
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തന്റെ ഭരണകാലത്തെ വിദ്യാഭ്യാസനേട്ടങ്ങളെയും പ്രതിസന്ധികളെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കുന്ന ദേശീയ പഠനനേട്ട സൂചികയില്‍ (നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ) കേരളം മികച്ച നേട്ടമാണ് നേടിയിരിക്കുന്നത്. 2021-ലെ പതിനാറാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.
വളരെ വലിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയ അംഗീകാരമാണിത്. സര്‍വേയുടെ ടൈംടേബിള്‍ വന്നയുടനെ തന്നെ സ്‌കൂള്‍തലം മുതല്‍ നമ്മുടെ ശ്രദ്ധ ചെല്ലുന്നതിനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി. ആദ്യപടിയായി ജില്ലാതലത്തിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. എല്ലാ യോഗങ്ങളിലും ഞാന്‍ പങ്കെടുത്തു. അതിലൂടെ പ്രവര്‍ത്തനഫലം പരിശോധിക്കപ്പെടും എന്ന സന്ദേശം കൊടുക്കാന്‍ കഴിഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും ഹാജര്‍ മുഴുവനുമുണ്ടായിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ മുതല്‍ ഹെഡ്മാസ്റ്റര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍, എസ്എസ്‌കെയിലെ (സമഗ്ര ശിക്ഷാ കേരള) ബിആര്‍സികള്‍. അങ്ങനെ എല്ലാവരും അതില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റില്‍ ഞങ്ങള്‍ നാല് സ്‌ക്വാഡുകള്‍ ഉണ്ടാക്കി, കൃത്യമായ ഇടവേളകളില്‍ പരിശോധന ഉറപ്പാക്കി. എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടത് അധ്യാപകരാണ് എന്ന സന്ദേശം എത്തിച്ചു.
ജില്ലാ ഓഫീസിലും ഡിപി ഓഫീസിലും മന്ത്രി ഓഫീസിലുമൊക്കെ ദിവസവും പ്രത്യേക സെല്‍ യോഗങ്ങള്‍ ഇതിനായി നടത്തിയിരുന്നു. ദിവസവും പുരോഗതി മന്ത്രിയെ അറിയിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. അങ്ങനെ തുടര്‍ച്ചയായ വിലയിരുത്തലിന്റെയും കൂടി വിജയമാണിത്. ഈ അത്യുജ്ജ്വലമായ നേട്ടത്തില്‍ വളരെ ആത്മസംതൃപ്തിയുണ്ട്. അത്രയ്ക്കാണ് ഞങ്ങള്‍ ബുദ്ധിമുട്ടിയത്. ഈ വിജയകരമായ മാതൃക വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികളിലും പ്രയോഗിക്കാന്‍ പോവുകയാണ്.
സ്‌കൂള്‍പരീക്ഷ പാസാവുന്നതിന് മിനിമം മാര്‍ക്ക് കൊണ്ടുവന്നത്.
അന്ന് തീരുമാനത്തെ എതിര്‍ത്തവര്‍ക്കൊക്കെ ഇന്ന് ബോധ്യമായി കാണും, സര്‍ക്കാരിന്റേത് ശരിയായ നടപടിയായിരുന്നുവെന്ന്. എട്ടാം ക്ലാസിലാണ് മിനിമം മാര്‍ക്ക് ആദ്യം നടപ്പാക്കിയത്. തുടര്‍ന്ന് 80,000 കുട്ടികള്‍ പിറകില്‍ പോയി. അവര്‍ക്ക് ആദ്യം രണ്ടുമാസത്തെ ക്ലാസ്സ് നടത്തി. കുറച്ചു കുട്ടികള്‍ പാസാകാതെ അവശേഷിച്ചു. വീണ്ടും രണ്ടാഴ്ച കൂടി അവര്‍ക്ക് ക്ലാസ് നടത്തിയശേഷം അവസാന പരീക്ഷ നടത്തി. അവരെയും ജയിപ്പിക്കുവാന്‍ സാധിച്ചു. ഇപ്പോള്‍ അധ്യാപകരും നാട്ടുകാരും പറയുന്നത് സബ്ജക്റ്റ് മിനിമം നടപ്പാക്കണം എന്നാണ്. എട്ടാം ക്ലാസില്‍ സബ്ജക്റ്റ് മിനിമം നടപ്പിലായി കഴിഞ്ഞു. ഈ വര്‍ഷം അഞ്ചു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളില്‍ കൂടി സബ്ജക്റ്റ് മിനിമം നടപ്പാക്കും.
സ്വന്തം പേരെഴുതാന്‍ അറിയാത്ത പത്താം ക്ലാസുകാര്‍...
എല്ലാ പത്താം ക്ലാസുകാര്‍ക്കും സ്വന്തം പേരെഴുതാന്‍ ഒക്കെ അറിയാം. അതൊക്കെ ആള്‍ക്കാര് പരിഹാസമായി പറയുന്നതാണ്.
ദേശീയ വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കലും പിഎം ശ്രീ പദ്ധതിയുമൊക്കെ പ്രശ്നത്തിലാണല്ലോ.
ആഗോളവല്‍കൃത വിദ്യാഭ്യാസനയത്തിന്റെ എല്ലാവിധ കുഴപ്പങ്ങളും ഉള്‍പ്പെട്ടതാണ് ദേശീയ വിദ്യാഭ്യാസനയം എന്ന എന്‍ഇപി. മറ്റു മേഖലകളില്‍ എന്നപോലെ വിദ്യാഭ്യാസമേഖലയിലും ആഗോളവല്‍ക്കരണം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. ചരിത്രം മാറ്റുന്നതിലും അക്കാദമിക കാര്യങ്ങളിലും പരീക്ഷകള്‍ സംഘടിപ്പിക്കുന്ന കാര്യത്തിലും കാമ്പസ് ഇലക്ഷന്റെ കാര്യത്തിലും പാഠപുസ്തക നിര്‍മ്മാണത്തിന്റെ കാര്യത്തിലുമെല്ലാം ഒരു പ്രത്യേക സംവിധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. അത് നമുക്ക് അംഗീകരിക്കാന്‍ ആവില്ല. സര്‍വകലാശാലകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. അവ ഒരു സര്‍ക്കാരിന്റെയും സംവിധാനത്തിന്റെയും വാലായി പ്രവര്‍ത്തിക്കാന്‍ പാടില്ല. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റുമൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടവയാണ്. ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കെ ഒരു വൈസ് ചാന്‍സലര്‍ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ താന്‍ വി.സിയുടെ ഓഫീസിലേക്ക് വരാം എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്. അത്രമാത്രം ബഹുമാനമാണ് കേരളത്തില്‍ സര്‍വകലാശാലകള്‍ക്ക് കൊടുത്തിട്ടുള്ളത്, കുറച്ചൊക്കെ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും.
ഒരു സര്‍ക്കാരിന്റെ വാലായി മാറുകയാണ് എന്‍ഇപി. അതിന്റെ ഭാഗമാണ് പി എം ശ്രീ പദ്ധതി. നാലുവര്‍ഷത്തേക്കുള്ള പദ്ധതി കഴിഞ്ഞാല്‍ അവർ ഇട്ടിട്ടു പോവും. കേന്ദ്രം പറയുന്ന നിബന്ധനകള്‍ കേരളം നടപ്പാക്കിക്കഴിഞ്ഞതാണ്. അതിനാല്‍ നമുക്ക് പിഎം ശ്രീ വേണ്ടതില്ല. നമുക്ക് തന്നുകൊണ്ടിരിക്കുന്ന എസ്എസ്‌കെ ഫണ്ട് തന്നാല്‍ മതി. അതുപ്രകാരം തന്നെ നമുക്ക് 1,440 കോടി രൂപ കിട്ടാനുണ്ട്. പക്ഷേ അവരത് തരുന്ന ലക്ഷണം കാണുന്നില്ല. അതിന് കോടതി മുഖാന്തരമോ മറ്റേതെങ്കിലും മാര്‍ഗമോ നോക്കണം.
കേരളത്തിന് അര്‍ഹതപ്പെട്ട പണം പിടിച്ചുവയ്ക്കാന്‍ കേന്ദ്രത്തിന് ഒരു ന്യായവുമില്ല.
അതെ. ജനാധിപത്യ വിരുദ്ധമായ നടപടിയാണത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലെ കുട്ടികളുടെ പണമാണ്. അതിന് വലിയ തിരിച്ചടി അവര്‍ക്കുണ്ടാകും. കേരളം ദേശീയ പഠനനേട്ട സൂചികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ തന്നെ അവര്‍ക്ക് വലിയ വിഷമം ഉണ്ടായിക്കാണുമല്ലോ, കൊടുക്കാത്തത് മോശമായിപ്പോയി എന്ന് തോന്നല്‍ ഉണ്ടായിക്കാണുമല്ലോ. ഗുജറാത്തിലെ, അല്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ കുട്ടിയെയും കേരളത്തിലെ കുട്ടിയെയും ഒരേ കണ്ണുകൊണ്ട് കാണാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ആകര്‍ഷകമായി തുടരുന്നു.
മുമ്പത്തെപ്പോലെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കില്ല. കണക്കെടുപ്പില്‍ അധികമായി അണ്‍ എയ്ഡഡ് സ്‌കൂളിലേക്ക് പോയിട്ടുള്ളത് ഒരു കുട്ടി മാത്രമാണ്. ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ക്ക് അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാഭ്യാസം അന്തസിന്റെ പ്രശ്നമാണ്. അവിടങ്ങളില്‍ ലക്ഷങ്ങള്‍ തലവരിപ്പണമായും ഫീസ് ആയും കൊടുക്കേണ്ടിവരുന്നു. കഴിഞ്ഞ ദിവസം ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു, കേരള വിദ്യാഭ്യാസ നിയമവും ചട്ടവും അനുസരിച്ച് അങ്ങനെ കാശ് വാങ്ങാന്‍ പാടില്ല, എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല എന്നൊക്കെ.
അതെല്ലാം ശക്തമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ.
മെല്ലെ മെല്ലെ നോക്കണം...
തിരഞ്ഞെടുപ്പ് വര്‍ഷം വരികയാണല്ലോ
ഇത് തിരഞ്ഞെടുപ്പ് കാര്യം മാത്രമല്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സര്‍ക്കാരും എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളും ചേര്‍ന്നതാണല്ലോ. അതിനാല്‍ ഒറ്റയടിക്ക് നടപ്പാക്കാന്‍ പറ്റില്ല. ബോധവല്‍ക്കരണം നടത്തി മെല്ലെ മെല്ലെ നടപ്പാക്കേണ്ടതാണ്.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകനിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി എന്ത് ഉത്തരവിട്ടാലും സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യം അനുസരിച്ചല്ലേ നടപ്പാക്കാന്‍ സാധിക്കൂ? അല്ലെങ്കില്‍ അതിനുള്ള സാമ്പത്തികം എങ്ങനെ കണ്ടുപിടിക്കും എന്നുകൂടി കോടതി നിര്‍ദ്ദേശിക്കേണ്ടിവരും. ഇന്ന് നമ്മുടെ സാമ്പത്തികസ്ഥിതി വളരെ മോശമാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായം തീരേയില്ല. ഈ സാഹചര്യത്തില്‍ നമ്മള്‍ മുന്നോട്ടു പോകുന്നതു തന്നെ അത്ഭുതമാണ്.
കഴിഞ്ഞ നാലുവര്‍ഷം കേരളത്തിന്റെ വിദ്യാഭ്യാസമേഖല അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ട്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ട് പിടിച്ചു വെക്കുന്നതല്ലാതെ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലായിരുന്നു. അതനുസരിച്ചുള്ള പണം കേരള സര്‍ക്കാര്‍ തരുന്നുണ്ടായിരുന്നു. കേന്ദ്രഫണ്ടില്‍ 1,500 കോടിയോളം രൂപ കുറയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകളേ ഉണ്ടായുള്ളൂ.
മത, വര്‍ഗീയ ശക്തികള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയതോതില്‍ കൈ കടത്തുകയാണെന്ന് തോന്നുന്നുണ്ടോ.
അങ്ങനെ കൈകടത്തുന്നൊന്നുമില്ല. 1957 മുതല്‍ കേരളത്തില്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്ളതാണ്, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും അവിടെയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ രണ്ടാം സ്ഥാനത്തേ ഉള്ളൂ.
സ്‌കൂളിലെ പ്രാര്‍ഥന മതേതരമാക്കണമെന്ന് അങ്ങ് അഭിപ്രായപ്പെട്ടത്.
വ്യത്യസ്ത മതവിഭാഗങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ അതത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാര്‍ഥനകള്‍ നടത്തുന്ന രീതിയുണ്ട്. അത് മറ്റ് മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുകയാണ്, അവര്‍ക്കത് ഇഷ്ടമാകണമെന്നില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മതേതര ഗാനം പോലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു ചടങ്ങില്‍ പാടുന്നതിന് വേണ്ടി ഈശ്വരപ്രാര്‍ത്ഥന അല്ലാത്ത ഒരു പൊതുഗാനം വരുന്നത് നല്ലതാണെന്ന് ഞാന്‍ പറഞ്ഞു. അതിനെപ്പറ്റി ചര്‍ച്ചയാകാം അത്രയേ ഉള്ളൂ. ഞാന്‍ പറഞ്ഞത് മുന്നണിയുടെയും സര്‍ക്കാരിന്റെയും തീരുമാനമല്ല. വ്യക്തിപരമായ അഭിപ്രായമാണ്
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സൂംബ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇത്തിരി പിറകോട്ട് വന്നോ.
സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. മുന്നോട്ട് തന്നെയാണ്.
വിട്ടുകൊടുക്കുന്ന പ്രശ്നമില്ല...
ഇല്ല. ഞാന്‍ പറഞ്ഞല്ലോ. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. നയപരമായ കാര്യങ്ങളില്‍ വേറെയാരും കൈകടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് അതിനുള്ള അധികാരം. സര്‍ക്കാരിന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച ചെയ്യാം. ജനാധിപത്യമാണല്ലോ.
പ്രതിപക്ഷം പറയുന്നത് അവരെ വിശ്വാസത്തില്‍ എടുക്കാതെയാണ് സൂംബ കൊണ്ടുവന്നതെന്നാണ്.
അങ്ങനെ വിശ്വാസത്തില്‍ എടുത്തു കൊണ്ടൊന്നും ആര്‍ക്കും ഒരു കാര്യവും കൊണ്ടുവരാന്‍ കഴിയുകയില്ല. അതും ശരി ഇതും ശരി എന്നും പറഞ്ഞു നമുക്കൊരു കാര്യവും ചെയ്യാന്‍ കഴിയില്ല. ഒരു ശരി മാത്രമേ ഉണ്ടാവൂ.
ഭാരതാംബ പ്രശ്നത്തില്‍ രാജ്ഭവനില്‍ നിന്നും ഇറങ്ങിപ്പോയത് പെട്ടെന്ന് എടുത്ത തീരുമാനമാണോ അതോ ആലോചിച്ചെടുത്തതോ.
അത് ഓണ്‍ ദി സ്പോട്ട് തീരുമാനമായിരുന്നു. ഒരു വനിത, ഒരു സഹോദരി ആര്‍എസ്എസിന്റെ പതാകയും പിടിച്ച് കൊണ്ടുള്ള ചില്ലിട്ട പടത്തിന്റെ മുന്നില്‍ വിളക്കും കൊളുത്തി വച്ച് ഗവര്‍ണര്‍ തൊഴുതു പൂജിക്കുന്ന കണ്ടാല്‍ നമുക്കൊന്നും അവിടെ നില്‍ക്കാന്‍ പറ്റില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്, ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനെ സംബന്ധിച്ചിടത്തോളം ഒട്ടും പറ്റില്ല. അതുകൊണ്ട് കാര്യം പറഞ്ഞശേഷം ജനാധിപത്യപരമായി വാക്കൗട്ട് നടത്തി. അത് പ്രോട്ടോകോള്‍ ലംഘനമൊന്നുമല്ല.
അവര്‍ പറയുന്നത് സ്വാതന്ത്ര്യം കിട്ടുംമുമ്പ് ഉള്ള ഒരു സങ്കല്‍പമാണ് ഭാരതമാതാവ് എന്നാണ്.
ഏതെങ്കിലും ഒരു പഞ്ചായത്തെങ്കിലും ഇതു സംബന്ധിച്ച അങ്ങനെ ഒരു തീരുമാനമെടുത്തിട്ടുണ്ടോ? അവര്‍ തന്നെ അതില്‍ നിന്നും പിന്നോട്ട് പോയല്ലോ.
ആരിഫ് മുഹമ്മദ് ഖാന്‍ മാറി രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി വന്നപ്പോള്‍ വന്ന മാറ്റം.
രണ്ടുപേര്‍ക്കും ഒരേ നിലപാടാണ്, ശൈലികള്‍ രണ്ടെന്നു മാത്രം. രണ്ടുപേരും എടുത്തിട്ടുള്ളത് ഇടതുസര്‍ക്കാരിന് വിരുദ്ധമായ ജനാധിപത്യവിരുദ്ധമായ നടപടികളാണ്. രണ്ടുരീതിയില്‍ ആ കാര്യങ്ങള്‍ നടപ്പാക്കാന്‍ നോക്കുന്നു എന്ന് മാത്രം.
മന്ത്രിയായി നാലുവര്‍ഷം കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പില്‍ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പ്രധാനപ്പെട്ട ഒരു കാര്യം 5,000 കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതാണ്. പുതിയ ഐടിഐകള്‍ ആരംഭിച്ചു. തൊഴില്‍ മേഖലയില്‍ നിരവധി സ്ഥാപനങ്ങളില്‍ മിനിമം വേതനം കൊണ്ടുവന്നു. നോക്കുകൂലിക്ക് പരിഹാരം കൊണ്ടുവരാന്‍ സാധിച്ചു.
നോക്കുകൂലിക്ക് പരിഹാരമായോ?
ഇപ്പോള്‍ അങ്ങനെയില്ല. അത്യപൂര്‍വമായി ഏതെങ്കിലും പ്രദേശത്ത് ഉണ്ടെങ്കിലേ ഉള്ളൂ. ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍തന്നെ നടപടി സ്വീകരിക്കും. സബ്ജക്റ്റ് മിനിമം കൊണ്ടുവന്നു. ഗുണമേന്മാ വിദ്യാഭ്യാസം കൊണ്ടുവന്നു. പത്തു വര്‍ഷത്തിനു ശേഷം ആദ്യമായി മൂന്നുകോടി 80 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കൃത്യസമയത്ത് സ്‌കൂളുകളില്‍ എത്തിച്ചു, പുതിയ പാഠപുസ്തകം തയ്യാറാക്കി, യൂണിഫോം കൃത്യസമയത്ത് സ്‌കൂളുകളിലെത്തിച്ചു, കൃത്യമായി പരീക്ഷകള്‍ നടത്തി, സമയത്ത് പരീക്ഷാഫലം പ്രഖ്യാപിച്ചു, പ്ലസ് വണ്‍ പഠിക്കുന്നതിനുള്ള അവസരം പരാതികളില്ലാത്ത രീതിയില്‍ നടപ്പിലാക്കി, ജെന്‍ഡര്‍ ന്യൂടല്‍ യണിഫോം, മിക്സഡ് സ്‌കൂളുകള്‍... അങ്ങനെ ഒരുപാടുണ്ട്. ഐക്യകേരള രൂപീകരണത്തിന് ശേഷം വിദ്യാഭ്യാസരംഗത്തു ഇത്രയധികം പരിഷ്‌കാരങ്ങള്‍ നടന്ന കാലഘട്ടം ഉണ്ടായിട്ടില്ല. ഭരണകാലയളവ് അവസാനിക്കും മുമ്പ് ചെയ്തുതീര്‍ക്കാന്‍ കുറച്ചു പ്രധാന കാര്യങ്ങള്‍ കൂടി ബാക്കിയുണ്ട്.
വിദ്യാര്‍ത്ഥി നേതാവായി തെരുവില്‍ സമരങ്ങള്‍ നയിക്കുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത കാലത്ത് എന്തെങ്കിലും വിദ്യാഭ്യാസ മന്ത്രിയാകുമെന്ന് ആലോചിച്ചിട്ടുണ്ടോ.
നമ്മുടെ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒന്നും ആവുമെന്ന് ആലോചിച്ചിട്ടില്ല. അങ്ങനെ ആലോചിച്ചുകൊണ്ട് പാര്‍ട്ടിയിലേക്ക് വരാനും പറ്റില്ല. അന്നത്തെ കാലഘട്ടം അങ്ങനെയായിരുന്നു. ഇന്ന് പാര്‍ട്ടിയില്‍ വരുന്നവര്‍ക്ക് അങ്ങനെയുള്ള ചിന്താഗതി ഉണ്ടോയെന്ന് എനിക്കറിയില്ല. അന്നൊക്കെ ഒരു തത്വത്തിന്റെ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. ജനങ്ങളും പാര്‍ട്ടിയും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം തന്നെ നിഷ്പക്ഷമായും അഴിമതിരഹിതമായും നന്നായും നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉറച്ച വിശ്വാസമുണ്ട്. ഏറ്റവും അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയുന്നത് അഴിമതിരഹിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എന്നുള്ളതാണ്.
സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ താങ്കളുടെ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠകള്‍ ഉണ്ടായിരുന്നു.
അന്നെനിക്കൊരു ഹൃദയാരോഗ്യ പ്രശ്നമുണ്ടായിരുന്നു. അതു കഴിഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ
പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. അതു ചര്‍ച്ച ചെയ്യാന്‍ സമയമൊന്നും ആയില്ലല്ലോ.
താങ്കള്‍ മന്ത്രിയായ സമയത്ത് നിരവധി ട്രോളുകള്‍ ഉണ്ടായിരുന്നു അതിനെ എങ്ങനെയാണ് കാണുന്നത്. വിഷമമുണ്ടായിട്ടുണ്ടോ?
എനിക്ക് അങ്ങനെയൊന്നുമില്ല. ഞാന്‍ ഇതെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്.
കെ.എം മാണിയുടെ ബജറ്റവതരണ ദിവസത്തെ പ്രതിഷേധമാണ് ട്രോളില്‍ മുഖ്യം.
അതൊക്കെ ഒരു രാഷ്ട്രീയ നിലപാട്. എന്ന നിലയില്‍ ആരുടെയും മുഖം നോക്കാതെ ചെയ്യുന്ന കാര്യമല്ലേ. ചിലര്‍ എല്ലാവരുടെ മുന്നിലും നല്ലപിള്ള ചമയും. എന്നെ സംബന്ധിച്ചിടത്തോളം പ്രതിച്ഛായക്കെന്തു മങ്ങലേറ്റാലും രാഷ്ട്രീയത്തില്‍ എന്റെ പാര്‍ട്ടിയും എന്റെ മുന്നണിയും എടുക്കുന്ന തീരുമാനം നടപ്പാക്കുക എന്ന നിലപാടാണ്. ആ നിലപാടിന് ഇന്നുവരെ ഒരു പരാജയവും സംഭവിച്ചിട്ടില്ല.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായിരുന്നല്ലോ. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം.
കുറെക്കൂടെ മെച്ചമായാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. ഇന്നു കൂടുതല്‍ ഫണ്ടുണ്ട്, ഇടതുമുന്നണിക്ക് കുറച്ചുകൂടി നല്ല ഭൂരിപക്ഷം ഉണ്ട്. ഞാന്‍ മേയറായിരുന്ന അഞ്ചുവര്‍ഷം ഭൂരിപക്ഷമില്ലായിരുന്നു.
കഴിഞ്ഞയാഴ്ച സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ തൃക്കരിപ്പൂരില്‍ ഒരു പ്രസംഗം നടത്തി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തി, കുടുംബബന്ധങ്ങളെ ബാധിക്കേണ്ടതില്ല എന്ന്. രാഷ്ട്രീയത്തിന്റെ പേരില്‍ കടുത്ത പീഡനമേറ്റ് വാങ്ങിയവര്‍ക്ക് ഈ ലൈന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമോ
വ്യക്തിബന്ധങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ട എന്നത് നല്ല വിശാലമായചിന്താഗതിയാണ്. രാഷ്ട്രീയം രാഷ്ട്രീയമാണ്, അതുപോലെ തന്നെ സുഹൃദ്ബന്ധവും. രാഷ്ട്രീയത്തിന്റെ പേരില്‍ തല്ലു കൊള്ളുന്നതും പാര്‍ട്ടിക്കാരനല്ലാത്ത ഒരാളുമായി സൗഹൃദം ഉണ്ടാവുന്നതും രണ്ടും രണ്ടു തന്നെയാണ്. ആധുനിക കാലഘട്ടത്തില്‍ സ്നേഹബന്ധങ്ങള്‍ക്കും സൗഹൃദത്തിനും വലിയ സ്ഥാനമുണ്ട്.
മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാവുമോ.
ഉറപ്പായും ഉണ്ടാവും
നിലമ്പൂരിലെ തിരിച്ചടി
അത് ഞങ്ങളുടെ, ഇടതുമുന്നണിയുടെ മണ്ഡലമൊന്നുമല്ലല്ലോ.
Content Highlights: Kerala`s Education Minister V. Sivankutty discusses his tenure`s successes, challenges, and controve
Published: 05 Jul 2025, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented