെയും ആഘോഷിക്കുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങളും ബിസിനസ് നേതാക്കളും സാമൂഹിക മാറ്റത്തിന് ചുക്കാൻ പിടിക്കുന്നവരും സായാഹ്നത്തിൽ ഒത്തുചേരും. നാമനിർദ്ദേശങ്ങൾ https://www.ilabahrain.com/csr-excellence-awards-2026 എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം.
Content Highlights: Indian Ladies Association (ILA) launched online applications for its first ILA-CSR Excellence Awards in Bahrain.
Published: 06 Oct 2026, 01:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented