കൊച്ചി: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്നുദിവസത്തിനകം മറുപടിനൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിൻറെ പിറ്റേന്നുതന്നെ സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്നുകാണിച്ച് അഷ്റഫ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഡി.കെ. സിങ്ങിൻറേതാണ് ഉത്തരവ്. മറുപടിക്ക് സമയം നൽകിയില്ലെന്നത് കണക്കിലെടുത്താണ് സസ്പെൻഷൻ റദ്ദാക്കിയത്. നടപടി സ്കൂൾമാനേജർ പുനഃപരിശോധിക്കണമെന്നും നോട്ടീസിന് ഹർജിക്കാരൻ നൽകിയ മറുപടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
എടത്തനാട്ടുകര പികെഎം യുപി സ്കൂൾ അധ്യാപകനാണ് ടി.കെ. അഷ്റഫ്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുണ്ടായിരുന്ന പരാമര്‍ശം.
ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സുംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കുറിച്ചിരുന്നു. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി.കെ അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ രംഗത്തെത്തിയിരുന്നു.
Content Highlights: High Court Quashes Suspension of Kerala Teacher Over Zumba Post
Published: 08 Jul 2025, 07:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented